NEWS

വനിതാഡോക്ടർക്കും കുടുംബത്തിനും ഐശ്വര്യം ലഭിക്കാൻ മന്ത്രവാദം, ഉസ്താദ് 45 പവന്റെ സ്വര്‍ണവും മോഷ്ടിച്ച് മുങ്ങി

ഫറോക്ക് സ്വദേശിനി വനിതാ ഡോക്ടറാണ് കുടുംബത്തിന് ഐശ്വര്യം ലഭിക്കാൻ മന്ത്രവാദം നടത്തിയത്. ചികിത്സയ്‌ക്കായി ക്ലിനിക്കില്‍ എത്തുന്ന സ്ത്രീയാണ് ഉസ്താദിനെ ഡോക്ടര്‍ക്ക് പരിചയപ്പെടുത്തിയത്. ഐശ്വര്യ ചികിത്സയ്‌ക്ക് സ്വര്‍ണം ആവശ്യപ്പെട്ടപ്പോൾ ഡോക്ടര്‍ വിസമ്മതം പ്രകടിപ്പിച്ചെങ്കിലും ഒടുവിൽ വഴങ്ങി

മലപ്പുറം: വനിതാ ഡോക്ടര്‍ക്കും കുടുംബത്തിനും ഐശ്വര്യ ചികിത്സ നടത്തിയ മന്ത്രവാദി 45 പവന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു മുങ്ങി. ഫറോക്ക് സ്വദേശിനിവനിതാ ഡോക്ടറാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. സംഭവത്തില്‍ മലപ്പുറം സ്വദേശികളായ ഉസ്താദിനും രണ്ട് സഹായികള്‍ക്കുമെതിരെ ഫറോക്ക് പോലീസ് കേസെടുത്തു.
പ്രതികളുടെ പൂര്‍ണവിവരങ്ങള്‍ പരാതിക്കാരിക്ക് കൃത്യമായി അറിയാത്തതിനാല്‍ തട്ടിപ്പ് നടത്തിയവരെ കണ്ടെത്താനായിട്ടില്ല.

ചികിത്സയ്‌ക്ക് സ്ഥിരമായി ക്ലിനിക്കില്‍ എത്തുന്ന സ്ത്രീയാണ് മന്ത്രവാദം നടത്താന്‍ ഡോക്ടറെ പ്രേരിപ്പിച്ചത്. ഉസ്താദിനെ ഡോക്ടര്‍ക്ക് പരിചയപ്പെടുത്തിയതും ഇവരാണ്. ഐശ്വര്യ ചികിത്സയ്‌ക്ക് സ്വര്‍ണം ആവശ്യപ്പെട്ടതോടെ ഡോക്ടര്‍ പിന്‍വാങ്ങി. ഇതേതുടര്‍ന്ന് സ്വര്‍ണം നല്‍കേണ്ടെന്നും സ്വര്‍ണം ക്ലിനിക്കിലെ അലമാരയില്‍ സൂക്ഷിക്കാനും നിര്‍ദ്ദേശം നല്‍കി.

ഇതിന് പിന്നാലെ ഉസ്താദ് ഇടക്കിടെ വന്ന് മന്ത്രം ചൊല്ലി ഈ സ്വര്‍ണത്തിന് ഊതുകയും ചെയ്തു. പറഞ്ഞ സമയം കഴിഞ്ഞ് അലമാര പരിശോധിച്ചപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ടതായി ഡോക്ടര്‍ അറിയുന്നത്. ഇതേത്തുടര്‍ന്നാണ് ഇവര്‍ പരാതി നല്‍കിയത്. പോലീസ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അന്വേഷണം.

Back to top button
error: