NEWS

തൂക്കം 240 കിലോ, ഒരു വർഷം കൊണ്ട് 110ലെത്തും; ശസ്ത്രക്രിയയിലൂടെ ജസ്റ്റിന് ജീവിതം തിരിച്ചു കൊടുത്തത് ബിലീവേഴ്‌സ് ചര്‍ച്ച് ആശുപത്രി

ആഴ്ചയിൽ  50 ബര്‍ഗര്‍ കഴിക്കുകയും 10 ലിറ്ററിലധികം കൊക്കൊകോള കുടിക്കുകയും ചെയ്തതിലൂടെ ആലപ്പുഴ ചമ്പക്കുളം സ്വദേശി ജസ്റ്റിന് ശരീരഭാരം 240 കിലോയായി. തിരുവല്ല ബിലിവേഴ്‌സ് ചര്‍ച്ച് ആശുപത്രിയിൽ നടത്തിയ കഠിന ശസ്ത്രക്രീയയിലൂടെയാണ് ഈ 32 കാരൻ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത് .ആശുപത്രി വിടുമ്പോള്‍ 35 കിലോ കുറഞ്ഞു. ഒരു വര്‍ഷം കൊണ്ട് തൂക്കം 110 കിലോയിലെത്തിക്കാനാവും

പത്തനംതിട്ട: കോവിഡ് ലോക്ഡൗണ്‍ കാലത്തെ അനിയന്ത്രിത ഭക്ഷണം മൂലം അമിതമായി ശരീരഭാരം കൂടിയ യുവാവിന്റെ ജീവന്‍ രക്ഷിച്ച് തിരുവല്ല ബിലിവേഴ്‌സ് ചര്‍ച്ച് ആശുപത്രി. ആഴ്ചയില്‍ 50 ബര്‍ഗര്‍ കഴിക്കുകയും 10 ലിറ്ററിലധികം കൊക്കൊകോള കുടിക്കുകയും ചെയ്തതു മൂലം ശരീരഭാരം 240 കിലോയിലെത്തിയ ആലപ്പുഴ ചമ്പക്കുളം സ്വദേശി ജസ്റ്റിനാണ് (32) ആശുപത്രിയിലെ പത്തോളം സപെഷാലിറ്റി വിഭാഗങ്ങളുടെ ഏകോപിപ്പിച്ചുള്ള ചികില്‍സയിലുടെ ജീവിതത്തിലേക്ക് മടങ്ങി എത്തിയത്.

ജസ്റ്റിന്‍ ബംഗളൂരുവില്‍ ഐ.ടി രംഗത്താണ് ജോലി ചെയ്തിരുന്നത്. നേരത്തേ 150 കിലോഗ്രാം തൂക്കമുണ്ടായിരുന്ന ജസ്റ്റിന് കോവിഡ് കാലത്ത് ഇത് 240 കിലോഗ്രാമായി വര്‍ധിച്ചു.
ദിവസേന ബര്‍ഗര്‍ പോലെയുള്ള ഭക്ഷ്യവസ്തുക്കളും കോളയടക്കമുള്ള ശീതള പാനീയങ്ങളും കഴിച്ച് ശരീരഭാരം വർദ്ധിച്ചത് ജസ്റ്റിന്റെ ജീവന് തന്നെ ഭീഷണിയായി. ജാര്‍ഖണ്ഡിലായിരുന്ന മാതാപിതാക്കള്‍ മകന്റെ അമിത വണ്ണം കണ്ട് ഭയന്ന് നാട്ടിലെത്തി. ജസ്റ്റിനെ ബിലിവേഴ്‌സ് ചർച്ച് ആശുപത്രിയിലെത്തിച്ച് ചികില്‍സ തേടി.

