NEWS

പൊലീസുകാരെ ആക്രമിച്ച, സ്റ്റേഷൻവാഹനത്തിന്റെ ചില്ല് തല കൊണ്ട് ഇടിച്ചു തകർത്ത കുപ്രസിദ്ധ ഗുണ്ടാ നേതാവിനെ അതിസാഹസികമായി പിടികൂടി

അസംഖ്യം ക്രിമിൽ കേസുകളിൽ പ്രതിയായ ടിങ്കു എന്ന ഷിജുവിനെ അതിസാഹസികമായാണ് പൊലീസ് പിടികൂടിയത്. ഇയാൾ പങ്കെടുക്കാൻ സാദ്ധ്യതയുള്ള ഒരുകല്യാണ വീടിനടുത്ത് കാത്തുനിന്ന പൊലീസിനെ കണ്ട് ഇയാൾ ഓടി രക്ഷപെടാൻ ശ്രമിച്ചു. ഈ സമയം ടിങ്കുവിൻ്റെ സഹോദരനും സുഹൃത്തുക്കളും പൊലീസിനെ ആക്രമിക്കുകയും ആറോളം പൊലീസുകാർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. എങ്കിലും പൊലീസ് ഇയാളെ പിടികൂടുക തന്നെ ചെയ്തു

കോഴിക്കോട്: കുപ്രസിദ്ധ ക്വട്ടേഷൻ തലവനും പിടികിട്ടാപുള്ളിയുമായ ഗുണ്ട നേതാവ് അറസ്റ്റിൽ. കുന്ദമംഗലം പെരിങ്ങളം സ്വദേശി ടിങ്കു എന്ന ഷിജു (33) ആണ് പിടിയിലായത്. കോഴിക്കോട് മെഡിക്കൽ കോളജ് അസി.  കമ്മീഷണർ കെ. സുദർശൻ്റെ നേതൃത്വത്തിൽ കോഴിക്കോട് സിറ്റി ഡൻസാഫും സ്ക്വാഡും ചേർന്നാണ് ഇയാളെ അതിസാഹസികമായി പിടികൂടിയത്.

Signature-ad

കഴിഞ്ഞ ജൂൺ ഒന്നിന് ഉച്ചയ്ക്ക്  ചേവായൂരിലെ പ്രസന്റേഷൻ സ്കൂളിന് സമീപത്തുള്ള വീട്ടിൽ വെച്ച്  ദേഹോപദ്രവം ഏൽപ്പിച്ച് ഒരു യുവതിയുടെ ദേഹത്തുണ്ടായിരുന്ന ഒൻപതര പവൻ സ്വർണ്ണാഭരണം കവർച്ച നടത്തിയ കേസിലും ഫെബ്രുവരിയിൽ മെഡിക്കൽ കോളജിനടുത്തുള്ള വീട്ടിൽ അതിക്രമിച്ചു കയറി രണ്ട് യുവതികളുടേതടക്കം ഏകദേശം 13 പവൻ സ്വർണ്ണാഭരണങ്ങൾ ഭീഷണിപ്പെടുത്തിയും മർദ്ദിച്ചും ഊരി വാങ്ങുകയും അലമാരയിൽ സൂക്ഷിച്ച  മൂന്ന് മൊബൈൽ ഫോണുകളും ഒരുലക്ഷം രൂപയും മറ്റും കവർന്ന കേസിലെയും പൊലീസ് അന്വേഷണത്തിലാണ് ഷിജു എന്ന ടിങ്കു അറസ്റ്റിലായത്.

2016 ൽ ഫറോക്ക് പൊലീസ് പത്ത് കിലോഗ്രാം കഞ്ചാവുമായും 2018ൽ അഞ്ച് കിലോ കഞ്ചാവുമായി  കുന്ദമംഗലം പൊലീസും ഇയാളെ പിടികൂടിയിരുന്നു. നിരവധി കഞ്ചാവു കേസുകളും കവർച്ചാ കേസുകളും ഇയാളുടെ പേരിലുണ്ട്. രണ്ട് തവണ പൊലീസിൻ്റെ പിടിയിൽ നിന്നും വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട പ്രതി ഒളിവിൽ കഴിയുകയായിരുന്നു. കെട്ടാങ്ങലിനടുത്ത് ഏരിമലയിലെ ഒരു കല്യാണ വീട്ടിൽ ഇയാൾ വരാൻ സാധ്യത ഉണ്ടെന്ന് മനസിലാക്കിയ പൊലീസ് നിരീക്ഷണം ശക്തമാക്കി. കല്യാണ വീട്ടിലേക്ക് വരും വഴി പൊലീസിനെ കണ്ട് ഓടി രക്ഷപെടാൻ ശ്രമം നടത്തുന്നതിനിടെ ഇയാളെ സാഹസികമായി പിടികൂടുകയായിരുന്നു.

ഈ സമയം ടിങ്കുവിൻ്റെ സഹോദരനും സുഹൃത്തുക്കളും പൊലീസിനെ ആക്രമിക്കുകയും ആറോളം പൊലീസുകാർക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു. ടിങ്കുവിനെ കീഴ്പ്പെടുത്തി മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനിലെത്തിച്ചു. അതിനുശേഷം വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ ടിങ്കു സമീപത്തെ പൊലീസ് വാഹനത്തിന്റെ മുകളിൽ കയറി നിന്ന് ഭീഷണി മുഴക്കി. തുടർന്ന് വാഹനത്തിന്റെ ചില്ല് തല കൊണ്ട് ഇടിച്ച് പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
ഒടുവിൽ മെഡിക്കൽ കോളജ് എസ്ഐമാരായ രമേഷ് കുമാറിന്റെയും ദീപ്തി വി.വിയുടെ നേതൃത്ത്വത്തിലുള്ള പൊലീസും നാട്ടുകാരും ചേർന്നാണ് ഇയാളെ പിടികൂടിയത്.

Back to top button
error: