കോഴിക്കോട് സ്വദേശിയായ ലക്ഷ്മി കൃഷ്ണമൂര്‍ത്തി ജനിച്ചത് നാടകം, കഥകളി തുടങ്ങി കലാപാരമ്പര്യമുള്ളൊരു വീട്ടിലായിരുന്നു. ബിരുദപഠനത്തിന് ശേഷം ലക്ഷ്മി കൃഷ്ണമൂര്‍ത്തി ആഗ്രഹിച്ചത് നേഴ്‌സ് ആകാനായിരുന്നു.എന്നാല്‍ വീട്ടുകാര്‍ ആ ആഗ്രഹത്തിന് എതിര്‍പ്പ് പ്രകടിപ്പിച്ചു. ആയിരത്തിത്തൊള്ളായിരത്തി അമ്പതില്‍ തന്റെ ഇരുപത്തിരണ്ടാംവയസ്സില്‍ ലക്ഷ്മി കൃഷ്ണമൂര്‍ത്തി കോഴിക്കോട് ആകാശവാണി നിലയത്തില്‍ ജോലിക്ക് ചേര്‍ന്നു.
ആര്‍ടിസ്റ്റ് കം അന്നൗണ്‍സറായിട്ടാണ് ജോലി ചെയ്തിരുന്നത്. ആകാശവാണിയില്‍ ഉദ്യോഗസ്ഥനായ കൃഷ്ണമൂര്‍ത്തിയെ വിവാഹം ചെയ്തതിന് ശേഷം ഡല്‍ഹി ആകാശവാണി നിലയത്തിലേക്ക് സ്ഥലം മാറ്റം വാങ്ങിപ്പോയി. ഡല്‍ഹി നിലയത്തിലെ ആദ്യത്തെ മലയാളം അവതാരകയായിരുന്നു ലക്ഷ്മി കൃഷ്ണമൂര്‍ത്തി. പഞ്ചാഗ്നിയാണ് ലക്ഷ്മി കൃഷ്ണമൂര്‍ത്തി അഭിനയിച്ച ആദ്യത്തെ മലയാള സിനിമയെങ്കിലും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു കന്നഡ സിനിമയിലൂടെയായിരുന്നു നടിയുടെ അഭിനയജീവിതത്തിന്റെ തുടക്കം. മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ സംസ്‌കാര എന്ന സിനിമയിലൂടെയാണ് ലക്ഷ്മി കൃഷ്ണമൂര്‍ത്തി സിനിമയിലേക്ക് എത്തുന്നത്. മോഹന്‍ലാല്‍ നായകനായ അരവിന്ദന്‍ സംവിധാനം ചെയ്ത വാസ്തുഹാര എന്ന സിനിമയിലാണ് പിറവിയ്ക്ക് ശേഷം നടിയെ പ്രേക്ഷകര്‍ കണ്ടത്. ദേവകി എന്ന കഥാപാത്രമായിട്ടാണ് നടി അഭിനയിച്ചത്.
പൊന്തന്‍മാട, സാക്ഷ്യം, വിഷ്ണു, സാഗരം സാക്ഷി തുടങ്ങിയ സിനിമകളിലും നടി പിന്നീട് അഭിനയിച്ചു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത തൂവല്‍ക്കൊട്ടാരം സിനിമയിലെ മാധവി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ പുഴയും കടന്ന് സിനിമയിലെ മുത്തശ്ശി, മമ്മൂട്ടി നായകനായി എത്തിയ ഉദ്യാനപാലകന്‍ സിനിമയിലെ കുട്ടിമാളുവമ്മ തുടങ്ങിയ കഥാപാത്രങ്ങളും പ്രേക്ഷകര്‍ ഇപ്പോഴും ഓര്‍ത്തിരിക്കുന്ന കഥാപാത്രങ്ങളാണ്. ദിലീപ് നായകനായി എത്തിയ വിസ്മയം എന്ന സിനിമയിലെ നായികയുടെ മുത്തശ്ശി കഥാപാത്രവും പ്രേക്ഷകര്‍ മറക്കാനിടയില്ല. പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച പട്ടാഭിഷേകം സിനിമയിലെ കഥാപാത്രവും ലക്ഷ്മി കൃഷ്ണമൂര്‍ത്തി അവതരിപ്പിച്ച മികച്ച കഥാപാത്രങ്ങളിലൊന്നാണ്. കളിയൂഞ്ഞാല്‍, വിസ്മയത്തുമ്പത്ത്, മാണിക്യന്‍, അന്തിപ്പൊന്‍വെട്ടം തുടങ്ങിയ സിനിമകളിലും നടി പിന്നീട് അഭിനയിച്ചു. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത അനന്തഭദ്രം സിനിമയിലെ മുത്തശ്ശി കഥാപാത്രവും നടി മികച്ചതാക്കി. കേശു എന്ന സിനിമയിലാണ് ലക്ഷ്മി കൃഷ്ണമൂര്‍ത്തി അവസാനമായി അഭിയിച്ചത്. രണ്ടായിരത്തി പതിനെട്ടില്‍ മുത്തശ്ശി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ അനശ്വരയായ കലാകാരി നമ്മോട് വിടപറഞ്ഞു.