സജി വീട്ടിലേക്ക് കയറുന്നത് ഏണിയിലൂടെ, ഹൈവേക്ക് സ്ഥലം വിട്ടുകൊടുത്തതുകൊണ്ട് വെട്ടിലായ കുടുംബം
മുമ്പത്തേതുപോലെ റോഡിൽ നിന്ന് പടികൾ കെട്ടികൊടുക്കാം എന്നായിരുന്നു വാഗ്ദാനം. പക്ഷേ അത് നടപ്പിലായില്ല.വീട്ടിലേക്ക് കയറാൻ ഒരു ചെറുവഴി വെട്ടി കൊടുത്തുകൊണ്ട് കരാറുകൾ തടിതപ്പി. കെ.എസ്.ടി.പി അധികൃതരുടെ മുമ്പിൽ നിരവധി തവണ പരാതിയുമായി ചെന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ല
മണിമല: പുനലൂർ – മൂവാറ്റുപുഴ ഹൈവേയ്ക്ക് സ്ഥലം
വിട്ടുകൊടുത്തതു മൂലം വീട്ടിലേക്ക് കയറാനുള്ള വഴി നഷ്ടപ്പെട്ടിരിക്കുകയാണ് ചെറുവള്ളിക്കാരൻ സജിക്ക്. ചെറുവള്ളി കൈപ്പൻപ്ലാക്കൽ സജി സെബാസ്റ്റ്യനാണ് സംസ്ഥാനപാത നിർമ്മാണത്തിലൂടെ പെരുവഴിയിലായത്.
റോഡ് നിർമ്മാണത്തിന് മുമ്പ് സജിയുടെ വീട്ടിലേക്ക് വഴിയും കയറുവാനുള്ള പടികളും ഉണ്ടായിരുന്നു. എന്നാൽ റോഡ് നിർമ്മാണത്തോടെ ഇവ രണ്ടും നഷ്ടമായി. വീടിനു മുമ്പിൽ ഉണ്ടായിരുന്ന മുറ്റം അരിഞ്ഞെടുത്തതോടെ 20 അടി ഉയരത്തിലുള്ള തിട്ടയിലായി ഇപ്പോൾ സജിയുടെ വീട്.
മുമ്പ് ഉണ്ടായിരുന്നതുപോലെ റോഡിൽ നിന്ന് പടികൾ കെട്ടികൊടുക്കാം എന്നായിരുന്നു വാഗ്ദാനം. പക്ഷേ അത് നടപ്പിലായില്ല.വീട്ടിലേക്ക് കയറാൻ ഒരു ചെറുവഴി വെട്ടി കൊടുത്തുകൊണ്ട് കരാറുകൾ തടിതപ്പി.
കെ.എസ്.ടി.പി അധികൃതരുടെ മുമ്പിൽ നിരവധി തവണ പരാതിയുമായി ചെന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്ന് സജി പറയുന്നു.
സമീപത്തെ വസ്തുക്കളിലെല്ലാം സംരക്ഷണഭിത്തി കെട്ടി കൊടുത്തെങ്കിലും ഇവിടെ സംരക്ഷണ ഭിത്തി കെട്ടുവാനും അധികൃതർ തയ്യാറായിട്ടില്ല. ഓരോ മഴ കഴിയുമ്പോഴും വീടിനു മുന്നിലെ മൺതിട്ട ഇടിഞ്ഞു കൊണ്ടിരിക്കുന്നു.
കഴിഞ്ഞദിവസത്തെ മഴയിൽ റോഡിൽ പാർക്ക് ചെയ്തിരുന്ന സജിയുടെ വാഹനം പൂർണമായും വെള്ളം കയറി നശിച്ചു. മരത്തിൽ കയറുമായി ബന്ധിച്ചിരുന്നത് കൊണ്ട് വാഹനം ഒഴുകിപ്പോയില്ല എന്ന് മാത്രം.
ആകെ വീട്ടിലേക്ക് ഉണ്ടായിരുന്ന നടപ്പാത കൂടി നശിച്ചതോടുകൂടി ഏണികെട്ടി വീട്ടിലേക്ക് കയറണ്ട ദുരവസ്ഥയിലാണ് സജിയും കുടുംബവും.