KeralaLead NewsNEWS

പൃഥ്വിരാജിന്റെ ‘ജന ഗണ മന’യുടെ ചിത്രീകരണം; എതിര്‍പ്പുമായി മൈസൂര്‍ കോളേജിലെ വിദ്യാര്‍ഥികളും അധ്യാപകരും

മൈസൂരുവിലെ മഹാരാജ കോളേജില്‍ നടന്ന മലയാള സിനിമാ ചിത്രീകരണത്തില്‍ എതിര്‍പ്പുമായി അധ്യാപകരും വിദ്യാര്‍ഥികളും. പൃഥ്വിരാജിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ‘ജന ഗണ മന’ എന്ന സിനിമയുടെ ചിത്രീകരണമാണ് എതിര്‍പ്പിനിടയാക്കിയത്.

മൈസൂരു സര്‍വകലാശാലയ്ക്ക് കീഴിലുള്ള ഈ കോളേജില്‍ പ്രവൃത്തിദിവസങ്ങളായ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ചിത്രീകരണം നടന്നതാണ് അധ്യാപകരെ ചൊടിപ്പിച്ചത്. അധ്യയനദിവസങ്ങളില്‍ ചിത്രീകരണം നടത്താന്‍ അനുമതി നല്‍കിയ സര്‍വകലാശാലയുടെ നടപടി ശരിയല്ലെന്നാണ് അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും നിലപാട്. അവധി ദിവസങ്ങളിലും ഞായറാഴ്ചകളിലും ചിത്രീകരണം നടത്താന്‍ അനുവദിക്കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും അവര്‍ പറയുന്നു. അധ്യയനദിവസം സിനിമാചിത്രീകരണം പാടില്ലെന്ന് ആവശ്യപ്പെട്ട് ഒട്ടേറെത്തവണ സര്‍വകലാശാലയ്ക്ക് കത്തെഴുതിയിട്ടുണ്ടെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.

Signature-ad

കോടതിരംഗമാണ് കോളേജ് കാമ്പസിലെ രണ്ടിടങ്ങളിലായി ചിത്രീകരിച്ചത്. വരുമാനം ലഭിക്കാനായി കോളേജില്‍ ചിത്രീകരണം നടത്താന്‍ സര്‍വകലാശാല അനുമതി നല്‍കാറുണ്ട്. അതേസമയം, പ്രശ്നം കോളേജിന്റെ അധികാരപരിധിയില്‍ വരുന്നതല്ലെന്ന് ഉന്നയിച്ച് വിഷയത്തില്‍ പ്രതികരിക്കാന്‍ പ്രിന്‍സിപ്പല്‍ തയ്യാറായില്ല. ക്ലാസുകള്‍ തടസ്സപ്പെടുത്തിക്കൊണ്ടല്ല ചിത്രീകരണമെന്ന് സര്‍വകലാശാല രജിസ്ട്രാര്‍ പ്രൊഫ. ആര്‍. ശിവപ്പ പറഞ്ഞു. ഇതുസംബന്ധിച്ച നിബന്ധനകളോടെയാണ് അനുമതി നല്‍കിയത്. ഭാഷാ വിവേചനമില്ലാതെ കോളേജ് സിനിമാ ചിത്രീകരണത്തിന് നല്‍കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പൈതൃക കെട്ടിടമായ മഹാരാജ കോളേജ് കന്നഡ, തമിഴ്, മലയാളം, തെലുങ്ക് സിനിമകളുടെ പ്രിയപ്പെട്ട ചിത്രീകരണ കേന്ദ്രമാണ്. കോളേജ്, കോടതി, സര്‍ക്കാര്‍ ഓഫീസ് എന്നിവയാണ് മഹാരാജ കോളേജില്‍ പ്രധാനമായി ചിത്രീകരിക്കാറുള്ളത്.

Back to top button
error: