IndiaLead NewsNEWS

ഒമിക്രോണ്‍ സാധാരണയെക്കാള്‍ അഞ്ചിരട്ടി വ്യാപനശേഷി; മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല, സ്ഥിതി രൂക്ഷമാകില്ലെന്ന് വിദഗ്ധര്‍

ന്യൂഡല്‍ഹി: ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനശേഷി സാധാരണയെക്കാള്‍ അഞ്ചിരട്ടിയാണെങ്കിലും മരണം ഇതുവരെ സ്ഥിരീകരിക്കാത്തത് ആശ്വാസകരമാണ്. ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നവരുടെ എണ്ണവും താരതമ്യേന കുറവാണ്. എങ്കിലും വ്യാപനത്തിന്റെ രീതി വ്യക്തമായി മനസ്സിലാക്കാന്‍ ഏതാനും ആഴ്ചകള്‍ കൂടി കാത്തിരിക്കേണ്ടി വരുമെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യ ഉള്‍പ്പെടെ നാല്‍പതിലേറെ രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ചിലയിടത്തു സമൂഹവ്യാപനമായി മാറുകയും ചെയ്തു. എന്നാല്‍ ആഗോളതലത്തില്‍ ഒമിക്രോണ്‍ മൂലം മരണമില്ല. യൂറോപ്പിലും ആഫ്രിക്കയിലും ഉള്‍പ്പെടെ അടുത്ത ഏതാനും മാസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്‌തേക്കാവുന്ന കേസുകളില്‍ പകുതിയിലധികവും ഒമിക്രോണ്‍ വഴിയാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും ലോകാരോഗ്യ സംഘടന നല്‍കിയിട്ടുണ്ട്.

ഇന്ത്യയില്‍ ഒമിക്രോണ്‍ കോവിഡിന്റെ മൂന്നാം തരംഗം സൃഷ്ടിക്കാമെങ്കിലും മുന്‍ തരംഗങ്ങളിലേതു പോലെ സ്ഥിതി രൂക്ഷമാക്കില്ലെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. ശക്തമായ തരംഗം വന്നാല്‍ പോലും ഓക്‌സിജന്‍ സിലിണ്ടറുകളുടെ ലഭ്യതയും ആശുപത്രിയിലെ സജ്ജീകരണങ്ങളും ഉറപ്പുവരുത്തിയാല്‍ തന്നെ ഗുരുതരാവസ്ഥ ഒഴിവാക്കാന്‍ കഴിയുമെന്നുമാണ് വിലയിരുത്തല്‍.

Back to top button
error: