കോവിഡ് പശ്ചാത്തലത്തിൽ യാത്ര നിർദ്ദേശം പുതുക്കി ഇന്ത്യ
കൊറോണ വൈറസിന്റെ പുതിയ വകഭേദത്തിന്റെ സാന്നിധ്യം ഇന്ത്യയിൽ തിരിച്ചറിഞ്ഞതോടെ പുതിയ യാത്രാ നിർദ്ദേശം പുറത്തിറക്കി. ബ്രസീലിയൻ, ദക്ഷിണാഫ്രിക്കന്‍ വകഭേദങ്ങളാണ് ഇന്ത്യയിൽ തിരിച്ചറിഞ്ഞത്. അതി വേഗം പടരുന്ന വൈറസിന്റെ വകഭേദം ആയതിനാൽ ജാഗ്രതയും നിർദ്ദേശവും കർശനമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
യുകെ, യൂറോപ്പ്, മധ്യപൂർവേഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ഒഴികെയുള്ള രാജ്യാന്തര യാത്രക്കാർക്കാണ് പുതിയ മാർഗനിർദേശം ബാധകമാകുക. യാത്ര ആരംഭിക്കുന്നതിന് 72 മണിക്കൂർ മുൻപ് യാത്രികർ ആർ ടി പി സി ആർ പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് ഉറപ്പുവരുത്തണം. നേരിട്ട് വിമാനസർവ്വീസ് ഇല്ലാത്ത ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരും ഇതേ നിർദേശം പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ദക്ഷിണാഫ്രിക്കൻ വകഭേദം ഇന്ത്യയിൽ നാല് പേരിലും, ബ്രസീൽ വകഭേദം ഒരാളിലുമാണ് കണ്ടെത്തിയത്.