MovieNEWS

എം.ടി.-ഫഹദ്-മഹേഷ് നാരായണന്‍ ചിത്രം ‘ഷെര്‍ലക്ക്’; ഫഹദിന്റെ സഹോദരിയായി നാദിയാ മൊയ്തു, ജനുവരിയില്‍ ഷൂട്ടിംഗ് കാനഡയില്‍ തുടങ്ങും

എം.ടി. വാസുദേവന്‍നായരുടെ പ്രശസ്തമായ ചെറുകഥകളിലൊന്നാണ് ഷെര്‍ലക്ക്. ഷെര്‍ലക്ക് ഒരു പൂച്ചയുടെ പേരാണ്.
തൊഴില്‍ തേടിയാണ് ബാലു അമേരിക്കയിലുള്ള ചേച്ചിയുടെ വീട്ടിലെത്തിയത്. അവിടെ ചേച്ചിയും ഭര്‍ത്താവും കൂടാതെ ഷെര്‍ലക്ക് എന്ന അവരുടെ വളര്‍ത്തുപൂച്ച കൂടി ഉണ്ടായിരുന്നു. ചേച്ചിയുടെ ഭര്‍ത്താവ് എപ്പോഴും ബിസിനസ്സ് ടൂറിലായിരിക്കും. രാവിലെ ചേച്ചിയും ജോലിക്ക് പോകും. പിന്നെ ആ വീട്ടില്‍ ബാലുവും ഷെര്‍ലക്കും മാത്രമേ ഉണ്ടാവൂ. ഇടയ്‌ക്കെപ്പോഴോ ഷെര്‍ലക്ക് തന്റെ ജീവിതത്തിന് തടസ്സമാകുന്നു എന്നൊരു തോന്നല്‍ ബാലുവിന് ഉണ്ടാകുന്നത് മുതല്‍ക്കാണ് പ്രശ്‌നങ്ങളുടെയും തുടക്കം.

ബാലുവിനെ അവതരിപ്പിക്കുന്നത് ഫഹദ് ഫാസിലാണ്. പെങ്ങളായി നാദിയാ മൊയ്തുവും അഭിനയിക്കുന്നു. ഫഹദും നാദിയയും ഇതാദ്യമായിട്ടാണ് സിനിമയില്‍ ഒന്നിക്കുന്നത്. എം.ടിയുടെ മനോഹരമായ തിരക്കഥ അഭ്രപാളികളില്‍ എത്തിക്കുന്നത് മഹേഷ് നാരായണനാണ്. ഈ പടത്തിന്റെ ഷൂട്ടിംഗിനായി അടുത്ത മാസം ആദ്യം കാനഡയിലേയ്ക്ക് പുറപ്പെടാനിരിക്കുകയാണ് മഹേഷും സംഘവും.

ഷെര്‍ലക്കിലേയ്ക്ക് കരാര്‍ ചെയ്യപ്പെട്ടതിനുശേഷം ഫഹദ്, എം.ടി. വാസുദേവന്‍ നായരെ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി കണ്ടിരുന്നു. ലോക സിനിമയും സാഹിത്യവുമടക്കം ചര്‍ച്ചാവിഷയങ്ങളായി. മൂന്നു മണിക്കൂറോളം ആ കൂടിക്കാഴ്ച നീണ്ടു. അതിനുശേഷമാണ് ഫഹദ് എം.ടിയോട് യാത്ര പറഞ്ഞിറങ്ങിയത്. എം.ടിയുടെ പത്ത് ചെറുകഥകളെ അധീകരിച്ച് ഒരുങ്ങുന്ന പത്ത ചലച്ചിത്രങ്ങളില്‍ ഒന്നുകൂടിയാണ് ഷെര്‍ലക്ക്. നെറ്റ്ഫ്‌ളിക്‌സിനാണ് നിര്‍മ്മാണാവകാശം.

Back to top button
error: