കോടനാട് എന്ന കോടയുടെയും കോഴയുടെയും കോടികളുടെയും നാട്
പച്ചവിരിച്ച കുന്നുകളും തേയിലത്തോട്ടങ്ങളും കൃഷിയിടങ്ങളും അതിസുന്ദരമായ കാഴ്ചകളുടെ സമൃദ്ധി ഒരുക്കുന്നു. സ്ഥലപ്പേരുപോലെ ഇടയ്ക്കിടെ കണ്ണുപൊത്തി കളിക്കുന്ന കോടമഞ്ഞ്…! ഊട്ടിയും കോത്തഗിരിയും ഉള്‍പ്പെടുന്ന നീലഗിരിയെ കണ്ടെത്തിയത് ബ്രിട്ടീഷുകാരനായ പഴയ കോയമ്പത്തൂര്‍ കലക്ടര്‍ ജോണ്‍ സള്ളിവനാണ്
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വേനല്‍ക്കാല വസതി സ്ഥിതിചെയ്യുന്ന സ്ഥലമെന്ന നിലയ്ക്കാണ് കോടനാട് പ്രസിദ്ധം. എന്നാൽ ചെന്നൈ നഗരത്തിൽ നിന്നും നൂറുകണക്കിന് മൈൽ ദൂരത്തുള്ള ഈ മലയിൽ വന്ന് താമസിക്കാൻ ജയലളിതയെ പ്രേരിപ്പിച്ച ഘടകം എന്തായിരിക്കും…?
ഈ കുന്നുകളുടെ ഭംഗി തന്നെയാവും എന്ന കാര്യത്തിൽ സംശയവുമില്ല. ഏഴു കുന്നുകളുടെ സമൂഹമായ നീലഗിരിയിലെ കോത്തഗിരി (ഊട്ടിയിൽ നിന്നും 28 കിലോമീറ്റർ ദൂരം) എന്ന സ്ഥലത്താണ് ജയലളിതയുടെ വേനൽക്കാല വസതി സ്ഥിതിചെയ്യുന്ന ഈ കോടനാട്.
കോത്തഗിരി ടൗണില്‍നിന്ന് 18 കിലോമീറ്റര്‍ സഞ്ചരിക്കണം കോടനാട് വ്യൂ പോയിന്റിലേക്ക്. പോകുന്നവഴിക്ക് ജയലളിത താമസിച്ചിരുന്ന ബംഗ്ലാവിലേക്കുള്ള ഗേറ്റുകള്‍ പലയിടങ്ങളിലായി കാണാം. എല്ലാത്തിനും വെവ്വേറെ നമ്പരുകളും സി.സി.ടി.വി ക്യാമറകളും ഉണ്ട്. ബംഗ്ലാവിന്റെ പ്രധാന ഗേറ്റിന് മുന്നിലൂടെയാണ് വ്യൂ പോയന്‍റിലേക്കുള്ള വഴി.
താഴെ പച്ച വിരിച്ച കുന്നുകളും തേയിലത്തോട്ടങ്ങളും കൃഷിയിടങ്ങളും സുന്ദര കാഴ്ചകളുടെ സമൃദ്ധി ഒരുക്കുന്നു. സ്ഥലപ്പേരുപോലെ ഇടയ്ക്കിടെ കണ്ണുപൊത്തി കളിക്കുന്ന കോടമഞ്ഞ് !
ഊട്ടിയും കോത്തഗിരിയും ഉള്‍പ്പെടുന്ന നീലഗിരിയെ കണ്ടെത്തിയത് ബ്രിട്ടീഷുകാരനായ പഴയ കോയമ്പത്തൂര്‍ കലക്ടര്‍ ജോണ്‍ സള്ളിവനായിരുന്നു. സള്ളിവന്‍ മുന്‍കൈയെടുത്താണ് ഇവിടേക്ക് റോഡുകൾ നിർമ്മിച്ചതും. സേലത്തേയും കോയമ്പത്തൂരിലേയും തടവുപുള്ളികളെ ഉപയോഗപ്പെടുത്തി മേട്ടുപ്പാളയത്തെ സിരുമുഗൈ എന്ന സ്ഥലത്തുനിന്ന് കോത്തഗിരിയിലേക്കായിരുന്നു പാതയുടെ നിർമ്മാണം.
ഊട്ടിയിലേക്കുള്ള ആദ്യ റോഡും ഇതുതന്നെ. പിന്നീടാണ് മേട്ടുപാളയം-കൂനൂർ-ഊട്ടി റോഡിന്റെ പിറവി.
അങ്ങനെ കോത്തഗിരിയിലെത്തിയ സള്ളിവന്‍ ഇവിടെയൊരു ബംഗ്ലാവ് നിർമ്മിച്ച് കുടുംബസമേതം താമസവുമാക്കി. ഇതാണ് സള്ളിവന്‍ ബംഗ്ളാവ് എന്നറിയപ്പെടുന്ന കോടനാട്ടെ ഇന്നത്തെ മറ്റൊരാകർഷണം.
1812 ലായിരുന്നു ഇവിടേക്കുള്ള റോഡ് നിർമ്മാണം ആരംഭിച്ചത്.1827 ആയപ്പോഴേക്കും സള്ളിവന്‍ നീലഗിരിയിലെ മിക്ക സ്ഥലങ്ങളിലേക്കും ഗതാഗതം സുഗമമാക്കി. 1831ലായിരുന്നൂ കോഴിക്കോട് – ഊട്ടി പാതയുടെ നിർമ്മാണം.
കോഴിക്കോട്-നിലമ്പൂർ-ഗൂഡല്ലൂർ വഴി ഊട്ടിയിലേക്കുള്ളതാണ് ഈ റോഡ്
ഇവിടെ അടുത്തുതന്നെയാണ് കാതറിന്‍ വെള്ളച്ചാട്ടം. കോത്തഗിരിയില്‍ തേയിലതോട്ടങ്ങള്‍ നിർമ്മിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച ബ്രിട്ടീഷുകാരന്റെ ഭാര്യയുടെ പേരാണത്. വെള്ളത്തിലിറങ്ങിയാൽ ആരും ‘കാതറീൻ’ എന്ന് കാറിപ്പോകും. അത്രയ്ക്ക് തണുപ്പാണ്.
ഒരുഭാഗത്ത് മാനംമുട്ടി നില്‍ക്കുന്ന മലകളും മറുഭാഗത്ത് തേയിലക്കുന്നുകളും. അതിന് നടുവിലാണ് കാതറീൻ വെള്ളച്ചാട്ടം. വെള്ളത്തിന് ഐസിന്റെ തണുപ്പെന്നു പറഞ്ഞത് ചുമ്മാതെയല്ല.
തട്ടുതട്ടായുള്ള മലനിരകൾ, മലനിരകളില്‍ പച്ചപുതച്ച തേയിലച്ചെടികള്‍, കുന്നിന്‍ചെരിവുകളില്‍ കൊച്ചുവീടുകൾ, കൊച്ചുകവലകള്‍, ഹെയർപിൻ വളവുകളുടെ റോഡുകൾ, കൂട്ടിന് കൂട്ടമായെത്തുന്ന കോടമഞ്ഞ്..! സള്ളിവനും ജയലളിതയും മാത്രമല്ല, ആരുമിവിടെ കുടിലു കെട്ടി താമസിച്ചുപോകും. അത്രയ്ക്ക് സുന്ദരമാണ് ഈ സ്ഥലം…!
തേയിലത്തോട്ടങ്ങളുടെയും പുൽമേടുകളുടെയും ഒക്കെ നാടായ ഈ കുന്നുകളുടെ ഭംഗി വിവരിച്ചു തീർക്കുവാൻ സാദ്ധ്യമല്ല. ഓരോ കോണിലും സഞ്ചാരികൾക്ക് ഓരോ കാഴ്ചകളും അനുഭവങ്ങളുമാണ് നീലഗിരി എന്ന് പൊതുവേ അറിയപ്പെടുന്ന ഈ കുന്നുകൾ ഒരുക്കിയിരിക്കുന്നത്.
‘നീലഗിരിയുടെ സഖികളെ …. ജ്വാലാമുഖികളെ’ എന്ന വയലാറിന്റെ എക്കാലത്തെയും സൂപ്പര്‍ഹിറ്റായ ഗാനത്തിന് പകരം തിരികെ മലയിറങ്ങുമ്പോൾ ‘എനമ്മോ യേതോ..’ എന്ന ഗാനമാണ് അറിയാതെ ചുണ്ടിൽ വന്നത്. 2011- ൽ തമിഴിൽ ഹിറ്റായ ‘കോ’ എന്ന സിനിമയിലെ ഗാനമാണിത്. കോ,കോവൈ, കോയമ്പത്തൂർ, കോത്തഗിരി, കോടനാട്
അല്ല, എന്താണ് ഈ ‘കോ’യോട് തമിഴ്നാടുകാർക്ക് ഇത്ര ആരാധന… ആവോ, ആർക്കറിയാം!
(കോഴിക്കോട്ടെ നീലഗിരി ലോഡ്ജിലെ ഒരു മുറിയിൽ ഇരുന്നാണ് വയലാർ ‘നീലഗിരിയുടെ സഖികളെ’ എന്ന ആ ഗാനം എഴുതിയത്. സാഹിത്യവും കലയുമായും ഇഴപിരിയാത്ത ബന്ധമുള്ള ഈ ലോഡ്ജ് രാമദാസ് വൈദ്യരുടെ ‘ടെംബിൽ അറ്റാച്ചഡ് ലോഡ്ജ്’ തന്നെയാണ് !)