ഹോര്‍മോണ്‍ വ്യതിയാനമാണ് അമിത വണ്ണത്തിന് കാരണമെന്ന് സംശയിച്ചാണ് എന്‍ഡോക്രൈനോളജിസ്റ്റ് ഡോ. ഫിലിപ്പ് ഫിന്നിയെ സമീപിച്ചത്.
ജങ്ക് ഫുഡ് കഴിക്കുന്നതല്ലാതെ അമിത വണ്ണമുണ്ടാക്കുന്ന മറ്റു കാരണങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. എങ്കിലും മാരകമായ പൊണ്ണത്തടി ജസ്റ്റിന്റെ ജീവന് തന്നെ ഭീഷണിയാണെന്ന് മനസിലാക്കി ബെറിയാട്രിക്ക് ശസ്ത്രക്രിയക്ക് അദ്ദേഹം നിര്‍ദ്ദേശിച്ചു. ജസ്റ്റിനെ രക്ഷിക്കാന്‍ ആശുപത്രിയിലെ മെഡിക്കല്‍ – നോണ്‍ മെഡിക്കല്‍ വിഭാഗങ്ങള്‍ ഒരേ പോലെ പ്രവര്‍ത്തിച്ചു. പക്ഷേ ശരീര ഭാരം അല്‍പമെങ്കിലും കുറയ്ക്കാതെ ശസ്ത്രക്രിയ നടത്തുന്നത് അപകടകരമാണെന്ന് കണ്ട് അതിനായുള്ള ഒരുക്കം തുടങ്ങി.

ആശുപത്രി ഡയറക്ടറും സി.ഇ.ഒയുമായ ഡോ. ജോര്‍ജ് ചാണ്ടിയുടെ നേതൃത്വത്തില്‍ എന്‍ഡോക്രൈനോളജിസ്റ്റ് ഡോ. ഫിലിപ്പ് ഫിന്നി, പി.എം.ആര്‍ കണ്‍സള്‍ട്ടന്റ് ഡോ. തോമസ് മാത്യു, പി.എം.ആര്‍ മേധാവി ഡോ. റോഷിന്‍, ഗാസ്‌ട്രോ സര്‍ജന്‍ ഡോ. സുജിത്ത് ഫിലിപ്പ്, അനസ്‌തേഷ്യനിസ്റ്റ് ഡോ. ജിന്‍സി ആന്‍, ചീഫ് ഡയറ്റീഷ്യന്‍ ജ്യോതി കൃഷ്ണ തുടങ്ങി പത്തോളം സ്‌പെഷലിസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റുകളുടെ സഹകരണത്തോടെ സര്‍ജറിക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.
ഇന്ത്യയില്‍ മാത്രമല്ല, ലോകത്ത് തന്നെ ഇത്രയും ഭാരം കൂടിയ ആളെ ശസ്ത്രക്രിയ ചെയ്യുന്നത് അപൂര്‍വമാണ്.
അതു കൊണ്ടു തന്നെ വളരെ അപകട സാധ്യതയും നിലനില്‍ക്കുന്നു. മുമ്പ് കാനഡയില്‍ 190 കിലോയുള്ള വ്യക്തിയില്‍ ഇത്തരം ശസ്ത്രക്രിയ നടന്നിരുന്നു. ആ ഡോക്ടറുമായി ഗാസ്‌ട്രോ സര്‍ജന്‍ ഡോ. സുജിത്ത് ബന്ധപ്പെട്ട്  ഉപദേശം സ്വീകരിച്ചാണ് ജസ്റ്റിന്റെ ശസ്ത്രക്രിയ നടത്തിയത്.

ശ്വാസകോശരോഗ വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. ബെന്‍സിയും കാര്‍ഡിയോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. ടി.യു സക്കറിയായും ചേര്‍ന്ന് ജസ്റ്റിന്റെ ശ്വാസ കോശങ്ങളുടെയും ഹൃദയത്തിന്റെയും അവസ്ഥ വിലയിരുത്തി. ഡോ.രവി ചെറിയാന്‍ ഹൃദയത്തിലെ രക്തധമനികളെ കൊറോണറി ആന്‍ജിയോഗ്രാമിലൂടെ പരിശോധിച്ചു. അനസ്‌തേഷ്യാ വിഭാഗത്തിലെ ഡോ. ആഷു അടക്കമുള്ള സീനിയര്‍ അനസ്‌തെറ്റിസ്റ്റുകളും എന്‍ജിനീയറിങ് വിഭാഗം മേധാവി അജിത്ത് കുരുവിളയും ചേര്‍ന്ന് പ്രത്യേക പദ്ധതികള്‍ ആസൂത്രണം ചെയ്തു.

ശസ്ത്രക്രിയയ്ക്ക് മൂന്ന് ആഴ്ച്ചകള്‍ക്ക് മുന്‍പേ തന്നെ വ്യായാമവും ഭക്ഷണവും ക്രമീകരിക്കുന്നതിനായി ജസ്റ്റിനെ അഡ്മിറ്റ് ചെയ്തു. പി.എം.ആര്‍ വിഭാഗം മേധാവി ഡോ. റോഷിന്റെയും ഡോ. തോമസ് മാത്യുവിന്റെയും നേതൃത്വത്തില്‍ വിദഗ്ദ്ധ ഫിസിയോ തെറാപ്പിസ്റ്റുകളുടെ സംഘം ജസ്റ്റിന് ഫിസിയോ തെറാപ്പി ആരംഭിച്ചു.
ചീഫ് ഡയറ്റീഷ്യന്‍ ജ്യോതി കൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരമുള്ള ഭക്ഷണ ക്രമീകരണം കര്‍ശനമായി നടപ്പിലാക്കി. കൂട്ടായ പരിശ്രമത്തിന്റെ ഫലമായി ശസ്ത്രക്രിയയ്ക്ക് മുന്‍പേ തന്നെ 16 കിലോ ജസ്റ്റിന് കുറഞ്ഞു.
ഒരു മാസത്തെ തീവ്രശ്രമത്തിനു ശേഷം കഴിഞ്ഞ മാസം അഞ്ചിന് ഗാസ്‌ട്രോ സര്‍ജന്‍ ഡോ.സുജിത്ത് ഫിലിപ്പിന്റെ നേതൃത്വത്തില്‍ ജസ്റ്റിന്റെ ശരീരത്തില്‍ അത്യപൂര്‍വമായ ലാപ്രോസ്‌കോപ്പിക്ക് സ്ലീവ് ശസ്ത്രക്രിയ നടത്തി.

ഇപ്പോൾ ആശുപത്രി വിട്ടെങ്കിലും ഡോക്ടര്‍മാരുടെ സംഘം ജസ്റ്റിനെ നിരീക്ഷിച്ചു വരികയാണ്. വീട്ടിലെത്തിയും ഇദ്ദേഹത്തെ പരിശോധിക്കുന്നു. ആശുപത്രി വിടുമ്പോള്‍ 35 കിലോ തൂക്കം കുറഞ്ഞിട്ടുണ്ട്. ഒരു വര്‍ഷം കൊണ്ട് ചിട്ടയായ വ്യായാമത്തിലൂടെ തൂക്കം 110 കിലോയാക്കി കുറയ്ക്കാന്‍ സാധിക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ഇതിനായി ജസ്റ്റിന്റെ ഭാഗത്ത് നിന്ന് നല്ല സഹകരണവും ലഭിക്കുന്നുണ്ട്. വ്യായാമവും ഭക്ഷണക്രമവും നിലനിര്‍ത്തുക വഴി മാത്രമേ ലക്ഷ്യം സാധിക്കാന്‍ കഴിയുകയുള്ളു.
രണ്ടര ലക്ഷത്തോളം രൂപയാണ് ശസ്ത്രക്രിയയ്ക്ക് ചെലവ് വന്നത്. ജസ്റ്റിന്റെ ശരീരത്തില്‍ ഉപയോഗിക്കാന്‍ പറ്റുന്ന തരത്തിലുള്ള ഉപകരണങ്ങളും സ്‌റ്റെന്റും പ്രത്യേകം ഓര്‍ഡര്‍ ചെയ്ത് നിര്‍മിച്ചതാണ് ഇത്രയും ചെലവ് വരാന്‍ കാരണമായത്.

ഉയര്‍ന്ന തോതിലുള്ള പ്രമേഹവും കൊളസ്‌ട്രോളും ജസ്റ്റിനുണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ഇതെല്ലാം സാധാരണ നിലയിലായി.

Back to top button
error: