IndiaLead NewsNEWS

പാര്‍ലമെന്റില്‍ നിയമം പിന്‍വലിക്കുന്നതുവരെ കര്‍ഷക സമരം തുടരാന്‍ തീരുമാനം; നേരത്തെ നിശ്ചയിച്ച റാലികള്‍ നടത്തും

പാര്‍ലമെന്റില്‍ കാര്‍ഷിക നിയമം പിന്‍വലിക്കുന്നതുവരെ കര്‍ഷക സമരം തുടരാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച യോഗത്തില്‍ തീരുമാനം. നിയമം റദ്ദാക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാതെ പിന്‍വാങ്ങേണ്ട എന്നാണ് കര്‍ഷക സംഘടനകളുടെ നിലപാട്. നേരത്തെ നിശ്ചയിച്ചിട്ടുള്ള കര്‍ഷക റാലികള്‍ നടത്തും. സമരം തുടരാന്‍ ഇന്നലെ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലും തീരുമാനമായിരുന്നു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സമരത്തിന്റെ ഭാവി തീരുമാനിക്കാന്‍ യോഗം ചേര്‍ന്നത്.

കാബിനറ്റില്‍ പോലും കൂടിയാലോചന നടത്താതെയാണ് നിയമം പിന്‍വലിക്കുകയാണെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനമെത്തിയത്. നിയമം റദ്ദാക്കുന്ന സാങ്കേതിക നടപടികള്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. കര്‍ഷകര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കുന്നതില്‍ തീരുമാനം എടുക്കണമെന്നും സമര സമിതി ആവശ്യപ്പെട്ടു. താങ്ങുവിലയില്‍ നിയമപരമായ ഉറപ്പ് നല്‍കുക എന്നതാണ് കര്‍ഷകരുടെ പ്രധാന ആവശ്യം.

Signature-ad

സമരം പൂര്‍ണ്ണ വിജയമാകണമെങ്കില്‍ ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കണം. അതുവരെ ഡല്‍ഹി അതിര്‍ത്തിയില്‍ റോഡ് ഉപരോധിച്ചുള്ള സമരത്തില്‍ അയവ് വരുത്തേണ്ടതില്ലെന്ന് ധാരണയായിട്ടുണ്ട്. സമരത്തിനിടെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കണമെന്നും മരിച്ച കര്‍ഷകരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കണമെന്ന ആവശ്യവും കര്‍ഷക സംഘടനകള്‍ ഉന്നയിക്കുന്നു.

Back to top button
error: