സുനിൽ മാഷിനു നേരെ നടക്കുന്ന സംഘപരിവാർ ആക്രമണം അത്രയും സ്വാഭാവികമാണ്. അലങ്കാരങ്ങളിൽ അതിന് അർത്ഥാപത്തി എന്നു പറയും. പറയാനെന്തുള്ളൂ എന്ന മട്ടിലുള്ളവ. എ ആർ രാജരാജവർമ്മ അർത്ഥാപത്തിക്കു നൽകുന്ന ഉദാഹരണം ‘പാമ്പുകടിച്ചാൽ ഒരു സുഖമില്ല’ എന്നാണ്. സംഘപരിവാർ സുനിൽമാഷെ ടാർഗറ്റ് ചെയ്ത് ആക്രമണം തുടങ്ങിയിട്ട് ഒരുപാടു കാലമായി. നാട് കേരളമായതു കൊണ്ട് കൽബുർഗിക്കും പൻസാരെക്കും ധാബോൽക്കർക്കുമൊപ്പം മാഷിൻ്റെ ചിത്രം കാണുന്നില്ല എന്നേയുള്ളൂ.
ധൈഷണികമായി ഏറ്റുമുട്ടാൻ ധിഷണ എന്ന് അക്ഷരത്തെറ്റില്ലാതെ എഴുതാനെങ്കിലും അറിയണം. അതില്ലാത്ത സ്ഥിതിക്ക് അറിയാവുന്ന പരിപാടി വ്യക്തിഹത്യയാണ്. പി എച്ച് ഡി തിസീസ് കോപ്പിയടിച്ചു, നിയമവിരുദ്ധമായി ജോലി നേടി എന്നിങ്ങനെ മാലമാലയായി പ്രവഹിക്കുന്ന ആ വായ്ത്താരികൾ പ്രത്യേകിച്ചൊരു മറുപടിയും അർഹിക്കുന്നില്ല. സുനിൽമാഷിനൊന്നും നൽകാനല്ലെങ്കിൽ പിന്നെന്തിനാണ് കലാലയാദ്ധ്യാപന ജോലി എന്നേ തലക്കു വെളിവുള്ള ആർക്കും തോന്നൂ. മിക്കവാറും അദ്ധ്യാപകരെക്കുറിച്ച് ” ഇന്ന കോളേജിലെ മലയാളം ഡിപ്പാർട്ട്മെൻ്റിലാണ് …… ” എന്നു പറയും. അപൂർവ്വം ചിലരുടെ കാര്യം തിരിച്ചാണ്. ” സുകുമാർ അഴീക്കോടുള്ള മലയാളം ഡിപ്പാർട്ട്മെൻ്റാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടേത്” ” വിജയൻ മാഷ് ഉള്ള ഡിപ്പാർട്ട്മെൻ്റ് ആണ് ബ്രണ്ണൻ്റേത് “‘ എന്നാണ് പറയുക. ഇന്നാ നിലയിൽ ഉള്ള അപൂർവ്വം ശൈലി ” സുനിൽമാഷുള്ള ഡിപ്പാർട്ട്മെൻ്റാണ് കാലടിയിലേത്” എന്നാണ്. അത്തരമൊരദ്ധ്യാപകൻ്റെ യോഗ്യതക്കാണ് സംഘികൾ വിലയിടാൻ നോക്കുന്നത്. വിവരമില്ലായ്മക്ക് അറ്റമില്ലല്ലോ.
കാര്യം അതീവ ലളിതമാണ്. മൂന്ന് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും അറിഞ്ഞാൽ സുനിൽ മാഷിൻ്റെ നിയമന വിവാദത്തിലെ യഥാർത്ഥ്യം അറിയാം.
1) 1998 ൽ കാലടി സർവ്വകലാശാലയിൽ അധ്യാപകനായി നിയമിക്കപ്പെടുന്ന സമയത്ത് അതിനുള്ള അടിസ്ഥാന യോഗ്യത സുനിൽ പി ഇളയിടത്തിനുണ്ടായിരുന്നോ?
A: ഉണ്ടായിരുന്നു. എം എ+ നെറ്റ് or എം എ+ എംഫിൽ എന്നതായിരുന്നു അടിസ്ഥാന യോഗ്യത. സുനിൽ മാഷിന് എം എ + നെറ്റ് + JRF ഉണ്ടായിരുന്നു.
