NEWS

ഫോട്ടോഗ്രാഫറെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊന്ന ശേഷം വനത്തില്‍ കുഴിച്ചിട്ടു, അമ്മാവനും ഭാര്യയും മകനും ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍

ഭൂമി വാങ്ങാൻ വേണ്ടി ജഗദീഷ് 65 ലക്ഷം രൂപ അമ്മാവൻ സുബ്ബയ്യറായിയെ ഏല്‍പ്പിച്ചിരുന്നു. ജഗദീഷ് അറിയാതെ റായി തന്റെ പേരിൽ ഭൂമി വാങ്ങുകയും പിന്നീട് വില്‍ക്കുകയും ചെയ്തു. നവംബര്‍ 18ന് ജഗദീഷും സുബ്ബയറായിയും ഇതേ ചൊല്ലി വാക്കുതര്‍ക്കമുണ്ടായി. ഒടുവിൽ സുബ്ബയറായിയും ഭാര്യയും മകനും അയല്‍വാസിയും ചേര്‍ന്ന് ജഗദീഷിനെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി

പുത്തൂര്‍: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മംഗളൂരു സ്വദേശിയായ ഫോട്ടോഗ്രാഫർ ജഗദീഷിനെ(58)ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം വനത്തില്‍ കുഴിച്ചിട്ടു.
മംഗളൂരു സ്വദേശിയാണെങ്കിലും ജഗദീഷ് മൈസൂരു സുബ്രഹ്‌മണ്യ നഗറിലാണ് സ്ഥിരതാമസം. സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ് ജഗദീഷിന്റെ അമ്മാവന്‍ പടുവന്നൂര്‍ സ്വദേശി സുബ്ബയ്യ റായ് എന്ന ബാലകൃഷ്ണ, ഭാര്യ ജയലക്ഷ്മി, മകന്‍ പ്രശാന്ത്, അയല്‍വാസിയായ ജീവന്‍ പ്രസാദ് എന്നിവരെ അറസ്റ്റ് ചെയ്തു.
ഭാര്യയോടും മകനോടും ഒപ്പം മൈസൂരുവില്‍ താമസിച്ചിരുന്ന ജഗദീഷ് പുത്തൂരിനടുത്തുള്ള കുഞ്ചൂര്‍പഞ്ചയിലെ തന്റെ കൃഷി സ്ഥലം നോക്കാന്‍ പോകാറുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച (നവംബര്‍ 18) പുലര്‍ച്ചെ മൈസൂരില്‍ നിന്ന് പുത്തൂരിലേക്ക് പോയ ജഗദീഷ് പിന്നീട് വീട്ടില്‍ തിരിച്ചെത്തിയില്ല.
ഇതേ തുടര്‍ന്ന് സഹോദരന്‍ ശശിധറിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ് ജഗദീഷിനെ കൊലപ്പെടുത്തി എന്ന് വ്യക്തമായത്.
ജഗദീഷും അമ്മാവന്‍ ബാലകൃഷ്ണ എന്ന സുബ്ബയ്യ റായിയും തമ്മിലുള്ള ഭൂമി തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.
തനിക്ക് ഭൂമി വാങ്ങുന്നതിനായി ജഗദീഷ് 65 ലക്ഷം രൂപ സുബ്ബയ്യറായിയെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ ഈ ഭൂമി ജഗദീഷ് അറിയാതെ റായി തന്റെ പേരിലാക്കി. ഈ ഭൂമി റായി പിന്നീട് വില്‍ക്കുകയും ചെയ്തു. നവംബര്‍ 18ന് കുഞ്ചൂര്‍പഞ്ചയിലെ കൃഷിസ്ഥലത്തു പോയ ശേഷം ജഗദീഷ് ഒമ്‌നി വാഹനത്തില്‍ പട്‌ലഡ്കയില്‍ എത്തുപകയും സുബ്ബയറായിയെ കണ്ട് സ്ഥലഇടപാടില്‍ കാണിച്ച വഞ്ചനയെക്കുറിച്ച് ചോദിക്കുകയും ചെയ്തു. ഇതേ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കത്തിനിടെ സുബ്ബയറായിയും ഭാര്യയും മകനും അയല്‍വാസിയും ചേര്‍ന്ന് ജഗദീഷിനെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം സമീപത്തെ വനത്തിൽ കൊണ്ടുപോയി കുഴിച്ചിട്ടു. പ്രതികള്‍ കൊലക്കുറ്റം സമ്മതിച്ചതോടെ മൃതദേഹം പൊലീസ് സാന്നിധ്യത്തില്‍ വനത്തില്‍ നിന്ന് പുറത്തെടുത്ത് കൂടുതല്‍ പരിശോധനകള്‍ക്കും പോസ്റ്റ്‌മോര്‍ട്ടത്തിനുമായി മംഗളൂരുവിലേക്ക് കൊണ്ടുപോയി. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിന് മൂന്നുപെരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു.

Back to top button
error: