NEWS

സംസ്ഥാനത്ത്‌ കലാപം സൃഷ്ടിക്കാനാണ്‌ യു.ഡി.എഫ് ശ്രമം – സിപിഐ എം

സെക്രട്ടേറിയറ്റിന്‌ മുന്നില്‍ പി.എസ്‌.സി. റാങ്ക്‌ ഹോള്‍ഡേഴ്‌സ്‌ നടത്തുന്ന സമരത്തെ ഉപയോഗപ്പെടുത്തി സംസ്ഥാനത്ത്‌ കലാപം സൃഷ്ടിക്കാനാണ്‌ യു.ഡി.എഫിന്റെ ശ്രമമെന്ന്‌ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍ പ്രസ്താവനയില്‍ പറഞ്ഞു.

തികച്ചും രാഷ്ട്രീയപ്രേരിതമായി യു.ഡി.എഫ്‌ നടത്തുന്ന കലാപശ്രമങ്ങളെ ജനങ്ങള്‍ക്ക്‌ മുമ്പില്‍ തുറന്നുകാണിക്കണം.
കഴിഞ്ഞ പി.എസ്‌.സി റാങ്ക്‌ ലിസ്റ്റ്‌ പുനഃസ്ഥാപിച്ച്‌ നിയമനം നടത്തണമെന്നാണ്‌ ഉദ്യോഗാര്‍ത്ഥികളില്‍ ഒരുവിഭാഗം ആവശ്യപ്പെടുന്നത്‌. നിയമപരമായി നിലനില്‍ക്കാത്ത ആവശ്യം ഉന്നയിച്ചാണ്‌ സമരം നടത്തുന്നതെന്ന്‌ വ്യക്തമാണ്‌. മുഖ്യമന്ത്രിയും സര്‍ക്കാരും ഇത്‌ സംബന്ധിച്ച്‌ കാര്യങ്ങള്‍ വ്യക്തമാക്കിയതിനെത്തുടര്‍ന്ന്‌ ഉദ്യോഗാര്‍ത്ഥികളില്‍ ഭൂരിഭാഗവും ഇതില്‍നിന്നും പിന്‍വാങ്ങുകയുണ്ടായി.

എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ പതിനായിരക്കണക്കിന്‌ പുതിയ തസ്തികകളാണ്‌ സൃഷ്ടിച്ചത്‌. 1.57 ലക്ഷം പേര്‍ക്ക്‌ പി.എസ്‌.സി വഴി നിയമം നല്‍കി. അഭ്യസ്തവിദ്യരായ യുവതീ-യുവാക്കളെ ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള സമീപനമാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ സ്വീകരിച്ചത്‌. സമൂഹത്തിലാകെ തെറ്റിദ്ധാരണ പരത്താനും എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങളിലെത്താതിരിക്കാനുമാണ്‌ യു.ഡി.എഫ്‌ പരിശ്രമിക്കുന്നത്‌. യു.ഡി.എഫിന്റെ കലാപനീക്കങ്ങളെ തുറന്നുകാണിക്കുന്നതിനായി മുഴുവന്‍ എല്‍.ഡി.എഫ്‌ പ്രവര്‍ത്തകരും മുന്നോട്ടുവരണമെന്ന്‌ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ. വിജയരാഘവന്‍ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

Back to top button
error: