NEWS

ജാതി വർത്തമാനം തുടർക്കഥയാവുമ്പോൾ…

 

കമ്മ്യൂണിസ്റ്റുകാര്‍ക്ക് ജാതിയുണ്ടോ ? കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിലെ നേര്‍ക്ക് നേര്‍ എന്ന പരിപാടി കാണുമ്പോള്‍ ആദ്യം മനസില്‍ വന്ന
ചിന്ത ഇതാണ്. പൊതുവേ കമ്മ്യൂണിസ്റ്റുകാര്‍ ജാതിയിയിലും മതത്തിലും വിശ്വസിക്കാത്തവര്‍ ആണെന്ന് കരുതുമ്പോഴും എം.ജി സര്‍വ്വകലാശാലയിലെ
എസ്.എഫ്.ഐ -എ.ഐ.എസ്.എഫ് സംഘര്‍ഷവുമായി ബന്ധപ്പെട്ട നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത എ.ഐ.എസ്.എഫ് നേതാവായ പെണ്‍കുട്ടി, തന്നെ
സംഘര്‍ഷത്തിനിടയില്‍ ഒരു എസ്.എഫ്.ഐ നേതാവ് ജാതി പറഞ്ഞ് അധിക്ഷേപിച്ചതായി ആരോപിച്ചത് കണ്ടപ്പോള്‍, ഇവരൊക്കെ ജീവിക്കുന്നത് ഏത്
നൂറ്റാണ്ടിലാണ് എന്ന് ചിന്തിച്ചുപോയി. എന്നാല്‍ പെണ്‍കുട്ടിയുടെ ആരോപണത്തെ ചര്‍ച്ചയില്‍ പങ്കെടുത്ത എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ശരത്
തള്ളിക്കളയുകയാണ് ചെയ്തത്. അപ്പോഴും ഒരു ദൃശ്യം നമ്മളെ ഞെട്ടിക്കുന്നു; പെണ്‍കുട്ടിയെ ചാടിച്ചവിട്ടുന്ന മറ്റൊരു സഖാവിന്റെ പെര്‍ഫോമന്‍സ്.
സി.പി.എമ്മും സി.പി.ഐയും 1980 മുതല്‍ ഒരു മുന്നണിയില്‍ ആണെങ്കിലും സി.പി.എം ഇപ്പോഴും വല്യേട്ടനായി തന്നെയാണ് പെരുമാറുന്നത് എന്നത്
പരമമായ സത്യമാണ്. മര്‍ദ്ദനവും അസഭ്യവും ജാത്യാധിക്ഷേപവും എല്ലാം സഹിച്ച എ.ഐ.എസ്.എഫ്‌ വനിതാ നേതാവ്,
പ്രസ്ഥാനത്തിന് പരാതി നല്‍കിയിട്ടും ഒന്ന് പരസ്യമായി ഇതിനെതിരെ പ്രതികരിക്കാന്‍ സി.പി.ഐ യുടെ ഉന്നതനേതാക്കള്‍ ഏറെ സമയമെടുത്തു. സി.പി.ഐയില്‍ ഇപ്പോള്‍ ഒരു വെളിയം ഭാര്‍ഗവന്‍ ഇല്ലല്ലോ എന്ന് തോന്നിപ്പോയി.

Signature-ad

വി.എസ് സര്‍ക്കാരിന്റെ കാലത്ത്
തിരുവനന്തപുരത്ത് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സി.പി.ഐ പ്രവര്‍ത്തകരെ കന്റോണ്‍മെന്റ് പോലീസ് സ്‌റ്റേഷനില്‍ കൊണ്ട് വന്നപ്പോള്‍ മുണ്ടും
മടക്കിക്കുത്തി എല്ലാവരുടേയും ആശാനായ വെളിയം അവിടെയത്തി അവരെ ഇറക്കിക്കൊണ്ട് പോയത് ഇന്നും
ഓര്‍മ്മയിലുണ്ട്. അദ്ദേഹത്തിന് നഷ്ടപ്പെടാന്‍ ഒന്നും ഇല്ലായിരുന്നു, ഇന്നത്തെ സി.പി.ഐയുടെ നേതാക്കള്‍ക്ക് അങ്ങനെയല്ലല്ലോ.

ജാതി ആക്ഷേപത്തെ കുറിച്ച് പറയുമ്പോള്‍, വര്‍ഷങ്ങള്‍ക്ക് മുമ്പ് സി.പി.എമ്മില്‍ ഗൗരിയമ്മ വിമത ശബ്ദം ഉയര്‍ത്താന്‍ തുടങ്ങിയ കാലത്ത് സംസ്ഥാന
കമ്മിറ്റിയോഗത്തില്‍ കെ.ആര്‍.ഗൗരിയമ്മയെ ഗൗരി ചോവത്തി എന്ന് വിളിച്ചത് സാക്ഷാല്‍ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ മകന്‍ ശ്രീധരന്‍
നമ്പൂതിരിപ്പാടായിരുന്നു. മന്ത്രിയും കോണ്‍ഗ്രസ് നേതാവും ആയിരുന്ന ഡോ.എം.എ.കുട്ടപ്പനെ ഹരിജന്‍ കുട്ടപ്പന്‍ എന്ന് വിളിച്ചത് മറ്റാരുമല്ല,
ഇ.കെ.നായനാര്‍ ആയിരുന്നു. അപ്പോള്‍, ജാതി വര്‍ത്തമാനം വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ അഭിവാജ്യഘടകമായി മാറിയ കാര്യം
സി.പി.ഐ നേതാക്കളാരും അറിഞ്ഞില്ലെന്ന് തന്നെയാണ് കരുതേണ്ടത്.

അക്രമത്തിനിടയില്‍ ഈ വനിതാ നേതാവിന് നേരേ ഒരു എസ്.എഫ്.ഐ നേതാവ് ലൈംഗിക അധിക്ഷേപം നടത്തിയതായും പരാതിയുണ്ട്. എന്നാല്‍
ഇതിനെതിരെ കേരളത്തിലെ ഒരു വനിതാപ്രസ്ഥാനക്കാരും സാംസ്‌ക്കാരിക നായകരും ഇന്ന് വരെ പ്രതികരിച്ചിട്ടില്ല. ചര്‍ച്ചയില്‍ പങ്കെടുത്ത കോളജ്
അധ്യാപകനും രാഷ്ട്രീയ നിരീക്ഷകനുമായ ഫക്രൂദീന്‍ അലിയാണ് വ്യക്തമായി കാര്യങ്ങള്‍ വിലയിരുത്തിയത്. കെ.എസ്.യുക്കാരില്‍ നിന്ന് തല്ല്കൂടിയാണ്
തങ്ങള്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയ രംഗം പിടിച്ചെടുത്തതെന്ന എസ്.എഫ്.ഐ നേതാക്കളുടെ വാദങ്ങളെയും അദ്ദേഹം പൊളിച്ചടുക്കി.
മര്‍ദ്ദനത്തിനും അധിക്ഷേപത്തിനും ഇരയായ പെണ്‍കുട്ടി, തനിക്ക് ബ്ലര്‍ ആയി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടേണ്ടി വന്ന ദുരവസ്ഥയെ കുറിച്ചും
പറയുന്നുണ്ടായിരുന്നു.

അവതാരകനായ പി.ജി.സുരേഷ് കുമാറിന്റെ ചോദ്യങ്ങള്‍ക്ക് മുന്നിൽ പലപ്പോഴും ഒഴിഞ്ഞ് മാറുന്ന രീതിയാണ്
എസ്.എഫ്.ഐ നേതാവ് സ്വീകരിച്ചത്. അക്രമികള്‍ക്കതിരെ നടപടി എടുക്കുമോ എന്ന ചോദ്യത്തിനും നേതൃയോഗം ചേര്‍ന്ന് വേണം അക്കാര്യം
തീരുമാനിക്കാന്‍ എന്നായിരുന്നു മറുപടി.
എന്തായാലും, ഞങ്ങടെ പോലീസ് ഞങ്ങളെ തല്ലിയാല്‍ നിങ്ങള്‍ക്കെന്താ പ്രശ്‌നം എന്ന് ചോദിച്ച് വല്യേട്ടനും കൊച്ചേട്ടനും തമ്മില്‍ കൈകോര്‍ക്കുന്ന
ദിവസം വരെ മാത്രമേ ഈ ചര്‍ച്ചകള്‍ക്ക് പ്രസക്തി ഉണ്ടാകുകയുള്ളൂ എന്നതുറപ്പാണ്. സി.പി.ഐ പണ്ടത്തെ സി.പി.ഐയല്ല എന്നത് തന്നെ കാരണം.

Back to top button
error: