തീപിടുത്തത്തെ തുടർന്ന് എൻജിൻ തകരാറിലായ എംവി കവരത്തി എന്ന കപ്പൽ കടലിൽ കുടുങ്ങി പോയ വിവരമറിഞ്ഞയുടൻ ഭാരതീയ തീര സംരക്ഷണ സേനയുടെ കവരത്തി ജില്ലാ ആസ്ഥാനം ദ്രുതഗതിയിൽ അവരുടെ സമർഥ് എന്ന കപ്പലിനെ എംവി കവരത്തിയെ സഹായിക്കാൻ രക്ഷാപ്രവർത്തന മേഖലയിലേക്ക് തിരിച്ചു വിട്ടു. 624 യാത്രക്കാരും 85 ജീവനക്കാരുമായി കവരത്തിയിൽ നിന്ന് ആൻഡ്രോത്തിലേക്കുള്ള യാത്രയിലായിരുന്ന എംവി കവരത്തിയുടെ എഞ്ചിൻ റൂമിൽ വൻ തീപിടിത്തം ഉണ്ടായതായി ലക്ഷദ്വീപ് ഡെവലപ്‌മെന്റ് കോഓപ്പറേഷൻ ലിമിറ്റഡ് മുംബൈ കോസ്റ്റ് ഗാർഡ് മാരിടൈം റെസ്‌ക്യൂ കോർഡിനേഷൻ സെന്ററിൽ അറിയിക്കുകയായിരുന്നു.
കപ്പൽ ജീവനക്കാർ തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും എൻജിൻ തകരായ കപ്പൽ കടലിൽ കുടുങ്ങി പോകുകയായിരുന്നു. തീര സംരക്ഷണ സേന കപ്പലെത്തിയെങ്കിലും എംവി കവരത്തിയുടെ രക്ഷാപ്രവർത്തനത്തിനുള്ള വാതിൽ തകരാറിലായതിനാൽ യാത്രക്കാരെ ഒഴിപ്പിക്കാൻ കഴിയുമായിരുന്നില്ല. തുടർന്ന് വലിയ കപ്പലായ കവരത്തിയെ വലിച്ചു കൊണ്ട് പോകാൻ തീര സംരക്ഷണ സേന കപ്പലിന് സാങ്കേതിക തടസങ്ങൾ ഉണ്ടായിരുന്നിട്ടും യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്തു കപ്പലിനെ വലിച്ചു കരക്കെത്തിക്കുകയായിരുന്നു.
തീര സംരക്ഷണ സേന കപ്പലിൽ തയ്യാറാക്കിയ ഭക്ഷണ പൊതികളും അവശ്യ പ്രഥമ ശുശ്രൂഷ സഹായങ്ങളും എംവി കവരത്തിക്കു ലഭ്യമാക്കുകയും എല്ലാ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി ഇന്ന്
രാവിലെ ആൻഡ്രോത്തിൽ എത്തിക്കുകയും ചെയ്തു.