ആരോഗ്യ സെക്രട്ടറി ഡോ.രാജൻ ഖോബ്രഗഡെക്കെതിരെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ
പാറത്താനം പബ്ളിക് ഹെല്‍ത്ത് സെന്ററിലെ ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നേഴ്സ് മറിയം ബീവിയ്ക്ക് പ്രത്യേക അംഗപരിമിത അവധി നല്‍കാന്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബൂണല്‍ നിര്‍ദ്ദേശിച്ചിരുന്നു.ഈ ഉത്തരവ് നടപ്പാക്കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആരോഗ്യ- കുടുംബ ക്ഷേമ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.രാജന്‍. എന്‍. ഖോബ്രഗഡെ കൂട്ടാക്കിയില്ല
ആരോഗ്യ- കുടുംബ ക്ഷേമ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.രാജന്‍. എന്‍. ഖോബ്രഗഡെക്കെതിരെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ. അറസ്റ്റ് ചെയ്യാന്‍ ഉത്തരവ് നല്‍കാത്തത് സര്‍ക്കാരിന് ബുദ്ധിമുട്ടുണ്ടാക്കേണ്ടെന്ന് കരുതി മാത്രമാണെന്നും കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബൂണല്‍ ചെയര്‍മാന്‍ ജസ്റ്റീസ് സി. കെ. അബ്ദുള്‍ റഹീം മുന്നറിയിപ്പ് നൽകി.
ഖോബ്രഗഡേയ്ക്ക് എതിരായ കോടതി അലക്ഷ്യ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം. കോടതി ഉത്തരവുകള്‍ നിരന്തരം അവഗണിക്കുന്ന ഈ ഉദ്യോഗസ്ഥനെതിരേ നിരവധി കോടതി അലക്ഷ്യ ഹര്‍ജികള്‍ ഉണ്ടെങ്കിലും ഒന്നില്‍ പോലും മാപ്പ് അപേക്ഷ നല്‍കാനുളള സാമാന്യ മര്യാദ പോലും ഈ ഉദ്യോഗസ്ഥന്‍ കാണിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. കോടതിയുടെ ഒന്നര വര്‍ഷത്തിന് മുമ്പുള്ള ഉത്തരവ് പോലും ഇതുവരെ പാലിക്കാത്ത ഈ ഉദ്യോഗസ്ഥന്റെ ധാര്‍ഷ്ട്യം ഒരു തരത്തിലും അംഗീകരിക്കാനാകില്ല എന്ന് കോടതി ഉത്തരവില്‍ പറയുന്നു.
ഉത്തരവിലുടനീളം ഖോബ്രഗഡേയ്ക്ക് എതിരേ നിശിത വിമര്‍ശനങ്ങളാണ് ഉളളത്. ഉദ്യോഗസ്ഥനെ ഉടന്‍ നേരിട്ട് കോടതിയില്‍ ഹാജരാക്കുന്നതിനുളള നടപടി ക്രമങ്ങൾ പാലിക്കാൻ കേസില്‍ കക്ഷി അല്ലാത്ത ചീഫ് സെക്രട്ടറിയക്ക് കോടതി നിര്‍ദ്ദേശം നല്‍കി. ചീഫ് സെക്രട്ടറിയ്ക്ക് കൈമാറാനുളള കോടതി ഉത്തരവ് ട്രൈബൂണല്‍ രജിസ്ട്രാര്‍ എ.ഷാജഹാനെ കോടതി ചുമതലപ്പെടുത്തി.
കോട്ടയം അതിരമ്പുഴ സ്വദേശി മറിയം ബീവി എന്ന ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നേഴ്സ് ആണ് പരാതിക്കാരി. പാറത്താനം പബ്ളിക് ഹെല്‍ത്ത് സെന്ററിലെ ജീവനക്കാരിയായ മറിയം ബീവിയ്ക്ക് പ്രത്യേക അംഗപരിമിത അവധി നല്‍കാന്‍ 2020 മാര്‍ച്ചില്‍ ട്രൈബൂണല്‍ നിര്‍ദ്ദേശിച്ചിരുന്നു. ഈ ഉത്തരവാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നടപ്പാക്കാന്‍ കൂട്ടാക്കാത്തത്. ഖോബ്രഗഡേയ്ക്ക് പുറമെ കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജേക്കബ്ബ് വര്‍ഗ്ഗീസാണ് മറ്റൊരു എതിര്‍ കക്ഷി.