മുന്‍ മിസ്‌കേരളമാരടക്കമുളളവരുടെ അപകടമരണവുമായി ബന്ധപ്പെട്ട കേസന്വേഷിക്കാന്‍ പ്രത്യേക സംഘം. എസിപി ബിജി ജോര്‍ജിന്റെ നേതൃത്വത്തിലുളള പുതിയ സംഘം ജില്ലാ ക്രൈം ബ്രാഞ്ചിന് കീഴിലാകും പ്രവര്‍ത്തിക്കുക. സംഘത്തിലെ മറ്റ് അംഗങ്ങളെ ഉടന്‍ തീരുമാനിക്കും.
അതിനിടെ കേസുമായി ബന്ധപ്പെട്ട് ഹോട്ടലിലെ നിശാപാര്‍ട്ടിയില്‍ പങ്കെടുത്തവരെ ചോദ്യം ചെയ്യുകയാണ്. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. കേസില്‍ നിര്‍ണ്ണായകമായ ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചതിന് ഹോട്ടല്‍ 18 ഉടമ റോയി വയലാട്ടിനെ അടക്കം ആറ് പേരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ 5 പേര്‍ ഹോട്ടലിലെ ജീവനക്കാരാണ്. അപകടം നടന്ന രാത്രിയിലെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ റോയിയുടെ നിര്‍ദേശപ്രകാരം ജീവനക്കാര്‍ നശിപ്പിക്കുകയായിരുന്നു.
നവംബര്‍ ഒന്നിന് പുലര്‍ച്ചെ ഒരു മണിയോടെ എറണാകുളം ബൈപ്പാസില്‍ വൈറ്റിലയ്ക്ക് അടുത്ത് വെച്ചുണ്ടായ അപകടത്തിലാണ് മുന്‍ മിസ് കേരള അന്‍സി കബീറും രണ്ട് സുഹൃത്തുക്കളും മരിച്ചത്. ഫോര്‍ട്ട് കൊച്ചിയിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഇവര്‍ സഞ്ചരിച്ച കാര്‍ മുന്നില്‍ പോകുകയായിരുന്ന ബൈക്കില്‍ തട്ടി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് മരത്തില്‍ ഇടിച്ച് തകരുകയായിരുന്നു.
അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായി തകര്‍ന്നുപോയി. അപകട സ്ഥലത്ത് വെച്ച് തന്നെ അന്‍സി കബീറും, സുഹൃത്ത് അഞ്ജന ഷാജനും മരിച്ചു. കാറിലുണ്ടായിരുന്ന മുഹമ്മദ് ആഷിഖിനേയും അബ്ദുള്‍ റഹ്മാനേയും ആശുപത്രിയിലേക്ക് മാറ്റി. അതീവ ഗുരുതരാവസ്ഥയിലായിരുന്ന മുഹമ്മദ് ആഷിക് പിന്നീട് മരിച്ചു. അപകടത്തില്‍പെട്ട ബൈക്ക് യാത്രക്കാരന് നിസ്സാര പരുക്ക് മാത്രമാണുണ്ടായത്.