BusinessTRENDING

റിവോള്‍വിംഗ് ഫണ്ട്: ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മന്ത്രി  റിയാസ് ഉദ്ഘാടനം ചെയ്തു, ടൂറിസം ജീവനക്കാര്‍ക്ക് 10,000 രൂപ വരെ പലിശരഹിത വായ്പ ലഭിക്കും

 

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി അതിജീവിക്കുന്നതിന് ടൂറിസം മേഖലയിലെ ജീവനക്കാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ റിവോള്‍വിംഗ് ഫണ്ടിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലിന്‍റെ ഉദ്ഘാടനം ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു. ടൂറിസം മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്ക് 10,000 രൂപ വരെ ഈടും പലിശയും ഇല്ലാതെ വായ്പ നല്‍കുന്നതാണ് പദ്ധതി.

കോവിഡ് പ്രതിസന്ധി ടൂറിസം മേഖലയില്‍ തൊഴിലെടുക്കുന്നവരെ പ്രത്യക്ഷമായും പരോക്ഷമായും സാരമായി ബാധിച്ചിട്ടുണ്ടെന്നും അവര്‍ക്ക് ഏറെ സഹായകമാകുന്നതായിരിക്കും ഈ വായ്പാ പദ്ധതിയെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും ഈ മാതൃകയില്‍ ഒരു റിവോള്‍വിംഗ് ഫണ്ട് പദ്ധതി പ്രഖ്യാപിച്ചിട്ടില്ല.

കാരവന്‍ ടൂറിസം പോലെ കൂടുതല്‍ നൂതന പദ്ധതികള്‍ ടൂറിസം വകുപ്പ് ആലോചിച്ചുവരികയാണ്. പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കണ്ടെത്തി സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായുള്ള ടൂറിസം വകുപ്പിന്‍റെ ശ്രമങ്ങളുടെ ഭാഗമായി സാംസ്കാരിക വകുപ്പുമായി ചേര്‍ന്ന് സിനിമാ ടൂറിസത്തിന്‍റെ സാധ്യതകള്‍ തേടും. ശ്രദ്ധേയങ്ങളായ മലയാള സിനിമകളുടെ ഷൂട്ടിംഗ് നടന്ന സ്ഥലങ്ങള്‍ ആളുകള്‍ക്ക് കൗതുകമുളവാക്കുന്നവയാണ്. പ്രകൃതിരമണീയമായ ഒട്ടേറെ സ്ഥലങ്ങള്‍ സിനിമയുടെ ഭാഗമായിട്ടുണ്ട്. ചില സ്ഥലങ്ങള്‍ സിനിമയുടെ പേരില്‍ തന്നെയാണ് അറിയപ്പെടുന്നത്. ഇത്തരം സ്ഥലങ്ങള്‍ വിനോദസഞ്ചാര പ്രദേശങ്ങളായി അടയാളപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. സംസ്ഥാനത്തെ 14 ജില്ലകളിലും ഇതിന്‍റെ സാധ്യത തേടും. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ സാംസ്കാരിക വകുപ്പുമായി വരുംദിവസങ്ങളില്‍ ചര്‍ച്ചചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Back to top button
error: