സിഡ്‌നി: ഒമിക്രോണ്‍ വ്യാപനം സ്ഥിരീകരിച്ചതോടെ രാജ്യാന്തര അതിര്‍ത്തികള്‍ തീരുമാനം വീണ്ടും മാറ്റിവച്ച് ഓസ്‌ട്രേലിയ. നിലവിലെ സാഹചര്യത്തില്‍ ഡിസംബര്‍ ഒന്നു മുതല്‍ തീരുമാനം നടപ്പാക്കാനാകില്ലെന്നും രണ്ടാഴ്ചയെങ്കിലും ഇനിയും വൈകുമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ അറിയിച്ചു. കോവിഡ് മഹാമാരിക്കു ശേഷം തൊഴിലാളികള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി അതിര്‍ത്തികള്‍ തുറക്കാന്‍ ഓസ്‌ട്രേലിയ തീരുമാനിച്ചിരുന്നു. ഒമിക്രോണ്‍ വകഭേദത്തില്‍ ആശങ്കകള്‍ ഉയര്‍ന്നതോടെ തീരുമാനം നീട്ടിവയ്ക്കുകയായിരുന്നു.
കഴിഞ്ഞ 20 മാസമായി ഓസ്‌ട്രേലിയന്‍ പൗരന്മാരല്ലാത്തവരെ രാജ്യത്തേക്കു സ്വീകരിക്കുന്നില്ല. ഇതേ തുടര്‍ന്നു രാജ്യത്ത് തൊഴിലാളി ക്ഷാമവും വിനോദ സഞ്ചാര മേഖലയില്‍ പ്രശ്‌നങ്ങളുമുണ്ട്. ആരോഗ്യ മേഖലയിലെ വിദഗ്ധരുടെ നിര്‍ദേശ പ്രകാരമാണ് അടിയന്തര തീരുമാനമെന്നും ഇതു താല്‍ക്കാലികം മാത്രമാണെന്നും മോറിസന്‍ പ്രതികരിച്ചു.