മദ്യലഹരിയിൽ ഒടിച്ച കാർ ഇടിച്ച് 25കാരനായ ബൈക്ക് യാത്രക്കാരൻ മരിച്ചു, ഡ്രൈവർ അറസ്റ്റിൽ
മദ്യലഹരി മൂലം ഒരു ജീവൻ കൂടി പെരുവഴിയിൽ പൊലിഞ്ഞു. കൊട്ടാരക്കരയ്ക്കു സമീപം എം.സി റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കാർ ഡ്രൈവർ അമിതമായി മദ്യപിച്ചിരുന്നുവത്രേ. ഒരാഴ്ച മുമ്പ് നാട്ടിലെത്തിയ പ്രവാസിയായ അനന്ദു എന്ന 25കാരനാണ് മരിച്ചത്
കൊട്ടാരക്കര: എം.സി റോഡിൽ പനവേലി ജംഗ്ഷന് സമീപം കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പനവേലി അനന്ദു ഭവനിൽ അശോകന്റെ മകൻ അനന്ദു (25) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴരമണിയോടെയാണ് സംഭവം.
കാറിലുണ്ടായിരുന്നവർ മദ്യ ലഹരിയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. സംഭവത്തിൽ അടൂർ ആനന്ദപ്പള്ളി വലിയവിളയിൽ ജോളി ഭവനിൽ ജോർജിന്‍റെ മകൻ ജോജി മാത്യു ജോർജിനെ (47) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വൈദ്യ പരിശോധനയിൽ ഇയാൾ മദ്യിപിച്ചിരുന്നതായി വ്യക്തമായതോടെ യാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴരമണിയോടെ എം.സി റോഡിൽ പനവേലി മഞ്ചാടിക്കോണത്ത് വെച്ചാണ് അപകടം ഉണ്ടായത്. വിദേശത്തായിരുന്ന അനന്ദു ഒരാഴ്ച മുമ്പു മാത്രമാണ് നാട്ടിലെത്തിയത്..