KeralaNEWS

വെള്ളം കുതിച്ചെത്തി; തുണയായത് നാട്ടുകാർ

പ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലിൽ തുണയായത് നാട്ടുകാർ.ഇന്നലെ വൈകുന്നേരം മണ്ണീറ നിവാസികളെ പരിഭ്രാന്തിയിലാക്കി നാലരയോടെ തലമാനത്ത് നിന്ന് തോട്ടിലൂടെ വെള്ളം ഇരച്ചെത്തുകയായിരുന്നു. തലമാനം വനത്തിൽ ഉരുൾ പൊട്ടലുണ്ടായതാകാമെന്ന് നാട്ടുകാർ സംശയിക്കുന്നു.എന്നാൽ കഴിഞ്ഞ ദിവസങ്ങളിലൊന്നും ഇവിടെ കാര്യമായ മഴയില്ലായിരുന്നു.
കുളിക്കാനും വസ്ത്രം കഴുകാനുമായി തോട്ടിൽ എത്തിയവർ ഇരമ്പലോടെ വെള്ളം എത്തുന്നതു കണ്ട് ഓടിക്കയറുകയായിരുന്നു. പല ഭാഗങ്ങളിലും തോട് കര കവിഞ്ഞ് ഒഴുകി. മണ്ണീറ മീൻമുട്ടി വെള്ളച്ചാട്ടത്തിൽ തോടിന്റെ കരകളിലേക്ക് വെള്ളം കയറി ഒഴുകി. മണ്ണീറ തോട് കല്ലാറ്റിലേക്ക് ചേരുന്ന അടവി കുട്ടവഞ്ചി സവാരി കടവിലും ജലനിരപ്പ് ഉയർന്നു. തോട്ടിലൂടെ വെള്ളം ഇരമ്പിയെത്തുന്ന വിവരം തലമാനം നിവാസികൾ ഉടൻ തന്നെ കുട്ടവഞ്ചി സവാരി കേന്ദ്രത്തിലും മണ്ണീറ വെള്ളച്ചാട്ടത്തിന്റെ സമീപവാസികളെയും ഫോണിൽ അറിയിച്ചതിനാൽ ഒഴിവായത് വൻ അപകടമാണ്.ഇതേത്തുടർന്ന് വൈകിട്ട് അഞ്ചിന് ശേഷം കുട്ടവഞ്ചി സവാരി നിർത്തിവച്ചു. വെള്ളച്ചാട്ടത്തിലും സമീപ ഭാഗങ്ങളിലും ഉണ്ടായിരുന്ന സഞ്ചാരികളെ സമീപവാസികൾ വിവരമറിയിച്ച് മാറ്റുകയായിരുന്നു.

Back to top button
error: