കഴിഞ്ഞ സംസ്ഥാന മന്ത്രിസഭയിൽ സഹകരണ മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. എഴുതിയ ‘കേരള സമ്പദ്‌വ്യവസ്ഥയും സഹകരണ മേഖലയും- സാർഥകമായ അഞ്ചു സഹകരണ വർഷങ്ങൾ 2016-2021’ എന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. നിയമസഭാ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ സഹകരണ മന്ത്രി വി.എൻ. വാസവൻ മുഖ്യമന്ത്രിയിൽനിന്നു പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി.
രാജ്യത്തു വളർന്നുവരുന്ന സാമ്പത്തിക അസമത്വങ്ങളുടേയും ചൂഷണാധിഷ്ഠിത സാമ്പത്തിക സാമൂഹിക നിയമങ്ങളുടേയും നടുവിൽ കേരളത്തിലെ സഹകരണ മേഖല നടത്തുന്ന വിജയകരമായ ജൈത്രയാത്ര പുസ്‌കകം വ്യക്തമായി വിശദീകരിക്കുന്നുണ്ടെന്ന് അധ്യക്ഷ പ്രസംഗത്തിൽ മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കേരള സമൂഹത്തിന്റെ വളർച്ചയിൽ സഹകരണ മേഖലയുടെ പ്രാധാന്യം എന്താണെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണിത്. സംസ്ഥാനം ഇന്ന് ഒന്നാം സ്ഥാനത്ത് എത്തി നിൽക്കുന്ന പല രംഗങ്ങളിലും സഹകരണ പ്രസ്ഥാനങ്ങൾ വലിയ പിന്തുണയാണു നൽകുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. കൃതജ്ഞതയർപ്പിച്ചു. സഹകരണ മന്ത്രിയെന്ന നിലയിൽ അദ്ദേഹം ആർജിച്ച അനുഭവങ്ങളുടേയും വിലയിരുത്തലുകളുടേയും അടിസ്ഥാനത്തിൽ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണു പുസ്തകം. സാഹിത്യ പ്രവർത്തക സഹകരണ സംഘമാണു പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.