KeralaLead NewsNEWS

റേഷൻ കട വഴി സബ്സിഡി സാധന വിതരണം മാവേലി സ്റ്റോർ ഇല്ലാത്തിടത്തു മാത്രം: മന്ത്രി ജി.ആർ. അനിൽ

മാവേലി സ്റ്റോറുകളുടെ സേവനം ലഭിക്കാൻ പ്രയാസമുള്ള പ്രദേശങ്ങളിൽ തിരഞ്ഞെടുത്ത നിശ്ചിത എണ്ണം റേഷൻ കടകൾ വഴി സബ്സിഡി സാധനങ്ങൾ ലഭ്യമാക്കുമെന്നും മാവേലി സ്റ്റോറുകളിലൂടെ ലഭ്യമാകുന്ന സബ്സിഡി സാധനങ്ങൾ സംസ്ഥാനത്തെ എല്ലാ റേഷൻ കടകൾ വഴിയും വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്നും ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.

മാവേലി സ്റ്റോറുകളിലൂടെ കാർഡ് ഉടമകൾക്കു കുറഞ്ഞ നിരക്കിൽ സബ്സിഡി സാധനങ്ങൾ ലഭിക്കുന്നുണ്ട്. എന്നാൽ, ചില ഉൾപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് മാവേലി സ്റ്റോറുകളുടെ അഭാവംമൂലം സബ്സിഡി സാധനങ്ങൾ വാങ്ങുന്നതിനു പ്രയാസം നേരിടുന്നുവെന്ന പരാതി ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സമീപ പ്രദേശങ്ങളിൽ മാവേലി സ്റ്റോറുകൾ നിലവിലില്ലാത്ത ഇടങ്ങളിലെ റേഷൻ ഷോപ്പുകൾ തെരഞ്ഞെടുത്തു സബ്സിഡി സാധനങ്ങൾ ലഭ്യമാക്കുന്ന നടപടി ആരംഭിക്കാൻ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.

Signature-ad

അതേസമയം, സംസ്ഥാനത്ത് ഒക്ടോബറിലുണ്ടായ മഴക്കെടുതിയിൽ റേഷൻ കാർഡ് നഷ്ടപ്പെട്ടവർക്കു കാർഡുകൾ നൽകുന്നതിനു നടപടി സ്വീകരിച്ചതായി ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. കോട്ടയത്തെ കൂട്ടിക്കൽ, മണിമല പ്രദേശങ്ങളിൽ കാർഡുകൾ നഷ്ടമായവർക്ക് നാളെ (നവംബർ 13) മന്ത്രി നേരിട്ടെത്തി വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

മഴക്കെടുതിയിൽ മാവേലി സ്റ്റോറുകൾക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്. കൂട്ടിക്കൽ മാവേലി സ്റ്റോർ പൂർണമായും മണിമല മാവേലി സ്റ്റോർ ഭാഗികമായും തകർന്നു. ഈ പ്രദേശങ്ങളിൽ അവശ്യ സാധന ദൗർലഭ്യം നേരിടുന്നതായി ശ്രദ്ധയിൽപ്പെട്ട ഉടൻ മാവേലി മൊബൈൽ യൂണിറ്റുകളുടെ സേവനം ലഭ്യമാക്കി. കൂട്ടിക്കൽ മാവേലി സ്റ്റോറിന്റെ അറ്റകുറ്റപ്പണികൾക്ക് 10 ലക്ഷം രൂപ അനുവദിച്ചു. ഇതിന്റെ നിർമാണം നടക്കുകയാണ്. നവംബർ 20 മുതൽ പ്രവർത്തനം ആരംഭിക്കും. മണിമല മാവേലി സ്റ്റോറും അറ്റകുറ്റപ്പണി പൂർത്തിയാക്കി പ്രവർത്തനം ആരംഭിക്കുമെന്നു മന്ത്രി പറഞ്ഞു.

Back to top button
error: