വളര്‍ത്തുനായ്ക്കളുടെ ആക്രമണത്തില്‍ യുവതിക്ക് ഗുരുതര പരിക്ക്. കോഴിക്കോട് താമരശേരിയില്‍ അമ്പായത്തോടിലെ ഫൗസിയ എന്ന യുവതിയെയാണ് നായ ആക്രമിച്ചത്. രാവിലെ ജോലിക്ക് പോവുകയായിരുന്ന സ്ത്രീയെ നടുറോഡിലിട്ട് നായകള്‍ കടിക്കുകയായിരുന്നു. ഫൗസിയയെ നായകളുടെ ആക്രമണത്തില്‍ നിന്നും രക്ഷിക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും കടി വിടാന്‍ ഇവ തയ്യാറായില്ല. വളരെ പണിപ്പെട്ടാണ് ഒടുവില്‍ ആളുകള്‍ ഫൗസിയയെ രക്ഷിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ഫൗസിയ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
താമരശ്ശേരി വെഴുപ്പൂര്‍ എസ്റ്റേറ്റ് ഉടമ ജോളി തോമസിന്റെ ചെറുമകന് റോഷന്റെ നായകളാണ് ഫൗസിയയെ ആക്രമിച്ചത്. സംഭവത്തില്‍ റോഷന് ഇപ്പോള്‍ താമരശ്ശേരി പൊലീസിന്റെ കസ്റ്റഡിയിലാണ്. നേരത്തേയും നിരവധിയാളുകള്‍ക്ക് ഈ നായകളുടെ കടിയേറ്റിട്ടുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. വിദേശയിനം നായകളെ അടച്ചിടാതെ തീര്‍ത്തും അശ്രദ്ധമായി അഴിച്ചു വിട്ടു വളര്‍ത്തുന്നതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇന്നത്തെ അക്രമത്തിന് ശേഷം എസ്റ്റേറ്റിന് മുന്നില്‍ തടിച്ചു കൂടിയ നാട്ടുകാര്‍ പൊലീസിനെ വിളിച്ചു വരുത്തി റോഷനെ അറസ്റ്റ് ചെയ്യിപ്പിക്കുകയായിരുന്നു.