രമേഷ് പിഷാരടി അമൃത ടിവിയിലെ ‘ഫൺസ് അപ് ഓൺ എ ടൈം’ എന്ന വിനോദ പരിപാടിയിൽ പറഞ്ഞ ഒരു കഥ വീഡിയോയായി ചിത്രീകരിച്ച്, അഭിനയിച്ച് താരമായിരിക്കുകയാണ് ആകാശ് രാജ് എന്ന കൊച്ചുമിടുക്കൻ. കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കലിന്റെ മകനാണ് ആകാശ് രാജ്.ക്യാമറയും എഡിറ്റിംഗും സ്വന്തമായി നിർവഹിച്ച ആകാശ് ഒൻപത് കഥാപാത്രങ്ങളുടെ വേഷപകർച്ചയും നടത്തി.
ഒരു മരണ വീട്ടിലെ കോമഡി രംഗങ്ങൾ രമേഷ് പിഷാരടി ഭാവനാത്മകമായി കഥ പറഞ്ഞതിനെയാണ് ആകാശ് രസകരമായി അവതരിപ്പിച്ചത്. രാജീവ് ആലുങ്കലിന്റെ ഫേസ്ബുക്കിൽ ആണ് വീഡിയോ ആദ്യം പോസ്റ്റ് ചെയ്തത്.
നാലു ലക്ഷത്തോളം പേർ വീഡിയോ കണ്ടുകഴിഞ്ഞു ഒരുപാട് പേർ വീഡിയോ ഷെയർ ചെയ്തു. വീഡിയോ ഒരുപാടിഷ്ടപ്പെട്ട രമേഷ് പിഷാരടി ആകാശിനെ വിളിച്ച് അഭിനന്ദിക്കുകയും ഫൺസ് അപ് ഓൺ എ ടൈം എന്ന പരിപാടിയിൽ അതിഥിയായി ക്ഷണിക്കുകയും ചെയ്തു.
മറ്റാരുടെയും സഹായമില്ലാതെ മൊബൈൽ ക്യാമറയിൽ കുട്ടിക്കാലം മുതൽ ഇത്തരം വീഡിയോ ആകാശ് ചെയ്യാറുണ്ടെകിലും ഈ വീഡിയോ ഇത്രയേറെ ജനകീയമാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും കുടുംബത്തിന് ഒരുപാട് സന്തോഷമുണ്ടെന്നും രാജീവ് ആലുങ്കൽ പറഞ്ഞു. ജെറി അമൽദേവിന്റെ ശിക്ഷണത്തിൽ ആകാശ് കിബോർഡ് പഠനം തുടങ്ങിയിട്ടുണ്ട്. ഈ മിടുക്കനെ തേടി സിനിമയിൽ നിന്നും അഭിനയ അവസരങ്ങൾ വന്നുതുടങ്ങി ചേർത്തല കണ്ടമംഗലം ഹൈ സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് ആകാശ് രാജ്. പിആര്‍ഒ റഹിം പനവൂർ.