KeralaLead NewsNEWS

സമ്പാദിക്കാനല്ല, ശരിയായി ജീവിക്കാൻ കുട്ടികളെ പഠിപ്പിക്കണം: മുഖ്യമന്ത്രി

സമ്പാദ്യ ശീലം വളർത്തുകയല്ല, ശരിയായ ജീവിതം നയിക്കാനാണു കുട്ടികളെ പഠിപ്പിക്കേണ്ടതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികൾക്കു സമ്പാദ്യം എന്തിനാണ് എന്ന കാര്യത്തിൽ ഗൗരവമായ ചർച്ച വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള ബാങ്കിന്റെ ‘വിദ്യാനിധി’ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലാണു മുഖ്യമന്ത്രിയുടെ അഭിപ്രായം.

സമ്പാദ്യത്തെക്കുറിച്ചുള്ള വലിയ ചിന്ത കേരളീയ സമൂഹത്തിന്റെ പ്രത്യേകതയാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതുമൂലം ജീവിക്കാൻ മറന്നുപോയ ചിലരുണ്ട്. മക്കൾ വളരുന്നതുകൊണ്ടു മക്കൾക്കുവേണ്ടി രക്ഷിതാക്കൾ സമ്പാദിക്കുന്നു. ഇത് ഏറ്റവും അപകടകരമായ അവസ്ഥയിലാണ്. കുട്ടികൾ ഒരു നിശ്ചിത പ്രായം കഴിഞ്ഞാൽ അവരുടേതായ മാർഗങ്ങളിലൂടെ ജീവതത്തിനായുള്ള കാര്യങ്ങൾ കണ്ടെത്തുന്നതാണു മറ്റു പല സ്ഥലങ്ങളിലുമുള്ളത്. അച്ഛനും അമ്മയും സമ്പാദിച്ചതിന്റെ ഭാഗമായിട്ടല്ല അവിടെ കുട്ടികൾ കാര്യങ്ങൾ ചെയ്യുന്നത്. കാലം മാറുമ്പോഴും നാം പഴയ ധാരണയിൽത്തന്നെയാണ്.

Signature-ad

കുട്ടികളിൽ അമിതമായ സമ്പാദ്യബോധം ഉണ്ടാക്കാൻ പാടില്ല. സമൂഹത്തിനു വേണ്ടി ജീവിക്കാൻ കുട്ടികളെ പ്രാപ്തരാക്കുകയാണു വേണ്ടത്. അടുത്തുള്ള ഒരു കുട്ടി വിഷമിക്കുന്നുണ്ടെങ്കിൽ തന്റെ കൈയിലുള്ള പണം നൽകി സഹായിക്കേണ്ടതു കടമയാണെന്ന ധാരണ കുട്ടികളിൽ സൃഷ്ടിക്കാൻ കഴിയണം. അത്തരം ചിന്തയിൽ കുട്ടികളെ വളർത്തണം. തന്റെ കൈയിലുള്ള പണം ഒരിക്കലും നഷ്ടപ്പെട്ടുകൂടെന്നും നാളേയ്ക്കുള്ള സമ്പാദ്യമായി വയ്ക്കണമെന്നും കുട്ടിയായിരിക്കുമ്പോൾത്തന്നെ ബോധ്യമുണ്ടാക്കേണ്ടതില്ലെന്നാണു തോന്നുന്നത്. ദുർവ്യയം പാടില്ല. ദുർവ്യയത്തിനെതിരായ ബോധവത്കരണമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുട്ടികളുടെ ഭാവിക്കായി രക്ഷിതാക്കൾക്കു കുട്ടിയുടെ പേരിൽ നിക്ഷേപം നടത്താൻ കഴിയുംവിധമാണു കേരള ബാങ്കിന്റെ വിദ്യാനിധി പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളതെന്നും കുട്ടികളുടെ ഭാവി വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ഉപകരിക്കാൻ കഴിയുന്ന നല്ല പദ്ധതിയാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Back to top button
error: