രാജ്യത്തെ പ്രഥമ സംയുക്തസൈനിക മേധാവി ജനറൽ ബിപിൻ റാവത്തുൾപ്പെടെ 13 പേരുടെ മരണത്തിനിടയാക്കിയ അപകടവുമായി ബന്ധപ്പെട്ട് വ്യോമസേന അന്വേഷണം ആരംഭിച്ചു. വ്യോമസേനാ ഉദ്യോഗസ്ഥർ അപകടസ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചു.
വിംഗ് കമാന്റർ ഭരദ്വാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ബുധനാഴ്ച ഉച്ചയ്ക്ക് 12:20ന് തമിഴ്നാട്ടിൽ ഊട്ടിക്കു സമീപം കൂനൂരിലെ കട്ടേരി ഫാമിനു സമീപത്തായാണ് അപകടം നടന്നത്.
കനത്ത മൂടൽമഞ്ഞ് ആയിരുന്നതിനാൽ കോപ്റ്ററിന്റെ ചിറക് മരത്തിൽ ഇടിച്ച് അപകടം ഉണ്ടായതാകാമെന്നാണു പ്രാഥമിക നിഗമനം. താഴ്ന്നുപറന്ന ഹെലികോപ്റ്റർ മരത്തിൽ ഇ ടിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞുവെന്നു റിപ്പോർട്ടുണ്ട്.
മൃതദേഹങ്ങളിൽ പലതും തിരിച്ചറിയാൻ കഴിയാത്തവിധം കത്തിക്കരിഞ്ഞു. ഉരുകിയൊലിച്ച ലോഹഭാഗങ്ങൾക്കിടയിൽനിന്ന് മരങ്ങൾക്കിടയിലൂടെ ശ്രമകരമാ യാണ് മൃതദേഹങ്ങൾ പുറത്തേക്കു കൊണ്ടുവന്നത്.