ഒമിക്രോണ്‍ വൈറസിന്റെ പ്രാഥമിക പരീക്ഷണ ഫലങ്ങള്‍ പുറത്തുവന്നു. സൗത്ത് ആഫ്രിക്കന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ നടത്തിയ പഠനം അനുസരിച്ച് ഒമിക്രോണ്‍ വൈറസിന്റെ മരണനിരക്ക് ഡെല്‍റ്റ വകഭേദത്തെക്കാള്‍ കുറവാണ്. ഒമിക്രോണ്‍ ബാധിച്ചവരില്‍ ഓക്‌സിജന്‍ നല്‍കേണ്ടി വരുന്ന രോഗികളുടെ എണ്ണം മുന്‍ വകഭേദങ്ങളെക്കാള്‍ കുറവ് ആണെന്നും പഠനം പറയുന്നു. ഭൂരിപക്ഷം രോഗികളിലും വളരെ നേരിയ ലക്ഷണങ്ങള്‍ മാത്രമാണുണ്ടാകുന്നത്. ഒമിക്രോണ്‍ വൈറസിനെതിരെ ഇപ്പോഴുള്ള വാക്സിനുകള്‍ പൂര്‍ണ്ണ പരാജയം ആകില്ലെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കുന്നു.
രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ കുട്ടികളുടെ കാര്യത്തില്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യ വിദഗ്ധര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. മാതാപിതാക്കള്‍ നിര്‍ബന്ധമായും വാക്‌സീന്‍ സ്വീകരിച്ചിരിക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇതിനിടെ ഘാനയെയും ടാന്‍സാനിയയെയും ഉള്‍പെടുത്തി ഹൈ റിസ്‌ക് രാജ്യങ്ങളുടെ പട്ടിക കേന്ദ്ര സര്‍ക്കാര്‍ പുതുക്കി ഇറക്കി. വിദേശത്തു നിന്ന് മഹാരാഷ്ട്രയില്‍ എത്തിയ 120 പേരെ മുംബൈയില്‍ കണ്ടെത്താനാകാത്തത് ആശങ്കക്കിടയാക്കിയിട്ടുണ്ട്.