ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 141 അടി എത്തിയതോടെ ഷട്ടറുകള്‍ തുറന്നു. മൂന്ന്, നാല് ഷട്ടറുകളാണ് തുറന്നത്. സെക്കന്റില്‍ 772 ഘനയടി വെള്ളമാണ് തുറന്നു വിടുന്നത്.അധിക ജലം പുറത്തേക്ക് ഒഴുക്കുന്നതിനാല്‍ പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണണെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഇടുക്കി അണക്കെട്ട് തുറക്കാനും തീരുമാനമായി.
രാവിലെ 10 മണിക്കാണ് ചെറുതോണി ഡാമിന്റെ ഷട്ടര്‍ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കി വിടുക. ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രാദേശത്ത് ശക്തമായ മഴ തുടരുകയാണ്. ഈ സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ്, അപ്പര്‍ റൂള്‍ ലെവലായ 2400.03 അടിക്ക് മുകളിലെത്തുന്നതിന് സാധ്യതയുള്ളതിനാല്‍ അധിക ജലം ക്രമീകരിക്കുന്നതിനായി ആണ് തുറക്കുന്നത്. പത്ത് മണിയോടെ ചെറുതോണി ഡാമിന്റെ ഷട്ടര്‍ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കി വിടുന്നത്. ഡാമിന്റെ ഒരു ഷട്ടര്‍ 40 സെന്റിമീറ്റര്‍ ഉയര്‍ത്തി സെക്കന്റില്‍ 40000 ലീറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കിവിടും. ചെറുതോണി, പെരിയാര്‍ എന്നീ പുഴകളുടെ ഇരുകരകളിലും താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
അതേസമയം, കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, തൃശൂര്‍, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.