Lead NewsNEWS

സാമ്പത്തിക തട്ടിപ്പ് കേസ്; മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് അറസ്റ്റില്‍

മുംബൈ: സാമ്പത്തിക തട്ടിപ്പ് കേസില്‍ എന്‍.സി.പി. നേതാവും മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രിയുമായ അനില്‍ ദേശ്മുഖ് അറസ്റ്റില്‍. 12 മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിന് ശേഷമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.

നൂറുകോടി പ്രതിമാസം ശേഖരിക്കാന്‍ പോലീസിനോട് ആഭ്യന്തര മന്ത്രിയായിരുന്ന അനില്‍ ദേശ്മുഖ് ആവശ്യപ്പെട്ടിരുന്നുവെന്നാണ് ആരോപണം. തുടര്‍ന്ന് ഈ വര്‍ഷം ആദ്യം ദേശ്മുഖ് മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. ഇ.ഡി. തനിക്കയച്ച സമന്‍സ് റദ്ദാക്കണമെന്ന് ദേശ്മുഖ് ആവശ്യപ്പെട്ടെങ്കിലും ബോംബെ ഹൈക്കോടതി അംഗീകരിച്ചില്ല. തനിക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്ന ആരോപണങ്ങള്‍ തെറ്റായതും കെട്ടിച്ചമച്ചതുമാണെന്നാണ് അനില്‍ ദേശ്മുഖ് വാദിക്കുന്നത്.

മുംബൈ പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന പരംബീര്‍ സിങ് ദേശ്മുഖിനെതിരെ സാമ്പത്തിക ആരോപണങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കത്തയച്ചിരുന്നു. ഈ കേസില്‍ ദേശ്മുഖിന്റെ രാജി ആവശ്യം ഉന്നയിച്ച് പ്രതിപക്ഷം വലിയ പ്രതിഷേധമുയര്‍ത്തിയിരുന്നു. പരംബീര്‍ സിങ്ങിനെതിരെ ദേശ്മുഖ് മാനനഷ്ടകേസും നല്‍കി. പിന്നീട് പരംബീര്‍ സിങ്ങിനെ കാണാതാവുകയും ചെയ്തു.

Back to top button
error: