കൊവിഡ് കഴിഞ്ഞു എന്ന തോന്നല്‍ ആളുകളില്‍ ഉണ്ടായിട്ടുണ്ടെന്നും അതിനെതിരെ ഒരു ബോധവത്കരണ പ്രവര്‍ത്തനം കുറേക്കൂടി ശക്തമാക്കണമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയിലെ കൊവിഡ്-19 സ്ഥിതി വിവരം അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
മികച്ച സാഹചര്യങ്ങളുള്ള ബ്രിട്ടനിലും യൂറോപ്യന്‍ രാജ്യങ്ങളിലും പോലും വീണ്ടും കൊവിഡ് തരംഗം ഉണ്ടായിട്ടുണ്ട്. അതിനാല്‍ നമ്മളും വീണ്ടും ഒരു കോവിഡ് തരംഗം പ്രതീക്ഷിക്കണം. ഹോസ്പിറ്റലിലെ കിടക്കകളുടെ ഒഴിവ്, ഐസിയുവിന്റെ ഒഴിവ് എന്നിവ നിരന്തരമായി വിലയിരുത്തണം. വാക്‌സിനേഷന് ശേഷമുള്ള സാഹചര്യത്തില്‍ മാറ്റമുണ്ട്. റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ജില്ലയില്‍ മരണനിരക്ക് കുറച്ചുകൊണ്ടുവരുന്നതിന് ഇത് ആവശ്യമാണ്.
കൊവിഡ് വാക്‌സിനേഷനോടുള്ള വിമുഖത ഒഴിവാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. നിലവില്‍ സിനിമാ തിയറ്ററുകളിലുള്‍പ്പെടെ ഒറ്റ ഡോസ് മതിയെന്ന് വെച്ചത് രണ്ട് ഡോസിനുള്ള സമയം ആകാത്തവര്‍ ഉണ്ടാകാം എന്നതിനാലാണ്. പക്ഷേ, ഇനി രണ്ട് ഡോസും നിര്‍ബന്ധമാക്കുന്ന സാഹചര്യം ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.
ജില്ലയില്‍ ഇതുവരെയുള്ള കൊവിഡ് കേസുകള്‍ 2,82,287 ആണ്. ആകെ പരിശോധനകള്‍ 22,40,22. സംസ്ഥാനം പ്രഖ്യാപിച്ച ജില്ലയിലെ കോവിഡ് മരണം 2601. അപ്പീലിലൂടെ പ്രഖ്യാപിച്ച കൊവിഡ് മരണം 243. കഴിഞ്ഞ ഓഴ്ചത്തെ ടിപിആര്‍ 9.6 ശതമാനം.