Breaking NewsNEWS

‘ആദ്യം ജോജു മാപ്പ്പറയൂ, പിന്നെ ഞങ്ങൾ ആലോചിക്കാം,’ നടൻ ജോജു ജോർജും കോൺഗ്രസും തമ്മിലുള്ള പോര് കടുക്കുന്നു

  1. “ജോജു പറഞ്ഞതെല്ലാം പച്ചക്കളവും അഭാസവുമാണ്. മഹിള കോണ്‍ഗ്രസ് നേതാക്കളുടെ പരാതിയില്‍ കേസെടുത്തില്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കും. പരാതിയില്‍ ഉറച്ച് നില്‍ക്കുന്നു… “ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്
  2. “കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ പരസ്യമായി പിന്‍വലിക്കണം. അതിനു ശേഷം മതി അനുരഞ്ജന ചർച്ചകൾ…” ജോജു ജോർജ്

കൊച്ചി: കോണ്‍ഗ്രസ് സമരത്തിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ജോജു ജോര്‍ജുമായി   ഒത്തുതീര്‍പ്പില്ലെന്ന് എറണാകുളം ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ്. ആദ്യം ജോജു ജോര്‍ജ് പരാതി പിന്‍വലിക്കണമെന്നും ജോജു നേരിട്ടെത്തി ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പറയണമെന്നും മുഹമ്മദ് ഷിയാസ് നിലപാട് കടുപ്പിച്ചു.

ജോജുവിന്റെ സുഹൃത്തുക്കളാണ് സമവായ നിര്‍ദേശം മുന്നോട്ട് വച്ചത്. ജോജു നേരിട്ട് വന്നിട്ടില്ല ഇതു വരെ. ജോജു ആദ്യം ഖേദം പ്രകടിപ്പിക്കട്ടെ, അതിനു ശേഷം പ്രസ്താവന പിന്‍വലിക്കുന്ന കാര്യം കോണ്‍ഗ്രസ് ആലോചിക്കാമെന്നും ഡിസിസി പ്രസിഡന്റ് വ്യക്തമാക്കി.

നേതാക്കള്‍ക്ക് എതിരായ കേസുകളില്‍ തുടര്‍നടപടികള്‍ പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ചു തീരുമാനിക്കും. കോണ്‍ഗ്രസ് നിറവേറ്റിയത് പ്രതിപക്ഷ ധര്‍മമാണ്. ജനങ്ങളെ വെല്ലുവിളിക്കുന്നവരെ മഹത്വവല്‍ക്കരിക്കരുത്.
ജോജു നടത്തിയ തെറി അഭിഷേകം ചാനല്‍ ക്യാമറകളില്‍ ഉണ്ട്. ജോജു പറഞ്ഞതെല്ലാം പച്ചക്കളവും അഭാസവുമാണ്. ജനങ്ങളോടുള്ള വെല്ലുവിളിയാണ് ജോജുവിന്റെ നടപടി.
മഹിള കോണ്‍ഗ്രസ് നേതാക്കളുടെ പരാതിയില്‍ കേസെടുത്തില്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കും. പരാതിയില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.
ഇന്ധന വിലവര്‍ധനക്കെതിരെ കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ വഴിതടയല്‍ സമരത്തിനിടെയാണ് ജോജു ജോര്‍ജ്ജും പാര്‍ട്ടിയും പ്രശ്‌നമുണ്ടാകുന്നത്. ജോജു ജോര്‍ജിന്റെ വാഹനം ആക്രമിച്ച കേസില്‍ പ്രതിക്ക് ജാമ്യം കിട്ടിയില്ല. റിമാന്‍ഡിലുള്ള പ്രതി പിജെ ജോസഫിന്റെ ജാമ്യഹര്‍ജി എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി.

കേസില്‍ ഒത്തുതീര്‍പ്പ് സാധ്യതകള്‍ അവസാനിച്ചിട്ടില്ലെന്ന് ജോജു ജോര്‍ജിന്റെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് സമവായ സാധ്യതകള്‍ക്ക് മങ്ങലേറ്റത്. കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ പരസ്യമായി പിന്‍വലിക്കണമെന്നും അതിനു ശേഷം മതി അനുരഞ്ജന ചർച്ചകൾ എന്നുമാണ് ജോജു ജോർജിൻ്റെ നിലപാട്.

Back to top button
error: