KeralaNEWS

സാമ്പാറിന് അഞ്ഞൂറ് രൂപ !

സാമ്പാറിന് അഞ്ഞൂറ് രൂപ !
മുരിങ്ങക്കായ: 200 , തക്കാളി: 120, അത് വാങ്ങാൻ മാർക്കറ്റിലേക്ക് പോകുന്ന വണ്ടിക്കടിക്കുന്ന
പെട്രോള് 100 , ബാക്കി ചേരുവകളും ഗ്യാസും, കരണ്ടും എല്ലാം കൂടി കൂട്ടിക്കിഴിക്കുമ്പോ പത്തുപേർക്ക് ഒരു ദിവസത്തേക്ക് വേണ്ട സാമ്പാറിന് ഏറ്റവും കുറവ് 500 രൂപായെങ്കിലുമാവും ഇന്നത്തെ സാഹചര്യത്തിൽ !
ഒരു കമ്പ് എടുത്തിട്ടാലും ആ കമ്പ് വീണിടത്ത് കിടന്ന് കിളിർക്കുന്ന ഒരു സസ്യമാണ് മുരിങ്ങ.കേരളത്തിലെ കാലാവസ്ഥയിൽ ധാരാളമായി വളരുന്നത്.പ്രത്യേക പരിചരണമോ വളമോ ഒന്നും ആവശ്യവുമില്ല.
ഇലയും, പൂവും, കായും ഉൾപ്പടെ ഉപയോഗപ്രദം. വിറ്റാമിനുകളുടെ കലവറ.ഒരു വീട്ടിലെ ആവശ്യത്തിന് ഒരു മരം തന്നെ ധാരാളം.
തക്കാളി: കിലോ 120.
ചീഞ്ഞതെടുത്ത് മുറ്റത്തേയ്ക്കിട്ടാലും അവിടെക്കിടന്ന് കിളിർക്കുന്ന ചെടി.അടുക്കളയരികിൽ ഒരു ചെടിച്ചെട്ടിയിലോ… ചാക്കിൽ മണ്ണ് നിറച്ചോ വളർത്തിയെടുക്കാവുന്ന ഒന്ന്.ഇത്തിരി ചാരമോ ചാണകമോ വല്ലപ്പോഴും ഇട്ടുകൊടുത്താൽ മതി.ഒരു വീട്ടിലെ ആശ്യങ്ങൾക്ക് രണ്ടു മൂട് മതിയാവും.
ഇങ്ങനെ ശാരീരിക അധ്വാനം ഒട്ടും വേണ്ടാത്ത കൃഷിയാണ് പച്ചക്കറി കൃഷി.ന്നിട്ടും….. ഒരു സാമ്പാറ് വയ്ക്കണമെങ്കിലോ തോരൻ ഉണ്ടാക്കണമെങ്കിലോ പാണ്ടിലോറി വാളയാറ് ചുരമിറങ്ങുന്നതും നോക്കിയിരിക്കുന്നു നമ്മുടെ വീട്ടമ്മമാർ…. സർക്കാരിനെ തെറിവിളിച്ച് ടീവിയിൽ നോക്കിയിരുന്ന വീട്ടപ്പൻമാരും!
മറ്റൊന്നാണ് കുറച്ച് ദിവസമായി കൃഷി വകുപ്പിനെയും ഉദ്യോഗസ്ഥരെയും ആക്ഷേപിച്ചു കൊണ്ടുള്ള   സാമൂഹ്യ മാധ്യമങ്ങളിലെ എഴുത്തു”കുത്തുകൾ”.
“കേരളം മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് അരിയും പച്ചക്കറിയും വാങ്ങുന്നു, അന്യ സംസ്ഥാനങ്ങളിൽ ഒരു പ്രതിസന്ധി വന്നാൽ കേരളത്തിൽ വിലക്കയറ്റം ഉണ്ടാകുന്നു, ഇത്രയേറെ ഉദ്യോഗസ്ഥരും ഉണ്ടായിട്ടും കേരളത്തിലെ ജനങ്ങൾക്ക് ആവശ്യമുള്ള ഭക്ഷ്യ ധാന്യങ്ങളും, പച്ചക്കറികളും എന്ത് കൊണ്ട് കേരളത്തിൽ തന്നെ സ്വയം ഉത്പാദിപ്പിച്ചു കൂടാ? അതിന് സാധിക്കുന്നില്ല എങ്കിൽ കൃഷി വകുപ്പ് ഉദ്യോഗസ്ഥരെ ഒക്കെ പിരിച്ച് വിട്ടു കൂടെ..??”
എല്ലാ എഴുത്തുകളുടെയും കാതൽ ഇത്രേയുള്ളൂ. ഒറ്റ വായനയിൽ ഒരു പക്ഷെ സംഗതി ശരിയാണല്ലോ എന്ന് ഉദ്യോഗസ്ഥവൃന്ദത്തിന് വെളിയിലുള്ള ആർക്കും തോന്നിപ്പോയേക്കാം. ആരേയും കുറ്റം പറയുന്നില്ല. ഏറ്റവും ഒടുവിലായി ഉയർന്ന് കേൾക്കുന്ന ചോദ്യം ‘കൃഷിയില്ലാത്ത കേരളത്തിൽ നിങ്ങൾക്ക് എന്താണ് ഇത്ര ജോലി..??’ എന്നതാണ്. ഈ ചോദിക്കുന്നത് ഒരിക്കലും കർഷകരല്ല എന്നതാണ് ഏറ്റവും രസകരമായ കാര്യം. കാരണം ഒരു യഥാർത്ഥ കർഷകന് കൃഷി വകുപ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് അറിയാം, കൃഷിഭവനിൽ നിന്ന് ലഭിക്കുന്ന സേവനങ്ങളെ കുറിച്ച് അറിയാം, ആയത് പരമാവധി തന്റെ വരുമാന വർദ്ധവിനായി ഉപയോഗിക്കാനും അറിയാം.
സത്യത്തിൽ കൃഷി വകുപ്പ് ഏറ്റവും കൂടുതൽ ഈ നാളുകളിൽ ചെയ്യുന്ന ഒരു കാര്യം ശാസ്ത്രീയയമായ കൃഷി അറിവുകൾ കർഷകരിലേക്ക് എത്തിക്കുക എന്നതാണ്. ശാസ്ത്രീയമായി, ആത്മവിശ്വാസത്തോട് കൂടി കൃഷി ചെയ്താൽ അത് ലാഭകരമാകും എന്നത് സുനിശ്ചിതമാണ്. അങ്ങനെ കൃഷി ചെയ്ത് വിജയിച്ച ഒരുപാട് കർഷകരും സംസ്ഥാനത്ത് ഉടനീളമുണ്ട്. അവർക്ക് കൃഷിഭവനുകളുമായി ദൃഢവും സുദീർഘവുമായ ആത്മബന്ധവുമുണ്ട്.പറഞ്ഞുവന്നത് ഇതാണ് നമ്മൾ മണ്ണിൽ ഇറങ്ങി പണിതാലേ ഇവിടെ വല്ലതും മുളയ്ക്കുകയുള്ളൂ.അതിനു സഹായത്തിനുള്ളതാണ് കൃഷി വകുപ്പ്.അല്ലാതെ മണ്ണിലെ പണിക്കല്ല കൃഷിവകുപ്പ് ആളെ അവിടെ നിയോഗിച്ചിരിക്കുന്നത്.
ഈ വകുപ്പിലെ ഉദ്യോഗസ്ഥരുടെ സ്ഥിരോത്സാഹം മൂലമാണ്  50,000 ഹെക്ടറിൽ (നെൽകൃഷി ചെയ്യാത്ത പാടങ്ങളിൽ ഉൾപ്പടെ) എങ്കിലും പച്ചക്കറി കൃഷി ഇവിടെ നിലനിൽക്കുന്നത്.  അല്ലെങ്കിൽ എത്ര പണ്ടേ ഇന്നാട്ടിലെ പാടങ്ങളിൽ ഒക്കെ സാക്ഷരനും പ്രബുദ്ധനുമായ മലയാളി ബഹുനില മന്ദിരങ്ങൾ കെട്ടി പൊക്കിയേനെ..!! ആ കെട്ടിടങ്ങളിൽ ഇരുന്ന് നെൽകൃഷിയും പച്ചക്കറി കൃഷിയും പാടെ ഇല്ലാതായതിനെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ കുറിപ്പുകൾ എഴുതി, ഫോർവേർഡ് ചെയ്ത് കണ്ണുനീർ ഒഴുക്കിയേനെ..!! കൃഷി ഉദ്യോഗസ്ഥരെ വർദ്ധിത വീര്യത്തോടെ പള്ള് പറഞ്ഞേനെ..!! അത്തരമൊരു അവസ്ഥയിലേക്ക് എത്താതെ കേരളത്തിൽ ഇപ്പോഴും കൃഷി നിലനിന്നു  പോകുന്നത് ഇങ്ങനെയൊരു വകുപ്പും കുറച്ച് ജീവനക്കാരും അവിടെ ഉള്ളതുകൊണ്ട് മാത്രമാണെന്നും മനസിലാക്കുക.
 കൃഷി വകുപ്പ് കാർഷിക കേരളത്തിന് വേണ്ടി ചെയ്യുന്നതും കൃഷി വകുപ്പിന്റെ നിലവിലുള്ള പദ്ധതികൾ, പ്രവർത്തനങ്ങൾ എന്നിവയിൽ  പ്രധാനപ്പെട്ട ചിലതും താഴെ നൽകിയിരിക്കുന്നു.
