ഉത്തര്‍പ്രദേശിലെ നോയിഡയില്‍ രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ശിലയിടും. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. മൊത്തം 10,500 കോടി രൂപ മുതല്‍മുടക്കില്‍ 1300 ഹെക്ടര്‍ സ്ഥലത്താണ് ആദ്യഘട്ട വിമാനത്താവളം. വര്‍ഷത്തില്‍ 1.2 കോടി യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന വിധത്തിലാണ് വിമാനത്താവളത്തിന്റെ ആദ്യഘട്ടമെന്ന് അധികൃതര്‍ പറഞ്ഞു.
മൊത്തം 5000 ഹെക്ടറിലാണ് വിമാനത്താവളം വികസിപ്പിക്കുന്നത്. ഇതിനായി 29,560 കോടി രൂപ മുതല്‍മുടക്കും. വിമാനത്താവളത്തിലേക്ക് മെട്രോപാതയും നിര്‍മിക്കുന്നുണ്ട്. സൂറിക് എയര്‍പോര്‍ട്ട് കമ്പനിക്കാണ് വിമാനത്താവളത്തിന്റെ നിര്‍മാണക്കരാര്‍. യമുന ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ്, നോയ്ഡ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (നിയാല്‍) എന്നിവയാണ് കരാര്‍ പങ്കാളികള്‍.
മൊത്തം നിര്‍മാണപ്രവര്‍ത്തനം പൂര്‍ത്തിയാവുമ്പോള്‍ എട്ടു റണ്‍വേകളുമായി രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമായി ജേവാര്‍ മാറും. രണ്ടുവര്‍ഷത്തിനുള്ളില്‍ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ അഞ്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള രാജ്യത്തെ ഏകസംസ്ഥാനമായി യു.പി മാറുമെന്നതാണ് മറ്റൊരു പ്രത്യേകത. ലഖ്നൗ, വാരാണസി അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ മാത്രമുണ്ടായിരുന്ന യു.പിയില്‍ കഴിഞ്ഞ മാസം കുശിനഗര്‍ വിമാനത്താവളം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു.