താന്‍ നീതിക്കും സത്യത്തിനും വേണ്ടിയുള്ള യുദ്ധത്തിലാണെന്നും പിന്തുണ വേണമെന്നും സ്വന്തം നാട്ടുകാരോട് നടൻദിലീപ്
“ഞാനിപ്പോൾ നേരിടുന്ന പ്രശ്നമെന്താണെന്ന് എല്ലാവർക്കും അറിയാം. ഞാൻ ജയിലിൽ നിന്നിറങ്ങിയ സമയത്ത് ആലുവയിലെ ജനങ്ങളാണ് എനിക്ക് ആവേശം പകർന്നു തന്നത്. എന്നെ മാറ്റിനിർത്താതെ ഒപ്പം ചേർത്ത് ‘ഞങ്ങളുണ്ട് കൂടെ’ എന്ന് പറഞ്ഞ ആ നിമിഷം എന്നെ സംബന്ധിച്ച് അത്യന്തം വിലപ്പെട്ടതാണ്…”
ആലുവ: നീതിക്കും സത്യത്തിനും വേണ്ടിയുള്ള യുദ്ധത്തിലാണ് താൻ എന്ന് നടൻ ദിലീപ്. സ്വന്തം നാട്ടുകാർ ഈ പോരാട്ടത്തിൽ തന്നോടൊപ്പം ഉണ്ടാകണമെന്ന് ആലുവ നഗരസഭയുടെ ശതാബ്ദി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കവേ നടൻ പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ച് നേരിട്ട് പരാമർശിക്കാതെയായിരുന്നു ദിലീപിന്റെ അഭ്യർത്ഥന. വൻവിവാദം സൃഷ്ടിച്ച ഈ കേസിൽ ഗൂഢാലോചനാക്കുറ്റം ചുമത്തി പ്രതിചേർക്കപ്പെട്ട ദിലീപിന് മൂന്നു മാസം ആലുവ സബ് ജയിലിൽ കഴിയേണ്ടി വന്നു.
”ഞാനിപ്പോൾ നേരിടുന്ന പ്രശ്നമെന്താണെന്ന് എല്ലാവർക്കും അറിയാം. ഞാൻ ജയിലിൽ നിന്നിറങ്ങിയ സമയത്ത് ആലുവയിലെ ജനങ്ങളാണ് എനിക്ക് ആവേശം പകർന്നു തന്നത്. എന്നെ മാറ്റിനിർത്താതെ ഒപ്പം ചേർത്ത് ‘ഞങ്ങളുണ്ട് കൂടെ’ എന്ന് പറയുന്ന ഈയൊരു നിമിഷം എന്നെ സംബന്ധിച്ച് വിലമതിക്കാനാവാത്തതാണ്. ഞാൻ നീതിക്കും സത്യത്തിനും വേണ്ടിയുള്ള യുദ്ധത്തിലാണ്. നിങ്ങളുടെ എല്ലാവരുടെയും പിന്തുണ എന്നോടൊപ്പമുണ്ടാകണമെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു… ” ദിലീപ് വികാരഭരിതനായി അഭ്യർത്ഥിച്ചു.
ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. ആഘോഷങ്ങളുടെ ലോഗോ പ്രകാശനവും തീം സോങ് അവതരണവും ദിലീപ് നിർവഹിച്ചു. നഗരസഭ ചെയർമാൻ എം.ഒ. ജോൺ, വൈസ് ചെയർപേഴ്സൻ ജെബി മേത്തർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.