NEWS

കഷണ്ടിയെക്കുറിച്ച് ഇനി സങ്കടപ്പെടണ്ട, മുടി വളരാൻ സഹായിക്കുന്ന പ്രോട്ടീൻ കണ്ടെത്തി

തലമുടി നാരുകൾ വീണ്ടും കിളിർത്തു വരാൻ സഹായിക്കുന്ന, ക്രീമോ ലോഷനോ രൂപപ്പെടുത്തിയെടുക്കാൻ ഈ കണ്ടെത്തൽ സഹായിക്കും. ഇത് കഷണ്ടിക്ക് ശാശ്വത പരിഹാരമാകും. ശാസ്ത്രരംഗത്തെ ഒരു വഴിത്തിരിവാകും ഈ കണ്ടെത്തൽ

കഷണ്ടി അകറ്റി മുടി വീണ്ടും കിളിർത്തുവരാൻ സഹായിക്കുന്ന ഒരു പ്രോട്ടീൻ ഹാർവഡ് സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തി.
മുടി കൊഴിയുന്നത് തടയുകയും പുതിയ തലമുടി കിളിർത്തു വരാൻ സഹായിക്കുകയും ചെയ്യുന്ന GAS6 എന്ന പ്രോട്ടീനാണ് കണ്ടെത്തിയത്.

തലമുടി നാരുകൾ വീണ്ടും കിളിർത്തു വരാൻ സഹായിക്കുന്ന ഒരു ക്രീം അല്ലെങ്കിൽ ലോഷൻ രൂപപ്പെടുത്തിയെടുക്കാൻ ഈ കണ്ടെത്തൽ ഗവേഷകരെ സഹായിക്കും. ഇത് കഷണ്ടിക്ക് ശാശ്വത പരിഹാരമേകും.

സ്‌ട്രെസ് ആണ് മുടികൊഴിച്ചിലിന് ഒരു കാരണം. ദേഷ്യം, വിഷമം, ഉത്കണ്ഠ ഇതെല്ലാം കഷണ്ടിയുമായി ബന്ധപ്പെട്ടിരിക്കുന്നു. കോവിഡ് ബാധിച്ചവർക്കും മുടികൊഴിച്ചിൽ ഉണ്ടാകുന്നുണ്ട്. സ്ത്രീകളിലും പുരുഷന്മാരിലും കഷണ്ടി വരാൻ സ്‌ട്രെസ് ഹോർമോണിന് പ്രധാന പങ്കുണ്ട്.

ചെറുപ്പത്തിലെ കഷണ്ടി ബാധിക്കുന്നതും മുടി കൊഴിയുന്നതും പലർക്കും ആത്മവിശ്വാസക്കുറവിനും സമ്മർദത്തിനും കാരണമാകുന്നുണ്ട്. അതുകൊണ്ടുതന്നെ കഷണ്ടി അകറ്റുന്ന പ്രോട്ടീനിന്റെ കണ്ടെത്തൽ ഒട്ടേറെപ്പേർക്ക് ആശ്വാസമാകും.

എലികളിലാണ് പരീക്ഷണം നടത്തിയത്. അവയുടെ അഡ്രിനൽ ഗ്രന്ഥി സർജറിയിലൂടെ നീക്കം ചെയ്‌തു. വൃക്കകളുടെ മുകളിലുള്ള ഈ ഗ്രന്ഥിയാണ് സ്‌ട്രെസ് ഹോർമോൺ ആയ കോർട്ടികോസ്‌റ്റിറോൺ (കോർട്ടിസോളിനു തുല്യം) പുറപ്പെടുവിക്കുന്നത്. സ്‌ട്രെസ് ഹോർമോണിന്റെ അഭാവത്തിൽ എലികളിൽ മൂന്നിരട്ടി മുടി കിളിർത്തു വന്നു. എലികളിൽ ഹെയർ ഫോളിക്കിൾ സ്റ്റെം സെൽ നിർജീവമാകുന്നതും മുടി വളർച്ചയെ നിയന്ത്രിക്കുന്നതുമെല്ലാം സ്‌ട്രെസ് ഹോർമോനായ കോർട്ടികോസ്‌റ്റിറോൺ ആണ്.

കോർട്ടികോസ്‌റ്റിറോണിന്റെ അളവ് കൂടുമ്പോൾ തലമുടി നാരുകൾ മരണാവസ്ഥയിൽ ആകുകയും തലമുടി കിളിർക്കാതിരിക്കുകയും ചെയ്യും. മറിച്ച് കോർട്ടികോസ്‌റ്റിറോൺ ഇല്ല എങ്കിൽ മുടി നാരുകളിലെ മൂലകോശങ്ങൾ സജീവമാകുകയും പുതിയ മുടി വളരുകയും ചെയ്യും.

കോർട്ടികോസ്‌റ്റിറോൺ, GAS 6 ന്റെ ഉൽപാദനത്തെ തടയുന്നതായി പഠനത്തിൽ കണ്ടു. സ്‌ട്രെസ് ഹോർമോണിന്റെ അഭാവത്തിൽ ഈ പ്രോട്ടീൻ മുടി നാരുകളുടെ വളർച്ച വേഗത്തിലാക്കുന്നു എന്നും പഠനങ്ങളിൽ വ്യക്തമായി.

എലികളിൽ നടത്തിയ ആദ്യഘട്ട പഠനത്തിനു ശേഷം മനുഷ്യരിൽ ഇത് ഉപയോഗിക്കുന്നതിനു മുൻപ് നിരവധി പഠനങ്ങൾ നടത്തേണ്ടതുണ്ട്. ഹാർവഡ് ടെക്‌നോളജി ഡെവലപ്മെന്റിനാണ്ഈ കണ്ടെത്തലിന്റെ ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്.

ഭാവിയിൽ പ്രോട്ടീൻ ക്രീം വിപണിയിലെത്തുമ്പോൾ ദശലക്ഷക്കണക്കിന് ആളുകൾക്ക് വലിയ ഒരു ആശ്വാസമാകും. ഹാർവഡ് സ്റ്റെം സെൽ ഇൻസ്റ്റിറ്റ്യൂട്ട്, കേംബ്രിഡ്‌ജിലെ ഡിപ്പാർട്മെന്റ് ഓഫ് ഡെർമറ്റോളജി, ന്യൂയോർക്കിലെ മൗണ്ട് സിനായിയിലെ ഇക്കാൻ സ്‌കൂൾ ഓഫ് മെഡിസിൻ, ഹാർവഡ് മെഡിക്കൽ സ്‌കൂൾ, ബോസ്‌റ്റൺ തുടങ്ങി നിരവധി സ്ഥാപനങ്ങളിലെ ഗവേഷകർ ചേർന്നാണ് ഈ പഠനം നടത്തിയത്. ശാസ്ത്രരംഗത്തെ ഒരു വഴിത്തിരിവായേക്കാവുന്ന ഈ പഠനം നേച്ചർ മാഗസിനിൽ പ്രസിദ്ധീകരിച്ചു.

Back to top button
error: