അടിയന്തിരാവസ്ഥക്കാലത്തു പോലും കേട്ടിട്ടില്ലാത്ത ക്രൂര മർദ്ദനം, വാദിയെ പ്രതിയാക്കി പൊതിരെ തല്ലി; തെന്മല എസ്.എച്ച്.ഒ വിശ്വംഭരനെതിരെ ക്രിമിനല്‍ കേസ് എടുക്കാത്തതെന്തെന്ന് ഹൈക്കോടതി
പരാതിയുമായെത്തിയ രാജീവിനെ ക്രുദ്ധനായ എസ്.എച്ച്.ഒ വിശ്വംഭരൻ കരണത്തടിച്ചു. പിന്നെ ഇദ്ദേഹത്തെ സ്റ്റേഷൻ വരാന്തയില്‍ മണിക്കൂറുകളോളം കെട്ടിയിട്ട് അടിക്കുകയും ചെയ്തു. അടിയന്തിരാവസ്ഥക്കാലത്തു പോലും കേട്ടുകേട്ടിട്ടില്ലാത്ത ക്രൂര മർദ്ദനമാണ് തെന്മല പൊലീസ് സ്റ്റേഷനിൽ അരങ്ങേറിയത്.
പുനലൂർ: തെന്മലയിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഒടുവിൽ പൊലീസിനു തെറ്റ്സമ്മതിക്കേണ്ടി വന്നു. രാജീവ് എന്ന വ്യക്തിയെ മര്‍ദ്ദിച്ചത് തെറ്റിദ്ധാരണ മൂലമാണെന്ന് പൊലീസ് ഹൈക്കോടതിയില്‍ പറഞ്ഞു. ഉദ്യോഗസ്ഥനെതിരെ ക്രിമിനല്‍ കേസ് എടുക്കാത്തതെന്ത് എന്ന് ഹൈക്കോടതി ആരാഞ്ഞു.
ബന്ധു ഫോണില്‍ അസഭ്യം പറഞ്ഞു എന്ന പരാതിയുമായാണ് രാജീവ് പൊലീസ് സ്റ്റേഷനിലെത്തിയത്. പരാതി നല്‍കാനെത്തിയ രാജീവിനെ തെന്മല എസ്.എച്ച്.ഒ വിശ്വംഭരൻ ക്രുദ്ധനായി കരണത്തടിക്കുകയാണ് ചെയ്തത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഫെബ്രുവരി മൂന്നിമാണ് പരാതിയുമായി രാജീവ് തെന്മല സ്റ്റേഷനിലെത്തുന്നത്. കരണത്തടിച്ച പൊലീസ് ഓഫീസർ ഇദ്ദേഹത്തെ സ്റ്റേഷൻ വരാന്തയില്‍ മണിക്കൂറുകളോളം കെട്ടിയിട്ട് അടിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങൾ നീക്കം ചെയ്യാൻ പൊലീസ് രാജീവിനെയും കസ്റ്റഡിയിലെടുത്ത് മൊബൈല്‍ കടകള്‍ കയറിയിറങ്ങി. പിന്നെ ഭീഷണിപ്പെടുത്തി, ജോലിയില്ലാതാക്കി. മര്‍ദ്ദിച്ച ഉദ്യോഗസ്ഥനെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് ആറ് മാസം പൂഴ്ത്തി.
ഈ ചെയ്തതൊക്കെ തെറ്റായി എന്നാണ് ഇപ്പോൾ പൊലീസിന്‍റെ കുറ്റസമ്മതം. രാജീവിനെതിരെ എടുത്ത കേസില്‍ കഴമ്പില്ല എന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായും
കേസ് അവസാനിപ്പിക്കുന്നതായും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള പൊലീസ് എ.ഡി.ജി.പി പറയുന്നു.
പൊലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ എസ്.എച്ച.ഒയ്ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കാത്തതെന്തെന്ന് ചോദിച്ചു. പരാതിക്കാരന് നഷ്ടപരിഹാരം ഉള്‍പ്പെടെ കൊടുക്കേണ്ട കേസാണിതെന്നും കോടതി പറഞ്ഞു. ഹൈക്കോടതി ഇടപെടലില്‍ എസ്.എച്ച്.ഒ വിശ്വംഭരനെ നേരത്തെ സസ്പെന്‍റ് ചെയ്തിരുന്നു.
മാധ്യമങ്ങളുടെയും ചില സന്നദ്ധ സംഘടനകളുടെ പിന്തുണയോടെയാണ് രാജീവ് ഹൈക്കോടതിയിലെത്തിയത്. ഇതെ തുടർന്നാണ് പൊലീസിന് മൂക്ക് കയര്‍ വീണത്.