2) അടിസ്ഥാന യോഗ്യതയുള്ളവരിൽ നിന്ന് പിന്നീട് തിരഞ്ഞെടുക്കുന്നത് എങ്ങനെയാണ്?
A: അഭിമുഖം വഴി.
3) അന്നത്തെ ഇൻറർവ്യൂ ബോഡ് അംഗങ്ങൾ ആരെല്ലാമാണ്?
A: പ്രൊഫ. കെ.എം. പ്രഭാകര വാര്യർ (മദ്രാസ് സർവകലാശാല) ,പ്രൊഫ. ഒ. എം. അനുജൻ (ദൽഹി സർവകലാശാല), പ്രൊഫ.ശരത്ചന്ദ്രൻ, പ്രൊഫ. സ്കറിയ സക്കറിയ, പ്രൊഫ.എൻ. പി. ഉണ്ണി, പ്രൊഫ. എൻ.വി.പി. ഉണിത്തിരി.
ഈ മൂന്നുത്തരങ്ങളിൽ കാര്യം മനസ്സിലാക്കാൻ ആർക്കും കഴിയും. സുനിൽ പി ഇളയിടം തുടർന്ന് നിർവ്വഹിച്ച ഇടപെടലുകൾക്ക് അദ്ദേഹത്തിൻ്റെ പേനയും നാവും ഒരുപോലെ ഉത്തരം നൽകും. ” ആധുനികതയുടെ രാഷ്ട്രീയ അബോധം” എന്ന ഫ്രഡറിക് ജെയിംസൻ്റെ പരികൽകൽപ്പനയെ മുൻനിർത്തിയുള്ള പഠനം മുതൽ മഹാഭാരതത്തിൻ്റെ സാംസ്കാരികപഠനം വരെ നീണ്ടു നിൽക്കുന്ന സമൃദ്ധമായ ചിന്താലോകം വായനാശീലമുള്ളവർക്കു മുന്നിൽ തുറന്നിരിക്കുന്നു.
ഇനി, സുനിൽ പി ഇളയിടത്തിൻ്റെ യോഗ്യതയിൽ സംശയമുള്ള മഹാൻമാർ ആരെല്ലാമെന്ന് നോക്കുക.
1) കെ സുരേന്ദ്രാദി സംഘികൾ:
സിമ്പിൾ, കേരളത്തിലെ ഏറ്റവും വലിയ സംഘിപ്രതിബന്ധങ്ങളിലൊന്നാണ് സുനിൽമാഷ്. പൊളിറ്റിക്കിൽ ഹിന്ദുത്വ അവരുടെ സ്വകാര്യസ്വത്ത് എന്നു കരുതുന്ന മഹാഭാരതമടക്കമുള്ള ഇന്ത്യൻ ഇതിഹാസങ്ങളിലെ നിസ്തർക്കവും ആഴമേറിയതുമായ പാണ്ഡിത്യം, കേരളത്തിൻ്റെയും ഇന്ത്യയുടെയും ചരിത്രത്തിൽ വിമർശനാത്മകമായ വിപുലജ്ഞാനം എന്നിവയുടെ പ്രകാശനങ്ങളാണ് മാഷുടെ പ്രഭാഷണങ്ങൾ. തെരുവിലും മാഷ് ജെയിംസണേയും ഹോബ്സ് ബാമിനെയും ലെവിസ്ട്രോസിനേയും പറയും, നാട്ടുകാർ കേട്ടുനിൽക്കും. എം എൻ വിജയൻ്റെ പ്രഭാഷണമാസ്മരികതയും ടി കെ രാമചന്ദ്രൻ്റെ മാർക്സിസ്റ്റ് ചിന്താപദ്ധതിയും സുനിൽ മാഷിൽ ഒരുമിക്കുന്നു. ഭാരതീയ ജ്ഞാനത്തിൻ്റെ അകത്തുനിന്ന് സുനിൽമാഷ് ഉയർത്തുന്ന വെല്ലുവിളിക്ക് സംഘ്പരിവാറിനു മറുപടിയില്ല. പിന്നെ ചെയ്യാനാവുക ഈ വ്യക്തിഹത്യാ ലീലയാണ്.
2) അഡ്വ: ജയശങ്കരാദി സേന:
“യഥാർത്ഥ കമ്യൂണിസ “ത്തിൻ്റെ പേറ്റൻ്റും സംഘികളോട് മൽസരിക്കുന്ന വ്യക്തിഹത്യാ സംഘവും നടത്തുന്ന നിഷ്പക്ഷതാനാട്യത്തിൻ്റെ അപ്പോസ്തലനാണ് അഡ്വ.ജയശങ്കർ. വദനവിസർജ്ജനത്തിന് മറുപടി പറയാൻ പ്രത്യേകിച്ചൊന്നുമില്ല. പക്ഷേ ഇവരുടെ പര പുച്ഛത്തിൽ സംശയാലുക്കളായിത്തീരുന്ന ഒരുപാടു നിഷ്കളങ്കരുണ്ട്. അവർ തിരിച്ചറിയേണ്ടത് അന്തിച്ചാനൽ ചർച്ചയിലെ വാചകമേള സൃഷ്ടിച്ചതല്ല സുനിൽ പി ഇളയിടത്തെ എന്നതാണ്. തെരുവിലും ക്ലാസ് റൂമിലും അക്കാദമിക സദസ്സുകളിലും ഒരുപോലെ തെളിഞ്ഞതാണ് ആ ചിന്താലോകം. അതിനെ വെല്ലുവിളിക്കാൻ അന്തിച്ചർച്ചാപരിഹാസത്തിന് കെൽപ്പില്ല.
സംഘികൾ മനസ്സിലാക്കാൻ ശ്രമിച്ചാലും ബുദ്ധിമുട്ടുള്ള കാര്യം ഇങ്ങനെ ചിലർ എന്തുകൊണ്ട് അസ്വസ്ഥജനകമായ കാര്യങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുന്നു എന്നതാണ്. അക്കാദമികതയുടെ സ്വസ്ഥ സ്ഥലങ്ങളിൽ അയത്നലബ്ധമായ ഇറച്ചി തിന്നുറങ്ങുന്ന അനേകം ജ്ഞാനസിംഹങ്ങളെപ്പോലെ ജീവിക്കാൻ സുനിൽ മാഷിനൊക്കെ എളുപ്പമായിരുന്നു. നാരായണഗുരുവിൻ്റെ ഹൈന്ദവസന്യാസി വിവാദത്തിലും ശബരിമല കലാപത്തിലും പൗരത്വപ്രശ്നത്തിലുമെല്ലാം തെരുവുകളിൽ കണ്ഠക്ഷോഭം നടത്താതെയും മാഷിനു ജീവിക്കാമായിരുന്നു. ഇതിനിടയിൽ വ്യക്തിഗത നേട്ടങ്ങളുടെ പൊൻതൂവലുകൾ നേടാൻ മികച്ച പേപ്പറുകൾ എഴുതാമായിരുന്നു. അതല്ല തൻ്റെ ഇന്നത്തെ കർത്തവ്യം എന്ന തിരിച്ചറിവോടെ സമൂഹത്തിലേക്ക് ഇറങ്ങി നടക്കുന്നത് ജ്ഞാനത്തെ ചരിത്രവൽക്കരിച്ചു കാണുകയും അറിവിലും ഉയരത്തിൽ മാനവികതയുടെ അലിവിനെ പ്രതിഷ്ഠിക്കുകയും ചെയ്യുന്നതു കൊണ്ടാണ്. അതു തിരിച്ചറിയാനും ആദരിക്കാനും നിങ്ങൾക്ക് കഴിയില്ല. സവർക്കറിൽ നിന്ന് സുദർശൻ റാവുവിലേക്കും പരമേശ്വർജിയിൽ നിന്ന് ടി ജി മോഹൻദാസിലേക്കും മാത്രം സഞ്ചരിക്കുന്ന ഇത്തിരിബുദ്ധി കൊണ്ട് ആവശ്യമുള്ളപ്പോൾ മുണ്ടുമടക്കിക്കുത്തി മുദ്രാവാക്യം വിളിക്കാൻ തയ്യാറുള്ള ഒരു മനുഷ്യനെ അളന്നെടുക്കാനുമാവില്ല.
(ശ്രീചിത്രൻ എം ജെയുടെ ഫേസ്ബുക് പോസ്റ്റ് )