NEWS

ജോജു ജോർജ് സിപിഎമ്മിന്റെ ചട്ടുകം, ബി ഉണ്ണികൃഷ്ണനും സി.പി.എമ്മും ചേർന്ന് ഒത്തുതീർപ്പ് ശ്രമങ്ങൾ അട്ടിമറിച്ചു; ജോജുവിൻ്റെ കോലം കത്തിച്ചു കൊണ്ട് ടോണി ചമ്മിണിയും മറ്റ് പ്രതികളും കീഴടങ്ങി

“ബി. ഉണ്ണികൃഷ്ണന്റെ രാഷ്ട്രീയം എന്താണെന്ന് എല്ലാവർക്കും അറിയാം. സി.പി.എമ്മിന് കുഴലൂതുകയാണ് അദ്ദേഹം. കോൺഗ്രസ് സമരത്തെ അലങ്കോലമാക്കിയ ജോജു സി.പി.എം സമ്മേളന റാലകളിൽ ജനങ്ങളുടെ ഗതാഗതം തടസ്സപ്പെടുമ്പോൾ എതിർപ്പ് പ്രകടിപ്പിക്കുമോ…? സിപിഎം റാലിക്കെതിരെ പ്രതികരിച്ചാൽ ജോജുവിന്റെ അനുശോചനയോഗം നടത്തേണ്ടിവരും… “

കൊച്ചി: നടൻ ജോജു ജോർജിന്റെ ലാൻഡ് റോവർ ഡിഫൻഡർ കാർ അടിച്ചുതകർത്ത കേസിൽ കൊച്ചി മുൻ മേയറും കോൺഗ്രസ് നേതാവുമായ ടോണി ചമ്മിണി ഉൾപ്പടെ അഞ്ച് നേതാക്കൾ കീഴടങ്ങി.
മരട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ പ്രമുഖ നേതാക്കളോടൊപ്പം പ്രകടനമായി എത്തിയാണ് പ്രതികൾ മരട് പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.
ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പ്രവർത്തകർക്കെതിരേ കേസ് എടുത്തിരിക്കുന്നത്. പ്രവർത്തകർ ജോജു ജോർജിന്റെ കോലം കത്തിച്ചു.

തനിക്കെതിരെ വ്യാജ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നതെന്നും നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും ടോണി ചമ്മിണി പ്രതികരിച്ചു. അധികൃതരേയും ജനങ്ങളേയും അറിയിച്ച ശേഷമുള്ള സമരമാണ് ഇന്ധന വില വർധനവിനെതിരെ കോൺഗ്രസ് നടത്തിയത്. സമരത്തെ അലങ്കോലപ്പെടുത്താൻ ജോജു ശ്രമിച്ചെന്നും ഇതിൽ പ്രകോപിതരായാണ് പ്രവർത്തകർ പ്രതികരിച്ചതെന്നും ടോണി ചമ്മിണി പറഞ്ഞു.

ജോജു സി.പി.എമ്മിന്റെ ചട്ടുകമായി പ്രവർത്തിക്കുകയാണെന്ന് അദ്ദേഹംആരോപിച്ചു. ഗതാഗതക്കുരുക്ക് കണ്ട ശേഷം ആരുടെ സമരം എന്ന് ചോദിച്ച ശേഷമാണ് ജോജു പുറത്തിറങ്ങിയത്. കോൺഗ്രസിന്റെ സമരമായതിനാലാണ് ജോജു പ്രതികരിച്ചത്. സംവിധായകൻ ബി ഉണ്ണികൃഷ്ണനും സിപിഎമ്മും ചേർന്നാണ് കേസിലെ ഒത്തുതീർപ്പ് ശ്രമങ്ങൾ അട്ടിമറിച്ചതെന്നും ടോണി ചമ്മിണി ആരോപിച്ചു.

ഏതൊരാൾക്കും രാഷ്ട്രീയമാകാം. പക്ഷേ ഒരു പാർട്ടിയുടെ ചട്ടുകമായി മാറി മറ്റ് രാഷ്ട്രീയ പാർട്ടികളുടെ വിഷയത്തിൽ ഇടപെടുന്നത് ശരിയല്ല. ബി. ഉണ്ണികൃഷ്ണന്റെ രാഷ്ട്രീയം എന്താണെന്ന് എല്ലാവർക്കും അറിയാം. സി.പി.എമ്മിന് കുഴലൂതുകയാണ് അദ്ദേഹം ചെയ്യുന്നതെന്നും ടോണി ചമ്മിണി കുറ്റപ്പെടുത്തി. കോൺഗ്രസിന്റെ സമരത്തെ അലങ്കോലമാക്കിയ ജോജു സി.പി.എം സമ്മേളന റാലകളിൽ ജനങ്ങളുടെ ഗതാഗതം തടസ്സപ്പെടുമ്പോൾ എതിർപ്പ് പ്രകടിപ്പിക്കുമോയെന്നും ചമ്മിണി ചോദിച്ചു. സിപിഎം റാലിക്കെതിരെ പ്രതികരിച്ചാൽ ജോജുവിന്റെ അനുശോചനയോഗം നടത്തേണ്ടിവരുമെന്നും അദ്ദേഹം പരിഹസിച്ചു.

പരസ്യമായി എതിർക്കുന്നത് പോയിട്ട് ഫെയ്സ്ബുക്കിൽ ഒരു പോസ്റ്റ് ഇടാൻ പോലും ജോജുവിന് ധൈര്യമുണ്ടാകില്ല. മറ്റ് രാഷ്ട്രീയ പാർട്ടികളും മത സമുദായ സംഘടനകളും ഗതാഗതം തടസ്സപ്പെടുത്തി നടത്തുന്ന പരിപാടികൾക്കെതിരെ കൂടി പ്രതികരിച്ചാൽ മാത്രമേ ജോജു ജോർജ് കോൺഗ്രസ് സമരത്തിൽ പ്രകടിപ്പിച്ചത് തന്റെ പൊതുനിലപാടാണെന്ന് കരുതാനാകൂവെന്നും ടോണി ചമ്മിണി പറഞ്ഞു.

Back to top button
error: