Lead NewsLIFETRENDING

ജീത്തു ജോസഫ് മലയാളത്തിന്റെ ഹിച്കോക്ക് ആകുന്നു, ദൃശ്യം 2 അപാരം-ദൃശ്യം 2 റിവ്യൂ

2013 ലാണ് ജീത്തു ജോസഫിന്റെ കരിയർ മാറ്റിമറിച്ച ദൃശ്യം റിലീസ് ചെയ്തത്. മലയാള സിനിമ ഇന്നോളം കണ്ടിട്ടില്ലാത്ത ക്രൈം ത്രില്ലറിന്റെ കഥാകദന രീതി ആ സിനിമയ്ക്ക് നിരൂപക പ്രശംസ നേടിക്കൊടുത്തു എന്ന് മാത്രമല്ല ടിക്കറ്റ് വില്പനയിലൂടെ 50 കോടി മറികടന്ന ആദ്യ മലയാള സിനിമയാകുകയും ചെയ്തു ദൃശ്യം. ഈ കോവിഡ് കാലത്ത് ഒ ടി ടി ആയി ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത ദൃശ്യം 2 ഒന്നാം ഭാഗത്തിനൊപ്പമോ മുകളിലോ നിൽക്കുന്നു എന്നത് ജീത്തു ജോസഫ് എന്ന സംവിധായകന്റെ പ്രതിഭ തെളിയിക്കുന്നു.

Signature-ad

ഒരു രാത്രി ഭയചകിതനായ ഒരാൾ ഓടുന്നതും അവിചാരിതമായി മോഹൻലാൽ ജീവൻ നൽകിയ കഥാപാത്രം ജോർജ് കുട്ടി ഒരു മൃതശരീരം മറവ് ചെയ്യുന്നതിന് ദൃക്‌സാക്ഷി ആകേണ്ടി വരികയും ചെയ്യുന്നതോടെയാണ് സിനിമ തുടങ്ങുന്നത്. വരുണിന്റെ കൊലപാതകം നടക്കുന്ന രാത്രിയ്ക്ക് ശേഷം ജോർജ് കുട്ടിയുടെ കുടുംബം സാമ്പത്തികമായി രക്ഷപ്പെട്ടെങ്കിലും ആ കാളരാത്രിയുടെ ഓർമ്മകൾ അവരെ ഇപ്പോഴും വേട്ടയാടുന്നു.

ദൃശ്യം ഒന്നാം ഭാഗം പോലെ പതിഞ്ഞ താളത്തിൽ അല്ല രണ്ടാം ഭാഗം തുടങ്ങുന്നത്. തുടക്കം മുതൽ തന്നെ രണ്ടാം ഭാഗം പ്രേക്ഷകനെ മുൾമുനയിൽ നിർത്തുന്നു.നാടും നാട്ടാരും ആ രക്തരൂക്ഷിത രാത്രിയെ മറികടക്കാൻ ജോർജ് കുട്ടിയേയും കുടുംബത്തെയും അനുവദിക്കുന്നില്ല. മീന അവതരിപ്പിക്കുന്ന റാണിയ്ക്ക് സങ്കടങ്ങൾ പങ്കുവെയ്ക്കാൻ സരിതയെ അയൽവാസിയായി കിട്ടുന്നു. സരിതയുടെ ഭർത്താവ് സാബു ആകട്ടെ മുഴു കുടിയനും ഭാര്യയെ തല്ലുന്നവനുമാണ്.

ജോർജ് കുട്ടിയുടെ മൂത്ത മകൾ അഞ്ജുവിന് അന്നത്തെ സംഭവത്തിൽ നിന്ന് ഇനിയും മോചിത ആകാൻ ആയിട്ടില്ല. മാത്രമല്ല ദുസ്വപ്നങ്ങളും അപസ്മാരവും എല്ലാം വേട്ടയാടുന്നുമുണ്ട്.അനുവാകട്ടെ മുതിർന്ന് ആളാകെ മാറി.

പോലീസ് അന്വേഷണം നിർത്തിയിട്ടില്ല. ഒന്നാം ഭാഗത്ത് നിർത്തിയതിൽ നിന്ന് തുടങ്ങിയിരിക്കുകയാണ്.കുറച്ച് പുതിയ കഥാപാത്രങ്ങളെ കൂടി സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്.മുരളി ഗോപിയുടെ തോമസ് ബാസ്റ്റിൻ ഐപിഎസിന് സുഹൃത്ത് ആശാ ശരത്തിന്റെ ഗീതാ പ്രഭാകറിന് ആശ്വാസമുണ്ടാക്കാൻ ജോർജ് കുട്ടിയെ കൊലക്കേസിൽ അറസ്റ്റ് ചെയ്തേ മതിയാകുമായിരുന്നുള്ളൂ. വരുണിന്റെ മൃതദേഹം ജോർജ് കുട്ടി കുഴിച്ചിടുന്നതിന് ഒരു ദൃക്‌സാക്ഷിയെ കൂടി കിട്ടിയതോടെ പോലീസ് കുരുക്ക് മുറുക്കി. ജോർജ് കുട്ടി ഇത്തവണ കുടുങ്ങുമോ?

മോഹൻലാൽ ഒരു രക്ഷയുമില്ല. മുരളി ഗോപിയും ആശാ ശരത്തും സായികുമാറും കട്ടയ്ക്ക് പിടിച്ചു. മീന ഒന്നാം ഭാഗത്തിലേത് തന്നെ. എന്നാൽ സിനിമയുടെ യഥാർത്ഥ ഹീറോ ഇവരൊന്നുമല്ല. മലയാള കുറ്റാന്വേഷണ സിനിമകളുടെ വഴിതിരിച്ചു വിട്ട സംവിധായകനും തിരക്കഥാകൃത്തുമായ ജീത്തു ജോസഫ് തന്നെയാണ് യഥാർത്ഥ നായകൻ.

ദൃശ്യം നിരവധി ഭാഷകളിൽ റീമേക്ക് ചെയ്ത ചിത്രമാണ്. ദൃശ്യം 2 ന്റെ സ്ഥിതിയും വ്യത്യസ്തമാകില്ല. ഒന്നിനെ വെല്ലാൻ കെൽപ്പുള്ള രണ്ടാം ഭാഗം അതാണ് ദൃശ്യം 2.

Back to top button
error: