കനത്തമഴയും ഉരുൾ പൊട്ടലും, വാഹനങ്ങൾ ഒഴുകിപ്പോയി; ആളപായമില്ല
എരുമേലി കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ ഉൾപ്പടെ വെള്ളം കയറി. ഉച്ചതിരിഞ്ഞ് ഇടിയോടും മിന്നലോടും എത്തുന്ന തുലാമഴയ്ക്കൊപ്പം തമിഴ്നാട് തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴിയും ചേർന്നതാണ് കനത്തമഴയ്ക്ക് കാരണം
തെക്കൻ കേരളത്തിൽ പലയിടങ്ങളിലും കനത്ത മഴയും ഉരുൾപൊട്ടലും. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് കനത്തമഴയും പ്രകൃതിക്ഷോഭവും. പത്തനംതിട്ട മൂക്കംപെട്ടിക്കു സമീപം കണമല ഏയ്ഞ്ചൽ വാലിയിൽ ഉരുൾപൊട്ടി വീടുകളിൽ വെള്ളം കയറി, സ്കൂൾ വാൻ ഉൾപ്പടെ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ പലതും ഒഴുകി പോയി. പുനലൂരിന് സമീപം ഇടപ്പാളയത്ത് മലവെള്ളപ്പാച്ചിലിൽ ജീപ്പ്, കാറ്, ഓട്ടോറിക്ഷ എന്നിവ ഒഴുകിപ്പോയി. തിരുവനന്തപുരത്തും കനത്തമഴ. എങ്ങും ആളപായമില്ല. അപകട സാധ്യത ഉള്ള പ്രദേശങ്ങളിൽ നിന്നും ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
വരും ദിവസങ്ങളിലും കനത്തമഴ ഉണ്ടാകുമെന്നതിനാൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ദിവസം ഉരുൾപൊട്ടൽ ഉണ്ടായ മുണ്ടക്കയം കൂട്ടിക്കൽ ഉൾപ്പടെയുള്ള കോട്ടയത്തിന്റെ കിഴക്കൻ പ്രദേശങ്ങളിലും ശക്തമായ മഴയാണ് പെയ്യുന്നത്. എരുമേലി കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ ഉൾപ്പടെ വെള്ളം കയറി. ഉച്ചതിരിഞ്ഞ് ഇടിയോടും മിന്നലോടും എത്തുന്ന തുലാമഴയ്ക്കൊപ്പം തമിഴ്നാട് തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴിയും ചേർന്നതാണ് കനത്തമഴയ്ക്ക് കാരണമായി വിലയിരുത്തപ്പെടുന്നത്.
രണ്ടു വർഷം മുമ്പ് സംഭവിച്ചതിന് സമാനമായ പ്രളയസാധ്യത ഇല്ലെങ്കിലും തുടരെത്തുടരെയുള്ള ഉരുൾപൊട്ടലുകളും മലവെള്ളപ്പാച്ചിലും ജനങ്ങളെ കടുത്ത ഭീതിയിലാക്കിയിരിക്കുകയാണ്.