NEWSTOP 10

മെട്രോമാന്റെ ബിജെപി പ്രവേശം സ്വാഗതാര്‍ഹമെന്ന് കോണ്‍ഗ്രസ് നേതാവ്‌

മെട്രോ മാന്‍ ശ്രീധരന്‍ കഴിഞ്ഞദിവസമാണ് ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ഈ ശ്രീധരന്റെ ബിജെപി പ്രവേശനത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദേവ്റാ. തികഞ്ഞ പ്രൊഫഷണലും ശ്രേഷ്ഠനായ എന്‍ജിനീയറും ഉദ്യോഗസ്ഥനുമായ ശ്രീധരന്‍ മുഴുവന്‍ രാജ്യത്തിന്റേതുമാണ്. അദ്ദേഹത്തെപ്പോലുള്ള കൂടുതല്‍ ആളുകളെ നമ്മുടെ രാഷ്ട്രീയരംഗം ആവശ്യപ്പെടുന്നുണ്ടെന്നും മിലിന്ദ് ട്വീറ്റ് ചെയ്തു. സജീവ രാഷ്ട്രീയത്തിലേക്കുള്ള ഈ ശ്രീധരന്റെ വരവിനെ സ്വാഗതം ചെയ്യാന്‍ ഒരാള്‍ ബിജെപി അനുഭാവി ആകേണ്ട കാര്യമല്ലെന്നും അദ്ദേഹം കുറിച്ചു.

അതേസമയം, മിലിന്ദിന്റെ ഈ ട്വീറ്റ് കോണ്‍ഗ്രസിനുള്ളില്‍ വീണ്ടും വിവാദങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. സ്വന്തം സംസ്ഥാനത്തും മണ്ഡലത്തിലും മിലിന്ദ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സ്വയം വിലയിരുത്തിയാണ് അദ്ദേഹം ചെയ്യേണ്ടതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. എന്നാല്‍ ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ പറഞ്ഞത് താങ്കള്‍ കോണ്‍ഗ്രസ് വിട്ടതിനുശേഷം ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുക എന്നായിരുന്നു. എന്നാല്‍ താന്‍ ഒരിക്കലും ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിതിനെ പ്രവര്‍ത്തനങ്ങളെ താറടിച്ചു കാട്ടാന്‍ ശ്രമിച്ചിട്ടില്ലെന്നും എഎപി സഖ്യത്തിന് പിന്നാലെ പോകാതെ ഷീലയുടെ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയിരുന്നെങ്കില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ ഉണ്ടാകുമായിരുന്നവെന്നും മിലിന്ദ് പറഞ്ഞു. അതേസമയം നേരത്തെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അഭിനന്ദിച്ചും മിലിന്ദ് രംഗത്തെത്തിയിരുന്നു. ഡല്‍ഹി തെരഞ്ഞെടുപ്പിന് പിന്നാലെ വികസനത്തില്‍ ഊന്നിയുള്ള പ്രചാരണം നടത്തിയ കേജ്രിവാളിനെ അഭിനന്ദിക്കുന്നു എന്നായിരുന്നു ആ ട്വീറ്റ്. പിന്നീട് ആ ട്വീറ്റ് വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കി. ഈ അഭിപ്രായ ഭിന്നതകള്‍ നിലനിന്നതോടെയാണ് മുംബൈ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം മിലിന്ദ് രാജിവെച്ചത്

ഇ.ശ്രീധരന്‍ ബിജെപിയില്‍ ചേരുന്നതായി ഇന്നലെ കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തിനിടെ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനാണ് വെളിപ്പെടുത്തിയത്. പിന്നാലെ, ശ്രീധരന്‍ ഇക്കാര്യം സ്ഥിരീകരിച്ചു. മണ്ഡലം ഏതെന്നു ബിജെപി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പു പ്രചാരണ വേദികളില്‍ സജീവമാകാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍, ചുമതല നല്‍കിയാല്‍ നിര്‍വഹിക്കും. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയില്‍ പങ്കെടുക്കില്ല. ഗവര്‍ണറാകാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ തനിക്കു സല്‍പേരുണ്ട്. അങ്ങനെയൊരാള്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ കൂടുതല്‍ പേര്‍ പാര്‍ട്ടിയിലെത്തുമെന്നും ശ്രീധരന്‍ പറഞ്ഞു. ഇ.ശ്രീധരനെപ്പോലുള്ളവര്‍ ബിജെപിയിലേക്കു വരുന്നതു കേരളത്തിന്റെ പൊതുവികാരമാണ് വ്യക്തമാക്കുന്നതെന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

”എന്റെ ആശയങ്ങളും സ്വപ്നങ്ങളുമായി ചേര്‍ന്ന രാഷ്ട്രീയം ബിജെപിയുടേതാണെന്ന തിരിച്ചറിവാണ് ആ പ്രസ്ഥാനത്തില്‍ ചേരാന്‍ പ്രേരിപ്പിച്ചത്. കേരളത്തില്‍ പലതും ചെയ്യാന്‍ കേന്ദ്രസഹായം അനിവാര്യമാണ്. കേന്ദ്രത്തെ കുറ്റം പറയുകയും കേരളത്തിനു സഹായം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന രാഷ്ട്രീയം നമ്മുടെ നാടിനു ഗുണകരമല്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതുവരെ ചെയ്തത് അതാണ്. അതിനൊരു മാറ്റം വരാന്‍ കേരളത്തില്‍ ബിജെപിയുടെ ജനപ്രതിനിധികള്‍ വരേണ്ടത് ആവശ്യമാണ്. ബിജെപി സംസ്ഥാന നേതാക്കളാണ് എന്നെ പാര്‍ട്ടിയിലേക്കു ക്ഷണിച്ചത്. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ മൂന്നുവട്ടം വന്നു. കേന്ദ്ര നേതാക്കളാരും ബന്ധപ്പെട്ടിട്ടില്ല. പാര്‍ട്ടിയില്‍ ആദ്യം അംഗത്വമെടുക്കട്ടെ. അതിനായി വലിയ പൊതുപരിപാടിയൊന്നും ആവശ്യമില്ലെന്നു പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ടെന്നും ഇ. ശ്രീധരന്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button