Lead NewsMovieNEWS

നടനും സംവിധായകനുമായ ആര്‍.എന്‍.ആര്‍ മനോഹര്‍ അന്തരിച്ചു

ചെന്നൈ: നടനും സംവിധായകനുമായ ആര്‍.എന്‍.ആര്‍ മനോഹര്‍ അന്തരിച്ചു. 61 വയസ്സായിരുന്നു.
കോവിഡ് ബാധയെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം.

കെ.എസ് രവികുമാറിന്റെ ബാന്റ് മാസ്റ്റര്‍ എന്ന ചിത്രത്തില്‍ സഹസംവിധായകനായാണ് തുടക്കം. പിന്നീട് അദ്ദേഹത്തിന്റെ സൂര്യന്‍ ചന്ദ്രന്‍ എന്ന ചിത്രത്തിലും പ്രവര്‍ത്തിച്ചു. ഐ.വി ശശി സംവിധാനം ചെയ്ത കോലങ്ങള്‍ എന്ന തമിഴ്ചിത്രത്തിലൂടെയാണ് മനോഹര്‍ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്.

ചിത്രത്തില്‍ ഐ.വി ശശിയുടെ സംവിധാന സഹായി കൂടിയായി പ്രവര്‍ത്തിച്ചു. ദില്‍, വീരം, സലിം, മിരുതന്‍, ആണ്ടവന്‍ കട്ടലൈ, കാഞ്ചന 3, അയോഗ്യ, കാപ്പാന്‍, കൈതി, ഭൂമി, ടെഡി, 4 സോറി തുടങ്ങി അന്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചു. വിശാലിന്റെ വീരമേ വാഗൈ സൂഡും ആണ് അവസാന ചിത്രം. 2009 ല്‍ പുറത്തിറങ്ങിയ മാസിലമണി എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി മനോഹര്‍ അരങ്ങേറ്റം കുറിച്ചത്. നകുല്‍, സുനൈന എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നന്ദ, ഷംന കാസിം, സന്താനം എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി 2011 ല്‍ വെല്ലൂര്‍ മാവട്ടം എന്ന ചിത്രവും സംവിധാനം ചെയ്തു.

2012 ല്‍ മനോഹറിന്റെ മകന്‍ പത്തുവയസ്സുകാരന്‍ രാജന്‍ സ്‌കൂളിലെ നീന്തല്‍കുളത്തില്‍ മുങ്ങിമരിച്ചത് വലിയ ചര്‍ച്ചയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂളിലെ നീന്തല്‍ പരിശീലകനടക്കം അഞ്ചു പേര്‍ അറസ്റ്റിലായിരുന്നു.

Back to top button
error: