ക്ലബ്ഫൂട്ട് രഹിത കേരളത്തിനായി സംസ്ഥാന ആരോഗ്യ വകുപ്പ് അന്താരാഷ്ട്ര കോൺഫറൻസ് സംഘടിപ്പിക്കുന്നു. ലോകാരോഗ്യ സംഘടന, യൂണിസെഫ്, സിഡിസി കേരള, ക്യൂർ ഇന്ത്യ എന്നിവയുടെ സഹകരണത്തോടെയാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത്. ഡിസംബർ 6ന് രാവിലെ 11 മണിക്ക് ഓൺലൈൻ വഴി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. രണ്ട് സെഷനുകളായാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത്. രണ്ടാമത്തെ സെഷനിൽ വൈകിട്ടു നാലിന് മന്ത്രി വീണാ ജോർജ് അഭിസംബോധന ചെയ്ത് സംസാരിക്കും. ഇന്ത്യയിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള വിദഗ്ധർ കോൺഫറൻസിൽ പങ്കെടുക്കും. ആരോഗ്യ പ്രവർത്തകർക്കും ഡോക്ടർമാർക്കും വേണ്ടി ശിൽപശാലയും ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.
ക്ലബ്ഫൂട്ട് മൂലം ഉണ്ടാകാനിടയുള്ള ഭിന്നശേഷിയിൽ നിന്നു കുഞ്ഞുങ്ങളെ രക്ഷിക്കാനാണ് ഇത്തരമൊരു സെമിനാർ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കുട്ടികളിൽ ജൻമനാ കാലുകൾക്ക് ഉണ്ടാകുന്ന വൈകല്യമാണ്ക്ലബ് ഫൂട്ട്. ജനിക്കുന്ന 1000 കുഞ്ഞുങ്ങളിൽ ഒന്നോ രണ്ടോ പേർക്ക് ക്ലബ് ഫൂട്ട് കണ്ടുവരാനുള്ള സാധ്യതയുണ്ട്. ഈ വൈകല്യമുള്ള കുട്ടികളിൽ കാലിന്റെ പാദം ഉള്ളിലേക്ക് തിരിഞ്ഞ് മടങ്ങിയിരിക്കും. ശരിയായി ചികിത്സിച്ചില്ലെങ്കിൽ കുട്ടികൾ വലുതായി നടക്കുമ്പോൾ ഭിന്നശേഷിയുണ്ടാക്കും. അതിനാൽ തന്നെ കുട്ടി ജനിച്ചു കഴിയുമ്പോൾത്തന്നെ കാലുകൾക്ക് എന്തെങ്കിലും വൈരൂപ്യമുണ്ടോ എന്നു നോക്കി, സംശയമുണ്ടെങ്കിൽ ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും മന്ത്രി വ്യക്തമാക്കി.
കുട്ടി ജനിച്ചയുടൻ ക്ലബ് ഫൂട്ടിന്റെ ചികിത്സ തുടങ്ങേണ്ടതാണ്. കാലുകളിൽ പ്ലാസ്റ്ററിട്ടാണ് ചികിത്സ ആരംഭിക്കുന്നത്. കുട്ടിയുടെ കാലുകൾ വളർന്നു കൊണ്ടിരിക്കുന്നതിനാൽ ഓരോ ആഴ്ചയിലും പുതിയ പ്ലാസ്റ്റർ ഇടണം. തുടർന്ന് നാലു വയസു വരെ കാലിൽ ബ്രേസ് ഇടണം. തുടർ ചികിത്സയും ആവശ്യമാണ്. ഇതിലൂടെ ക്ലബ് ഫൂട്ടിൽ നിന്നും കുട്ടിയെ രക്ഷിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.