NEWS

അമ്മ അനുപമയെ ആശ്വസിപ്പിക്കുകയും, അവളുടെ അച്ഛനമ്മമാരെ കല്ലെറിയുകയും, പല ഭാര്യമാരുണ്ടായിട്ടും എല്ലാ സ്വാതന്ത്ര്യവും നൽകിയ ഒരു വീട്ടിൽ കയറി എട്ടും പൊട്ടും തിരിയാത്ത പെൺകുട്ടിയെ ഗർഭിണിയാക്കിയ വിടന് വീരാളിപ്പട്ട് ചാർത്തുകയുമാണ് കേരളീയ സമൂഹം. ‘അനുപമ’ സംഭവത്തെ സ്വതന്ത്രവും നിഷ്പക്ഷവുമായി സമീപിക്കുകയാണ് കഥാകൃത്ത് കൂടിയായ അന്ന ബെന്നി

കുറച്ചുദിവസങ്ങളായി പത്രങ്ങളിലും ചാനലുകളിലുമൊക്കെ നിറഞ്ഞുനിൽക്കുന്നത് നഷ്ടപ്പെട്ട കുഞ്ഞിനെ അന്വേഷിക്കുന്ന അമ്മയെക്കുറിച്ചുള്ള വാർത്തകളാണ്.

അതിനെപ്രതി, എല്ലാവരും
ആ അമ്മയേയും, അവളിൽ നിന്ന് കുഞ്ഞിനെ അടർത്തിമാറ്റിയെന്ന് ആരോപിക്കപ്പെടുന്ന വീട്ടുകാരെയും കുറ്റപ്പെടുത്തുന്നതും കേട്ടു.

Signature-ad

‘ഭാര്യയും രണ്ടു മക്കളുമുള്ള ഒരാളെത്തന്നെ വേണമായിരുന്നോ അവൾക്ക്’ എന്ന ചോദ്യമാണ് നമ്മളിൽ ആദ്യം ഉണ്ടാകുന്നത്. പക്ഷേ രണ്ടു മക്കളും ഭാര്യയും ഉണ്ടെന്ന് ആദ്യം ഓർമിക്കേണ്ടത് ആരായിരുന്നു…?

പ്രണയത്തിൽകുരുക്കി ആദ്യം ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുന്നു, അതിൽ രണ്ട് കുഞ്ഞുങ്ങളെ സൃഷ്ടിക്കുന്നു. ആ ബന്ധം നിലനിൽക്കെത്തന്നെ സുഹൃത്തിന്റെ ഭാര്യയെ വളക്കുന്നു, പിന്നെ മൂന്നാമതൊരുവളിലേക്ക് പുതിയബന്ധം വളർത്തുന്നു. അവളുടെ വയറ്റിലും ഒരു കുഞ്ഞിനെ സമ്മാനിക്കുന്നു.
ഇത്രയൊക്കെ ചെയ്തിട്ടും
ഒരു പാവത്തെപ്പോലെ, ഇതിലെനിക്ക് പങ്കില്ലെന്നമട്ടിൽ ‘ഞാനൊന്നുമറിഞ്ഞില്ലെ രാമനാരായണാ’ എന്ന ഭാവത്തിൽ വാർത്തകളിൽ പ്രത്യക്ഷപ്പെടുന്ന അയാളല്ലെ ഈ കഥയിലെ യഥാർത്ഥ വില്ലൻ…?


ഇപ്പോൾ കുഞ്ഞിനെത്തേടുന്ന ആ പെൺകുട്ടി, അവൻ അമ്മയാക്കുമ്പോൾ പ്രായം വെറും പത്തൊൻപത് വയസ്.

എവിടെനിന്നു കിട്ടിയാലും, എത്ര കിട്ടിയാലും ഞാൻ കഴിക്കും, എത്ര പാത്രത്തിൽനിന്ന് ഉണ്ണുന്നുവോ; ആ എണ്ണം കൂട്ടുന്നതാണ് യഥാർത്ഥ പുരുഷലക്ഷണം, എന്ന് കരുതുന്ന വിഡ്ഢികളുടെ ഗണത്തിലെ ഒരാൾ മാത്രമാണ് ഈ കഥയിലെ നായകൻ.

യഥാർത്ഥത്തിൽ ഇത് മൃഗലോകത്തിന്റെ നീതിയാണ്. സവിശേഷ ബുദ്ധിയാൽ അനുഗ്രഹിക്കപ്പെട്ടവൻ എന്ന് അഹങ്കരിക്കുന്ന മനുഷന് ഇക്കാര്യം ഭൂഷണമാണോ…?

ഇനി അവളുടെ കാര്യമെടുത്താൽ പ്രണയിക്കുമ്പോൾ നമ്മൾ പങ്കാളിയുടെ നന്മകൾ മാത്രമേ കാണുകയുള്ളൂ. അതും അങ്ങനെയൊരു പ്രായത്തിൽ പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നു.

കൂടുതൽ ഉത്തരവാദിത്വത്തോടെ അവൻ പെരുമാറേണ്ടിയിരുന്നു. കുറഞ്ഞപക്ഷം ഒരു കുഞ്ഞിനെ സമ്മാനിക്കാതിരിക്കാൻ ശ്രദ്ധിക്കണമായിരുന്നു.
ഈ പറഞ്ഞതിനർത്ഥം അവൾ
തെറ്റുകാരിയല്ലെന്നല്ല. രണ്ട് പെൺകുട്ടികളുള്ള ഒരു മാതാവിനോട് അവൾ ചെയ്തതെറ്റ് ഒരിക്കലും പൊറുക്കപ്പെടാത്ത ഒന്നുതന്നെ. എന്നാൽ അവൾ മാത്രമാണ് തെറ്റുകാരി എന്ന പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടിനോട് യോജിക്കാനാവില്ല

പത്തൊൻപതുകൊല്ലം അവളെ സ്നേഹിച്ചു വളർത്തിയ ആ കുടുംബം തെറ്റുകാരാണോ…? അവളുടെ മുന്നിൽ വലിയൊരു ഭാവിയില്ലെ.
ഏതു തരത്തിൽ ചിന്തിച്ചാലാണ് തങ്ങളുടെ കുടുംബത്തിലെ പെൺകുട്ടിക്ക് അവൻ അനുയോജ്യനായ വരനാക്കുക…?
ആ അച്ഛൻ നിസ്സഹായനല്ലേ, ഇത്തരം സ്വഭാവദൂഷ്യമുള്ള ഒരുവനിൽനിന്നും അവളെ മറച്ചുപിടിക്കാൻ ശ്രമിച്ചതൊരു തെറ്റല്ല, അവൾ പ്രസവിച്ച കുഞ്ഞിനെ അവളുടെ സമ്മതത്തോടെ വളർത്താൻ ഏല്പിച്ചതാണെങ്കിൽ ആ കാര്യത്തിലും തെറ്റ് പറയാൻ സാധിക്കില്ല. എന്നാൽ അവൾ പറയുമ്പോലെ അനുവാദമില്ലാതെയാണ് അകറ്റിയതെങ്കിൽ അതിനെ ന്യായികരിക്കാനുമാവില്ല.

അയാളുടെ മുൻ ഭാര്യമാരാണ് സഹതാപമർഹിക്കുന്ന മറ്റൊരു വിഭാഗം.
മധുരവാക്കുകളിൽ പെട്ടുപോയവർ, തങ്ങളുടെ മനസ്സിനെക്കാൾ ഉപരി ശരീരത്തെ മാത്രമാണ് അവൻ സ്നേഹിച്ചത് എന്ന് ഒടുവിൽ മാത്രം മനസ്സിലാക്കിയവർ. വാക്കുകൊണ്ട് വെറുത്താലും മനസ്സുകൊണ്ട് പിരിയാൻ കഴിയാത്തവർ. ജീവിതം വഴിമുട്ടിപ്പോയവർ

ഇനി ആ കുഞ്ഞിനെ ദത്തെടുത്തവർ, ഒരുകുഞ്ഞു വേണമെന്ന ആഗ്രഹത്തോടെയാണല്ലോ അവരും ആ കുഞ്ഞിലേക്കെത്തിയത്. തങ്ങളുടെ ജീവനേക്കാൾ ആ കുഞ്ഞിനെ അവർ സ്നേഹിക്കുന്നുണ്ടാവില്ലേ…? അവരിൽനിന്നും ആ കുഞ്ഞിനെ അടർത്തിമാറ്റുമ്പോൾ എത്ര പിഞ്ചാണെങ്കിലും ആ മനസ്സും നോവില്ലേ.

നമ്മുടെകൂടെയും ഉണ്ടാകും അവനെപ്പോലെയുള്ള പലരും.
അവർ നമ്മളിലേക്കെത്തുന്നത് കാമുകനായിട്ടായിരിക്കാം, ഭർത്താവായിട്ടായിരിക്കാം, സുഹൃത്തോ സഹോദരനൊ ആയിട്ടായിരിക്കാം. ചെയ്തിയെ ന്യായീകരിക്കുന്നതിനുള്ള കാരണങ്ങൾ അവർക്ക് പലതുമുണ്ടാവാം. എന്നാൽ അതിനെല്ലാം അനുഭവിക്കേണ്ടിവരുന്നത് ഒരുപാട് ജീവിതങ്ങളാണ്. നമ്മളിൽത്തന്നെ പലരുമാണ്. ഇതെല്ലാം തിരിച്ചറിഞ്ഞാൽ തന്നെയും പലപ്പോഴും എങ്ങനെ മറികടക്കണമെന്നറിയാത്ത അവസ്ഥയും വരും.

ഒന്നാലോചിച്ചാൽ നിലവിൽ കാര്യങ്ങൾ ശാന്തമാണ്. ഇതിനുള്ള പോംവഴി രക്‌തചൊരിച്ചിലല്ല. അതിനേക്കാൾ എത്രയോ ആഴത്തിലുള്ള മുറിവാണ് ഇതിൽ ഉൾപ്പെട്ട എല്ലാവരിലും ഉണ്ടായിട്ടുള്ളത്.
ആ പെൺകുട്ടിക്ക്, അവളുടെ കുടുംബത്തിന്, അവന്റെ ഭാര്യമാർക്ക്, അവന്റെ മക്കൾക്ക്, കുഞ്ഞിനെ ദത്തെടുത്ത ദമ്പതികൾക്ക്, മുലപ്പാൽ നിഷേധിക്കപ്പെട്ട ആ പിഞ്ചു കുഞ്ഞിന്… അങ്ങനെ എത്രയോപേർക്ക്..!

നമ്മുടെ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കി ഇങ്ങനെയുള്ളവരെ കണ്ടെത്തി ഒഴിവാക്കുക. അല്ലാത്തപക്ഷം ‘നിങ്ങളിപ്പോൾ പ്രവർത്തിപ്പിച്ചു കൊണ്ടിരിക്കുന്ന ആ യന്ത്രം നിർത്തണം’ എന്ന് ‘റാംജിറാവു’ പറയുമ്പോലെ, ഇങ്ങനെ ഉള്ളവരുടെ യന്ത്രം നാട്ടുകാരുടെ കയ്യാൽ ഛേദിക്കപ്പെടുന്നു വരെ പ്രവർത്തിച്ചു കൊണ്ടിരിക്കുകതന്നെ ചെയ്യും – അന്ന ബെന്നി

Back to top button
error: