KeralaLead NewsNEWS

ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം: വനിത കമ്മീഷന്‍

തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ്തല ജാഗ്രത സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതോടെ കമ്മീഷന്‍ മുമ്പാകെ എത്തുന്ന പ്രശ്‌നങ്ങള്‍ക്ക് വാര്‍ഡ് തലത്തില്‍ തന്നെ പരിഹാരം കണ്ടെത്താന്‍ സാധിക്കുമെന്ന് വയനാട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങിനു ശേഷം വനിത കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. വാര്‍ഡ് തലങ്ങളില്‍ ജാഗ്രതാ സമിതികള്‍ ഇടപെട്ട് തീര്‍പ്പാക്കാവുന്ന പ്രശ്‌നങ്ങളാണ് നിലവില്‍ കമ്മീഷനു മുമ്പാകെ എത്തുന്നതില്‍ അധികവും. മദ്യപാനം, മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗം തുടങ്ങിയവ മൂലമുണ്ടാകുന്ന കുടുംബ പ്രശ്‌നങ്ങള്‍, അയല്‍വാസികളുമായുള്ള തര്‍ക്കങ്ങള്‍, അതിര്‍ത്തി തര്‍ക്കം തുടങ്ങിയവ വാര്‍ഡ് തലത്തില്‍ തന്നെ ജാഗ്രത സമിതികളുടെ ഇടപെടലോടെ തീര്‍പ്പാക്കാന്‍ കഴിയുന്നതാണ്. ജാഗ്രതാ സമിതിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനായി മൂന്ന് മാസത്തിലൊരിക്കല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുമെന്നും ജില്ലാതലത്തില്‍ ഇവര്‍ക്ക് പരിശീലനം നല്‍കുമെന്നും വനിത കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.

കുടുംബ പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ ഇല്ലാതാക്കുന്നതിനായി വിവാഹത്തിന് മുമ്പ് സ്ത്രീക്കും പുരുഷനും കൗണ്‍സലിംഗ് നല്‍കുന്നതിനും വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് കൗണ്‍സിലിംഗ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുവാനും സര്‍ക്കാരിനോട് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ പഞ്ചായത്തിലും ഒരു കൗണ്‍സലിംഗ് സെന്റര്‍ ഇതിനായി തുടങ്ങണം. നിലവില്‍ വനിത കമ്മീഷന്‍ മുഖേനയും വനിത പോലീസ് സെല്‍ മുഖേനയും ആവശ്യമുള്ളവര്‍ക്ക് കൗണ്‍സലിംഗ് നല്‍കി വരുന്നുണ്ട്. മാട്രിമോണി പസ്യങ്ങള്‍ മാത്രം ആശ്രയിച്ച് കുടുംബ പശ്ചാത്തലം കൃത്യമായി മനസ്സിലാക്കാതെ വിവാഹം നടത്തുന്നത് മൂലമുണ്ടാകുന്ന കുടുംബ പ്രശ്‌നങ്ങള്‍ പരാതികളായി കമ്മീഷനില്‍ എത്തുന്നുണ്ട്. ഇത്തരം വിവാഹങ്ങളിലൂടെ സ്ത്രീകള്‍ സാമ്പത്തികമായി ചൂഷണം ചെയ്യപ്പെടുകയാണ്. വയനാട് ജില്ലയില്‍ ഇത്തരത്തിലൊരു പരാതി ഇന്നത്തെ സിറ്റിങില്‍ പരിഗണിച്ചിട്ടുണ്ട്. വിശദമായി അന്വേഷിച്ച് പശ്ചാത്തലം മനസ്സിലാക്കിയതിന് ശേഷം മാത്രം വിവാഹം നടത്താന്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം.

Signature-ad

കൗമാരക്കാര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി ആവശ്യമായ ബോധവത്കരണം നല്‍കുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ വിദ്യാലയങ്ങളിലും കാമ്പസുകളിലും നടപ്പിലാക്കുന്ന കലാലയ ജ്യോതി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന സാഹചര്യത്തില്‍ വീണ്ടും ആരംഭിച്ചിട്ടുണ്ട്. സമൂഹത്തില്‍ സ്ത്രീ സൗഹൃദ അന്തരീക്ഷം നിര്‍മ്മിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവിയുടെ നേതൃത്വത്തില്‍ നടത്തിയ സിറ്റിംഗില്‍ 76 പരാതികള്‍ പരിഗണിച്ചു. 28 എണ്ണം തീര്‍പ്പാക്കി. 41 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു. 7 പരാതികളില്‍ പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

Back to top button
error: