ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ട് രാത്രിയിൽ തമിഴ്നാട് വീണ്ടും തുറന്നു. എട്ട് ഷട്ടറുകളാണ് തുറന്നത്. രാത്രിയിൽ നാലും രാവിലെ നാലുമായി എട്ടു ഷട്ടറുകൾ തുറന്നു.
ഇതോടെ തുറന്ന ഷട്ടറുകളുടെ എണ്ണം ഒൻപതായി. 60 സെന്റിമീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നത്. അണക്കെട്ടിലെ ജലനിരപ്പ് 141 അടി കവിഞ്ഞതോടെയാണ് ഷട്ടറുകൾ തുറന്നത്. നിലവിൽ 141.90 അടിയാണ് ജലനിരപ്പ്.
സെക്കൻഡിൽ 7,141 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. അതേ സമയം മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്നും രാത്രി കാലങ്ങളിൽ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിടുന്നതിനെതിരെ കേരളം സുപ്രീം കോടതിയിലേക്ക്. സുപ്രീം കോടതിയുടെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് ബുധനാഴ്ച പുതിയ അപേക്ഷ നൽകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ ഡാം തുറന്നതോടെ പെരിയാർ തീരത്തെ മഞ്ചുമല, കടശിക്കോട് എന്നിവിടങ്ങളിലെ വീടുകളില്‍ വെള്ളം കയറിയിരുന്നു. രാത്രി കാലങ്ങളില്‍ മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ തുറക്കുന്നത് പതിവായതിനാല്‍ കിടന്നുറങ്ങാന്‍ പോലും ഭയമാണെന്ന് പ്രദേശവാസികള്‍ പറയുന്നു.