1. നെൽകൃഷി വികസന പദ്ധതി
2. പച്ചക്കറി കൃഷി വികസന പദ്ധതി
3. നാളികേര വികസന കൗൺസിൽ
4. കേരഗ്രാമം
5. പയർ, കിഴങ്ങു വർഗ്ഗങ്ങളുടെ വികസന പദ്ധതി
6. സുഗന്ധ വ്യഞ്ജന വികസന പദ്ധതി
7. പ്രാദേശിക പ്രാധാന്യമുള്ള വിളകളുടെ വികസന പദ്ധതി (റാഗി, തിന, ചോളം, നിലക്കടല, എള്ള്, കരിമ്പ്)
8. ഹൈടെക് അഗ്രിക്കൾച്ചർ – ഹരിത ഗൃഹം, കൃത്യതാ കൃഷി മുതലായവ
9. പഴവർഗ്ഗങ്ങൾ, പൂക്കൾ, ഔഷധസസ്യങ്ങൾ എന്നിവയുടെ വികസന പദ്ധതി
10. മണ്ണിന്റെയും വേരിന്റെയും ആരോഗ്യപരിപാലനവും ഉത്പാദനക്ഷമത മെച്ചപ്പെടുത്തലും
11. വിള ആരോഗ്യ പരിപാലന കേന്ദ്രങ്ങൾ
12. ജൈവ കൃഷിയും ഉത്തമ കൃഷി രീതികളും (GAP)
13. ഗുണമേന്മയുള്ള നടീൽ വസ്തുക്കളുടെ ഉത്പാദനവും വിതരണവും
14. കാർഷിക വിജ്ഞാന വ്യാപനം ശക്തിപ്പെടുത്തൽ
15. മാനവശേഷി വികസനം
16. കാർഷിക സേവന കേന്ദ്രങ്ങളും, സേവന സംവിധാനവും
17. കുട്ടനാട് മേഖലയിലെ കാർഷിക വികസനത്തിനുള്ള പദ്ധതി
18. കവുങ്ങ് കൃഷിയ്ക്കുള്ള പ്രത്യേക പദ്ധതി
19. സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി
20. പ്രകൃതി ക്ഷോഭ ദുരിതാശ്വാസ ധനസഹായം
21. പ്രകൃതിക്ഷോഭങ്ങൾ അഭിമുഖീകരിക്കുന്നതിനും കീടരോഗ ബാധാ നിയന്ത്രണത്തിനുമുള്ള അടിയന്തിര പരിപാടി
22. വിപണി വികസനം
23. വില സ്ഥിരതയ്ക്ക് വേണ്ടി വിപണിയിൽ ഇടപെടൽ
24. മൂല്യ വർദ്ധനവും വിളവെടുപ്പിന് ശേഷമുള്ള പരിപാലനവും
25. ഇടുക്കി/വയനാട് ജില്ലകളുടെ പ്രളയാനന്തര കാർഷിക മേഖലാ പുനരുജ്ജീവനം.
26. കൃഷി പാഠശാല – അഗ്രോ എക്കോളജിക്കൽ യൂണിറ്റ് (എ. ഇ. യു.) അടിസ്ഥാനമാക്കിയുള്ള കൃഷി
27. പുനർജ്ജനി – പ്രളയാനന്തര കാർഷിക മേഖലയുടെ പുനസ്ഥാപനം
28. സുഭിക്ഷ കേരളം പദ്ധതി – തരിശ്ശ് ഭൂമി കൃഷി യോഗ്യമാക്കി കാർഷിക വിസ്തൃതി കൂട്ടുന്നതിനുള്ള പദ്ധതി
29. നെൽവയലുകൾക്ക് റോയൽറ്റി
30. പച്ചക്കറികൾക്ക് അടിസ്ഥാന വില സ്ഥിരതാ പദ്ധതി
ഇവയുടെയെല്ലാം ഉപ ഘടകങ്ങളും, കൂടാതെ ആത്മ പദ്ധതികൾ, സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ പദ്ധതികൾ, കേന്ദ്രാവിഷ്കൃത പദ്ധതികളായ PKVY, PMKSY, PMFBY, SMAM, PMKISAN, RKVY, BPKP മുതലായവ തുടങ്ങി വിവിധ തരം പദ്ധതികൾ കൃഷിഭവനുകൾ വഴി നടപ്പിലാക്കുന്നുണ്ട്.മാർക്കറ്റിൽ 120 രൂപ ആയ തക്കാളിയെ പിറ്റേന്ന് 50-70 രൂപ നിരക്കിൽ കേരളത്തിൽ കൊണ്ടുവന്നതും കൃഷിവകുപ്പിന്റെ സമർത്ഥമായ ഇടപെടലുകൾ വഴിയായിരുന്നു.അതിനാൽ മണ്ണിലിറങ്ങാതെ ഇനി ഫേസ്ബുക്കിൽ കൂടി തങ്ങളുടെ കാർഷിക രോക്ഷം മൊത്തമായും ചില്ലറയായും തീർക്കുവാൻ ശ്രമിക്കുമ്പോൾ ഇതൊക്കെ കൂടി ഒന്ന് ഓർത്തിരിക്കുന്നത് നന്ന്.

Back to top button
error: