ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മക്കെതിരെ കൂടുതൽ തെളിവുകളുമായി പ്രതിപക്ഷ നേതാവ്
ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മക്കെതിരെ കൂടുതൽ തെളിവുകളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇഎംസിസി പ്രതിനിധികളുമായി മന്ത്രി ചർച്ച നടത്തുന്ന ചിത്രങ്ങളാണ് പ്രതിപക്ഷ നേതാവ് പുറത്തുവിട്ടത്.
ഇഎംസിസി പ്രതിനിധികളുമായി ചർച്ച നടത്തിയിട്ടില്ലെന്ന മന്ത്രിയുടെ വാദം പച്ചക്കള്ളമാണ്. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും ചർച്ചയിൽ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. കള്ളി വെളിച്ചത്തായപ്പോൾ മന്ത്രി ഉരുണ്ടു കളിക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു.
കമ്പനി വ്യവസായമന്ത്രിക്ക് നൽകിയ കത്തിൽ ഫിഷറീസ് മന്ത്രിയുമായി ചർച്ച നടത്തിയ കാര്യം പറയുന്നുണ്ട്. ന്യൂയോർക്കിൽ വെച്ച് മന്ത്രിയുമായി നടത്തിയ ചർച്ചയുടെ കാര്യവും കത്തിൽ വ്യക്തമാക്കുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, മേഴ്സിക്കുട്ടിയമ്മയെ ന്യൂയോര്‍ക്കില്‍ വച്ച് കണ്ടിരുന്നതായി അമേരിക്കന്‍ കമ്പനി ഇഎംസിസിയുടെ വൈസ് പ്രസിഡന്റ് ജോസ് പറഞ്ഞു. ആഴക്കടൽ മത്സ്യബന്ധനത്തിനായുള്ള പദ്ധതിയെക്കുറിച്ച് ന്യൂയോര്‍ക്കില്‍ വച്ച് പ്രാഥമികമായി സംസാരിച്ചുവെന്നും ജോസ് വ്യക്തമാക്കി.