NEWS

കൊച്ചി പഴയ കൊച്ചിയല്ല, മികച്ച നഗര ഗതാഗതത്തിനുള്ള പുരസ്‌കാര നിറവിൽ കൊച്ചി നഗരം

എറണാകുളം: കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മികച്ച സുസ്ഥിര നഗര ഗതാഗത സംവിധാനത്തിനുള്ള ‘സിറ്റി വിത്ത് ദി മോസ്റ്റ് സസ്റ്റെയിനബിള്‍ ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം’ അവാര്‍ഡിന് കൊച്ചി അർഹമായി.

നഗര ഗതാഗത മേഖലയിലെ മികവിന് കേന്ദ്ര സര്‍ക്കാരിന്റെ ഭവന-നഗരകാര്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ അവാര്‍ഡാണിത്. കൊച്ചിമെട്രോ, വാട്ടര്‍മെട്രോ, ഇ-മൊബിലിറ്റി തുടങ്ങിയ സംവിധാനങ്ങളിലൂടെ കൊച്ചി നഗരത്തിലെ ഗതാഗത സൗകര്യം വര്‍ദ്ധിപ്പിക്കുവാന്‍ നടപ്പിലാക്കിയ പദ്ധതികള്‍ കണക്കിലെടുത്താണ് പുരസ്‌കാരം.

അന്താരാഷ്ട്ര വിമാനത്താവളം, റെയിൽവേയുടെ സ്റ്റേഷൻ, മെട്രോ റെയിൽ, വൈറ്റില മൊബിലിറ്റി ഹബ് ഉൾപ്പെടെയുള്ള റോഡ് ഗതാഗതം, തുറമുഖം വഴിയുള്ള കപ്പൽ യാത്രകൾ, കായലുകളിൽ കൂടിയുള്ള ബോട്ട് സർവീസ്, വാട്ടർ മെട്രോ തുടങ്ങി ഇന്ത്യയിലാദ്യമായി എല്ലാവിധ യാത്രാ സൗകര്യങ്ങളുമുള്ള ഒരേയൊരു നഗരമാണ് ഇന്ന് കൊച്ചി.
അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് വാട്ടർമെട്രോ.

പൊതുജനങ്ങൾക്ക് സംയോജിത ഗതാഗതത്തിൻ്റെ പുത്തൻ അനുഭവങ്ങളാണ് ഇതുവഴി കൊച്ചി പകർന്നു നൽകുന്നത്.
യന്ത്രേതര യാത്രാ സൗകര്യങ്ങളും കൊച്ചിയിൽ തയാറായി വരുന്നു.
മെട്രോ ഇടനാഴിയുടെ ഇരുവശത്തുമുള്ള 2 കി.മീറ്റർ ദൂരത്തുള്ള പ്രദേശമാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. സുരക്ഷിതവും സുഗമവുമായ യാത്രാ അനുഭവം ഒരുക്കലാണ് ലക്ഷ്യം. മെച്ചപ്പെട്ട കാൽ നടപ്പാതകൾ , സൈക്കിൾ സവാരിക്ക് അനുകൂലമായ ഇടങ്ങൾ ഓട്ടോമാറ്റിക് സൈക്കിൾ പാർക്കിംഗ് ഇതെല്ലാം ഈ കൂട്ടത്തിൽ പെടുന്നു. ഇതുകൂടി പൂർണമായാൽ എല്ലാവിധത്തിലുമുള്ള ഗതാഗത സൗകര്യങ്ങളും ഒരുക്കിയ ഒരേയൊരു നഗരമായി കൊച്ചി വീണ്ടും മാറും.

Back to top button
error: