NEWS

ജോജുവിനു മുന്നിൽ അനുരഞ്ജനവുമായി കോൺഗ്രസ്, അരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് തെളിഞ്ഞതോടെ വഴിമുട്ടി ഡി.സി.സി നേതൃത്വം

ഇടപ്പള്ളി മുതൽ വൈറ്റില വരെ റോഡ് ഉപരോധിച്ചുള്ള കോൺഗ്രസിന്റെ സമരം വൻ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് നടൻ ജോജു സമരത്തെ ചോദ്യം ചെയ്തത്. പ്രകോപിതരായ കോൺഗ്രസ് പ്രവർത്തകർ നടന്റെ വാഹനം അടിച്ച് തകർത്തു. മദ്യപിച്ച് വനിതാ പ്രവർത്തകരെ അപമാനിക്കാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് കാണിച്ച് ജോജുവിനെതിരെ പരാതി നൽകുകയും ചെയ്തു. പക്ഷേ പരാതിയിൽ കഴമ്പില്ലെന്ന് പോലീസ് കണ്ടെത്തി

കൊച്ചി: ഒടുവിൽ കോൺഗ്രസ് വഴങ്ങി. ഇന്ധന വില വർധനവിനെതിരേയുള്ള സമരത്തിനിടയിൽ ജോജു ജോർജുമായുണ്ടായ വഴക്ക് ചില്ലറ അപമാനമല്ല കോൺഗ്രസിന് വരുത്തി വച്ചത്. ജോജു മദ്യപിച്ചിരുന്നു വനിതാ പ്രവർത്തകരെ അപമാനിക്കാൻ ശ്രമിച്ചു അസഭ്യം പറഞ്ഞു എന്നീ അരോപണങ്ങൾ വിഴുങ്ങിക്കൊണ്ട് കോൺഗ്രസ് തന്നെ അനുരഞ്ജനത്തിനായി മുന്നോട്ടു വന്നു.
ജോജുവിന്റെ സുഹൃത്തുക്കളുമായി കോൺഗ്രസ് നേതാക്കൾ സംസാരിച്ചെന്നും പ്രശ്നങ്ങൾ പരസ്പരം സംസാരിച്ച് തീർക്കാൻ തീരുമാനിച്ചുവെന്നും ഡി.സി.സി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് അറിയിച്ചു. പെട്ടെന്ന് ഇരുകൂട്ടരുടെയും ഭാഗത്ത് നിന്നുമുണ്ടായ പ്രകോപനമാണ് വാക്കേറ്റത്തിലേക്കും പ്രശ്നങ്ങളിലേക്കും നയിച്ചതെന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞു.

Signature-ad

തിങ്കളാഴ്ച എറണാകുളത്ത് ഇടപ്പള്ളി മുതൽ വൈറ്റില വരെ റോഡ് ഉപരോധിച്ചുള്ള കോൺഗ്രസിന്റെ സമരം വലിയ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് നടൻ ജോജു സമരത്തെ ചോദ്യം ചെയ്തത്. ജോജുവിന്റെ ഇടപെടലിൽ പ്രകോപിതരായ കോൺഗ്രസ് പ്രവർത്തകർ നടന്റെ വാഹനം അടിച്ച് തകർത്തിരുന്നു. മദ്യപിച്ച് വനിതാ പ്രവർത്തകരെ അപമാനിക്കാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് കാണിച്ച് ജോജുവിനെതിരെ പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ ഈ പരാതിയിൽ കഴമ്പില്ലെന്ന് പോലീസ് കണ്ടെത്തി.

ജോജുവിന്റെ പരാതിയിൽ മുൻ മേയർ ടോണി ചമ്മിണി ഉൾപ്പെടെയുള്ള 15 കോൺഗ്രസ് നേതാക്കൾക്കെതിരേയും 50 പ്രവർത്തകർക്കെതിരേയും പോലീസ് കേസെടുത്തു. ടോണി ചമ്മിണി ഉൾപ്പെടെയുള്ള നേതാക്കൾ ഒളിവിലാണെന്നാണ് വിവരം.
ഇരു ഭാഗത്ത് നിന്നും പ്രകോപനമുണ്ടായെന്നും തെറ്റായ കാര്യങ്ങൾ സംഭവിച്ചുവെന്നും കോൺഗ്രസ് നേതൃത്വം സമ്മതിക്കുന്നു. മനുഷ്യസഹജമായ പ്രശ്നങ്ങളാണ് ഉണ്ടായതെന്നും ഇതിൽ പരിഹരിക്കപ്പെടാൻ കഴിയാത്ത കാര്യങ്ങൾ ഒന്നും തന്നെയില്ലെന്നും ഡി.സി.സി അധ്യക്ഷൻ സമ്മതിച്ചു. ജോജുവുമായി ചർച്ച നടത്തി പ്രശ്നങ്ങൾ ഒത്തുതീർപ്പിലേക്ക് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം എം.പി ഹൈബി ഈഡൻ ഉൾപ്പെടെയുള്ള നേതാക്കൾ ഇടപെട്ടാണ് വിഷയത്തിൽ പ്രശ്ന പരിഹാരത്തിന് മുൻകൈയെടുത്തത്. ഇന്ധന വില വർധനവിനെതിരെയാണ് കോൺഗ്രസ് സമരം ചെയ്തതെന്നും അത് ഒരിക്കലും നടൻ ജോജുവിന് എതിരെ അല്ലെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു. സമരത്തിന്റെ ഉദ്ദേശശുദ്ധി നടന് മനസ്സിലായെന്നാണ് ഡി.സി.സി. അധ്യക്ഷൻ്റെ ഭാഷ്യം.

Back to top button
error: